എം.ഡി.ബാബുരഞ്ജിത്ത്
കരുനാഗപ്പള്ളി: ഇന്നലെ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് നാലുദിവസങ്ങള്‍ ബാക്കിനില്‍ക്കെ ശുഭപ്രതീക്ഷയിലാണ് ഭാരതീയ ജനതാപാര്‍ട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കരുനാഗപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ഇക്കുറി കരുനാഗപ്പള്ളിയിലെ എല്ലാ പഞ്ചായത്തുകളിലും ബിജെപി പ്രതിനിധികള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ രണ്ടാഴ്ചക്കാലമായുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും ബിജെപിക്ക് ലഭിച്ച സ്വീകാര്യത ഇരുമുന്നണികളിലും ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. മാറിമാറിഭരിച്ച ഇരുമുന്നണികളുടെയും വികലമായ വികസനകാഴ്ചപ്പാടുകളില് നിന്നും വ്യത്യസ്തമായി ഓരോഗ്രാമങ്ങളേയും സ്വയംപര്യാപ്തമാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നയപരിപാടികള്‍ വിശദീകരിച്ചും സംസ്ഥാനത്തും പഞ്ചായത്തുകളിലും നടത്തിയ അഴിമതിയും സ്വജനപക്ഷപാതവും പ്രീണനനയങ്ങളും എല്ലാം അക്കമിട്ടു നിരത്തിയും ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് ബിജെപി പ്രചരണം നടത്തിയത്. കൂടാതെ എസ്എന്‍ഡിപി, കെപിഎംഎസ് പോലുള്ള പ്രബല സമുദായ സംഘടനകളില്‍ നിന്നുള്ള പിന്തുണയും ബിജെപിയെ ഇരുമുന്നണികളില്‍ നിന്നും ബഹുദൂരം മുന്നിലാക്കിയെന്നും വിലയിരുത്തപ്പെടുന്നു.
തീരദേശമേഖലയില്‍ ബിജെപി അനുകൂല തരംഗംതന്നെയാണ് ദൃശ്യമായത്. തഴവ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രത്യേകിച്ച് പാവുമ്പ മേഖലയില്‍ വന്‍മുന്നേറ്റം ബിജെപിക്ക് കാഴ്ചവയ്ക്കാന്‍ സാധിച്ചു. തൊടിയൂര്‍, ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ എന്നീ പഞ്ചായത്തുകളിലും കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റിയിലും പല വാര്‍ഡുകളിലും ബിജെപിയുമായി നേരിട്ടുള്ള മത്സരമാണ് നടന്നത്. ബിജെപിയുടെ മുന്നേറ്റം ഇടതു വലതു മുന്നണികളില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിക്കാനും ബീഫ് സമരവും സാമുദായിക ആചാര്യന്മാര്ക്കെതിരെ നടത്തിയ പ്രചരണങ്ങളുമെല്ലാം ഇടതുമുന്നണിക്ക് തിരിച്ചടിയായി. കൂടാതെ വിമതശല്യവും പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളും സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അപാകതകളുമെല്ലാം പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ക്യാമ്പിലും കാര്യങ്ങള്‍ ശുഭകരമല്ല.
അധികാരതര്‍ക്കങ്ങളും റിബലുകളുടെ ശല്യവും ഗ്രൂപ്പുപോരുമെല്ലാം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളേയും ബാധിച്ചിട്ടുണ്ട്. അഴിമതിഭരണത്തില്‍ മുങ്ങിത്താഴ്ന്ന കേരളഭരണത്തില്‍ മന്ത്രി മാണിക്കെതിരെയുള്ള കോടതി വിധിയും അവസാനഘട്ട പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫിനെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: