കാസര്‍കോട്്: ജില്ലയില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ സിപിഎമ്മിന്റെ ആസൂത്രിത കടന്നാക്രമണം. തെരഞ്ഞെടുപ്പില്‍ ബിജെപി ജില്ലയില്‍ കൈവരിക്കാന്‍ പോകുന്ന വ്യക്തമായ കണക്ക് ശേഖരിച്ച സിപിഎം നേതൃത്വം വ്യാപകമായ അക്രമത്തിന് നേതൃത്വം നല്‍കുകയായിരുന്നു. വളരെ സമാധാനപരമായി നടന്നുവന്ന പല തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലും സിപിഎം മനപൂര്‍വം അക്രമം അഴിച്ചു വിടുകയായിരുന്നു. പോലീസ് പലസ്ഥലത്തും എന്തുചെയ്യണമെന്നറിയാതെ നിഷ്ക്രിയമായി നോക്കി നില്‍ക്കുകയായിരുന്നു. ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്ത സ്ഥലങ്ങളിലെല്ലാം ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇത് സിപിഎം നേതൃത്വത്തിനെ അസ്വസ്ഥമാക്കിയിരുന്നു. ബിജെപിയുടെ വന്‍ പ്രചരണ മുന്നേറ്റം സിപിഎമ്മിനെ വിറളി പിടിപ്പിക്കുകയായിരുന്നു. സിപിഎം കേന്ദ്രങ്ങളിലെ ബൂത്തുകളിരിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തുമ്പോള്‍ ബിജെപി കേന്ദ്രങ്ങളിലുള്ള സിപിഎം പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ആസൂത്രിതമായി കൃത്യസമയത്താണ് വിവിധ ബൂത്തുകളില്‍ അക്രമം നടത്തിയത്. ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് വോട്ടിങ് കഴിഞ്ഞ് സിപിഎം ബൂത്ത് ഏജന്റുമാര്‍ ഇറങ്ങിയെന്ന് ഉറപ്പ് വരുത്തിയശേഷമാണ് അവരുടെ കേന്ദ്രങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തിയത്. വൈകുന്നേരം 5 മുതല്‍ 5.30 വരെയുള്ള സമയമാണ് അക്രമം നടന്നത് എന്നുള്ളത് ആസൂത്രിത അക്രമത്തിന്റെ തെളിവാണ്. കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകരെ തടഞ്ഞ ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞ് പിടിച്ച് അക്രമിക്കുകയായിരുന്നു.
മടിക്കൈ: മടിക്കൈ പഞ്ചായത്തിലെ കാഞ്ഞിരപ്പൊയില്‍ വോട്ട് ചെയ്യാനെത്തിയ ബിജെപി പ്രവര്‍ത്തകരെ സിപിഎം സംഘം അക്രമിച്ച് സ്ഥാനാര്‍ത്ഥിയെ പോളിങ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചു. പോലീസെത്തിയാണ് സ്ഥാനാര്‍ത്ഥിയെ മോചിപ്പിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗോപി കാരാക്കോട്( 52), ശശികുമാര്‍ ചുണ്ട (35), ബാലന് പൊതാറ (60) കേളു മുണ്ടോട്ട് (55), കുഞ്ഞിക്കേളു ചുണ്ട (65), പ്രദീപന് ചുണ്ട(42) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചാം വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായ കാഞ്ഞിരപ്പൊയില്‍ സ്കൂളില്‍ വൈകുന്നേരം അഞ്ചരയോടുകൂടിയാണ് അക്രമം നടന്നത്. വളരെ ആസൂത്രിതമായിട്ടുള്ള അക്രമമാണ് സിപിഎം നടത്തിയതെന്ന് ബിജെപി പറഞ്ഞു. മടിക്കൈ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.രാജന്, രവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. പൂത്തക്കാലില്‍ ബിജെപി ബൂത്ത് ഏജന്റിന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. ഏച്ചിക്കാനം കുണ്ടറിയില്‍ ബിജെപി പ്രവര്‍ത്തകനെ റോഡിലൂടെ വലിച്ചുകൊണ്ടുപോയി. താന്നിക്കാലിലെ ബിജു (36) നെയാണ് പ്രകോപനമില്ലാതെ സിപിഎം പ്രവര്‍ത്തകര്‍ റോഡിലുടെ വലിച്ചിഴച്ച് മാരകമായി മുറിവേല്‍പ്പിച്ചത്. തലയ്ക്ക് മാരകമായി മുറവേറ്റ് ജില്ലാ ആശിപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി കേന്ദ്രങ്ങളില്‍ സമാധാനപരമായ തെരഞ്ഞെടുപ്പിന് പ്രവര്‍ത്തകര്‍ വേദിയൊരുക്കിയപ്പോള്‍ സിപിഎം കേന്ദ്രങ്ങളില്‍ വ്യാപകമായ അക്രമത്തിന് കോപ്പുകൂട്ടുകയായിരുന്നു. അക്രമത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ഇ.കൃഷ്ണന് പറഞ്ഞു.
വെള്ളിക്കോത്ത്: വെള്ളിക്കോത്ത് ബൂത്ത് ഏജന്റിനെ കൊണ്ടുപോകാനെത്തിയ ബിജെപി പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചു. വെള്ളിക്കോത്ത് എഴാം വാര്‍ഡ് ബൂത്തിലിരുന്ന ബിജെപി പ്രവര്‍ത്തകരെ കൊണ്ടുപോകാനെത്തിയ മാവുങ്കാല്‍ പുതിയകണ്ടത്തെ രാജി (32), ഹരിഹരന്(30) എന്നിവരെയാണ് അക്രമിച്ചത്. ബിജെപി പ്രവര്‍ത്തകരായ രാജിയും ഹരിഹരനും വെള്ളിക്കോത്ത് ബൂത്തിലെത്തിയപ്പോള്‍ അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലകൃഷ്ണനെ സിപിഎം പ്രവര്‍ത്തര്‍ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ നിന്ന് രക്ഷനേടാനായി ഓടി ബിജെപി പ്രവര്‍ത്തകരുടെ വാഹനത്തില്‍ കയറിയെതിനെ തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകരെ അക്രമിച്ചത്. പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നീലേശ്വരം: നീലേശ്വരം നഗരസഭയിലെ 18 ാം വാര്‍ഡില്‍ സിപിഎം സംഘം മനപൂര്‍വ്വം അക്രമം അഴിച്ചുവിട്ടു. ഓട്ടോ ആക്രമിച്ച സംഘം സജിത് ഗോവിന്ദ് (27), ശ്രീജിത് ഗോവിന്ദ് (29) എന്നിവരെ മര്‍ദ്ദിച്ചു. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോട്ടോര്‍ സൈക്കിളിലെത്തിയ സിപിഎം ക്രിമിനല്‍ സംഘം ഓട്ടോ തടഞ്ഞു നിര്‍ത്തി പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു. കെഎല്‍60ഇ 2573 എന്ന ഓട്ടോറിക്ഷയാണ് അക്രമികള്‍ തകര്‍ത്തത്. 13 ാം വാര്‍ഡില്‍ മത്സരിക്കുന്ന ടി.ടി.സാഗറിനെ സ്വന്തം ബൂത്തായ 12 ാം വാര്‍ഡില്‍ ഇരിക്കാന്‍ അനുവദിക്കില്ലെന്ന ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പ് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ നീക്കി. ബിജെപി സ്ഥാനാര്‍ത്ഥികളുള്ള മുഴുവന്‍ ബൂത്തുകളിലും ഏജന്റുമാരെ ഇരുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളായ ചാത്തമത്ത്, പള്ളിക്കര, കരുവാച്ചേരി എന്നിവിടങ്ങളില്‍ ക്യാമറയും കനത്ത പോലീസ് സംവിധാനങ്ങളും ഒരുക്കിയിരുന്നു.
ബേഡകം: സിപിഎം പഞ്ചായത്തായ ബേഡകത്ത് 11 ാം വാര്‍ഡിലെ വാവടുക്കം സ്കൂളിലെ ബൂത്തില്‍ രണ്ട് പോളിങ് കേന്ദ്രങ്ങളിലും വ്യാപകമായ. കള്ളവോട്ട് നടന്നു. കള്ളവോട്ടിനെ ചോദ്യം ചെയ്ത യുവമോര്‍ച്ച പ്രവര്ത്തകന് ചേരിപ്പാടിയിലെ സുനീഷ് (23) നെ 5 മണിയോടുകൂടി സംഘടിച്ചെത്തിയ മുന്നൂറോളം വരുന്ന സിപിഎം സംഘം അക്രമിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റ സുനീഷിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരെഞ്ഞെടുപ്പ് കഴിഞ്ഞ് സനീഷ് കുമാര്‍ ബൂത്തില്‍ നിന്നും പുറത്തിയപ്പോള്‍ മുന്‍ വാര്‍ഡ് മെമ്പര്‍ മഞ്ഞളംബര ബാലന്, ഇസ്മയില്‍, ഷാഫി, വിജേഷ്, മനീഷ്, ദിജേഷ്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞിട്ടു മര്‍ദ്ദിക്കുകയായിരുന്നു.
കുണ്ടംകുഴി: കുണ്ടംകുഴി അഞ്ചാം വാര്‍ഡിലെ ബൂത്തില്‍ കള്ളവോട്ട് ചോദ്യം ചെയ്ത ബിജെപി സ്ഥാനാര്‍ത്ഥി രാജേഷ് കുമാറിന്റെ സഹോദരനും തെരഞ്ഞെടുപ്പ് കമ്മറ്റി അംഗവുമായ ചൊട്ടയിലെ യതിന് (28) നെ സിപിഎം സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചു. യതിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേല്‍പ്പറമ്പ്, ദേലം പാടി, മഠത്തില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബിജെപി പ്രവര്‍ത്തകരായ പോളിംഗ് ഏജന്റുമാരെ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ഇരിക്കുവാന് സിപിഎം കോണ്‍ഗ്രസ്സ് ലീഗ് പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. പല സ്ഥലങ്ങളിലും ഇരിക്കാനെത്തിയ ബിജെപി ബൂത്ത് ഏജന്റ്മാരെ അടിച്ചോടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഇളംബച്ചിയില്‍ ബിജെപി ബൂത്തിന് നേരെ സിപിഎം അക്രമം സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സൗത്ത് തൃക്കരിപ്പൂര്‍ ഗവ:ഹൈസ്കൂളിന് സമീപം ബിജെപി സ്ഥാപിച്ച ബൂത്ത് നേരെയാണ് ആക്രമണം നടന്നത് ബൈക്കിലെത്തിയ അക്രമി സംഘം സ്ത്രീകള്‍ ഇരിക്കുന്ന ഭാഗത്തേക്ക് ബൈക്ക് ഓടിച്ച് കയറ്റുകയും. തുടര്‍ന്ന് മേശയും കസേരയടക്കം അടിച്ച് തകര്‍ത്ത സിപിഎം ഗുണ്ടാ സംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ബിജെപി ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയും ജില്ലാ സെക്രട്ടറിയുമായ കെ.ശോഭന, മണ്ഡലം ജനറല്‍ സെക്രട്ടറി ചന്ദ്രന് മടക്കര, മണ്ഡലം വൈസ് പ്രസിഡണ്ട് എം.ഭാസ്കരന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സ്ത്രീകളെ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വികരിക്കണമെന്ന് കെ.ശോഭന ബന്ധപ്പെട്ട അധികാരികളോടാവശ്യപ്പെട്ടു.
ലീഗ്, സിപിഎം, കോണ്‍ഗ്രസ്സ് ശക്തി കേന്ദ്രങ്ങളെന്നറിയപ്പെടുന്ന പ്രദേശങ്ങളിലെ ബൂത്തുകളില്‍ വോട്ടിംഗ് ശതമാനം കഴിഞ്ഞ തവണത്തേക്കാളും കുറവ് രേഖപ്പെടുത്തുകയും ബിജെപി കേന്ദ്രങ്ങളില്‍ വന്‍ വര്‍ദ്ധനയുണ്ടാവുകയും ചെയ്തത് ഇടത് വലത് മുന്നണികളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ബിജെപി കേന്ദ്രങ്ങളില്‍ സമാധാനപരമായ തെരഞ്ഞെടുപ്പിന് പ്രവര്‍ത്തകര്‍ വേദിയൊരുക്കിയപ്പോള്‍ സിപിഎം കേന്ദ്രങ്ങളില്‍ വ്യാപകമായ അക്രമത്തിന് കോപ്പുകൂട്ടി പരാജയ ഭീതികാരണം സിപിഎം ജില്ലയില്‍ വ്യാപക അക്രമണം അഴിച്ച് വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: