കൊച്ചി: നഗരസഭയിലെ വിവിധ വകുപ്പു മേധാവികളുടെ സാന്നിധ്യത്തില്‍ ഭരണസമിതിയുടെ പ്രഥമ യോഗം മേയറുടെ ചുമതലയുള്ള ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യത്തിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്നു. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് നിയമപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വകുപ്പു മേധാവികളോട് ജില്ല കളക്ടര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കോര്‍പ്പറേഷനില്‍ സ്ഥാപിച്ച പ്രവര്‍ത്തനക്ഷമമല്ലാത്ത പഞ്ചിംഗ് മെഷീന് പ്രവര്‍ത്തനക്ഷമമാക്കി ഉദ്യോഗസ്ഥരുടെ അറ്റന്റന്‍സ് പഞ്ചിംഗ് മെഷീനില്‍ രേഖപ്പെടുത്താന്‍ തീരുമാനിച്ചു. ഉദ്യോഗസ്ഥരുടെ ഫിംഗര്‍ പ്രിന്റ് ഉള്‍പ്പടെയുളള ഡാറ്റ ബേസ് അപ്ഡേറ്റ് ചെയ്ത് നവംബര്‍ ഒമ്പതു മുതല്‍ പഞ്ചിംഗ് കാര്യക്ഷമമാക്കാന്‍ നിര്‍ദേശിച്ചു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ശല്യമുണ്ടാക്കുന്ന അക്രമകാരികളായ തെരുവ് നായ്ക്കളെ കണ്ടെത്തി പിടികൂടാന്‍ തീരുമാനിച്ചു. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്ക്വാഡ് 15 വരെ പ്രവര്‍ത്തിക്കും. എബിസി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കാന്‍ ഹെല്്ത്ത ഓഫീസറെയും വെറ്ററിനറി സര്ജന്മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും. പൊതുജനങ്ങള്‍ക്ക് സ്ക്വാഡിനെ വിവരം അറിയിക്കാം. നമ്പര്‍: 04842369007, 9447817566, 9562258110, 9446327762.
അനധികൃത അറവ് ശാലകള്ക്കെതിരേയും പൊതുജനങ്ങള്‍ക്ക് അരോചകമായ രീതിയിലും അനാരോഗ്യമായ ചുറ്റുപാടിലും മാംസം പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കാനും പരിശോധന നടത്താനും ഹെല്‍ത്ത് ഓഫീസറെയും ഇന്‍സ്പെക്ടര്‍മാരെയും ചുമതലപ്പെടുത്തി. റെക്കോഡ് കീപ്പിംഗ് സംവിധാനം നടപ്പാക്കുന്നതിനായി ഓഫീസില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും നവംബര്‍ 12നകം ഫയലുകള്‍ സംബന്ധമായ വിവരങ്ങള്‍ ഡാറ്റ എന്‍ട്രി നടത്തി എക്സല്‍ ഫോര്മാറ്റിലാക്കുന്നതിനും തീരുമാനിച്ചു.
പാര്‍ക്കിംഗ് ഏരിയ അനധികൃതമായി അടച്ചുകെട്ടുന്നവര്ക്കെതിരെ നടപടി സ്വീകരിക്കാന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറെയും റവന്യൂ ഓഫീസറെയും ചുമതലപ്പെടുത്തി. പൊതുജനങ്ങള്‍ക്ക് ശല്യമായും അപകടകരമായും സ്ഥാപിച്ചിട്ടുള്ള ഓവര്‍ഹെഡ് കേബിളുകള്‍ ഉടന്‍ നോട്ടീസ് നല്കി നീക്കം ചെയ്യാനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. യോഗത്തില്‍ നഗരസഭ സെക്രട്ടറി വി.ആര്.രാജു, അസി.സെക്രട്ടറി അനൂജ, ഡപ്യൂട്ടി സെക്രട്ടറി ശ്രീദേവി, എഞ്ചിനിയര്‍ ശശികുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: