പണ്ട് എല്ലായിടത്തും രാജഭരണമായിരുന്നല്ലോ? രാജ്യത്തിന്റെ മുഴുവന്‍ അധിപതിയായിരുന്നു രാജാവ്. കേരളത്തില്‍ തന്നെ തിരുവിതാംകൂര്‍ !മഹാരാജാവും കോഴിക്കോട്ടു സാമൂതിരിയും ഉണ്ടായിരുന്നു. പ്രജാവാത്സല്യമുള്ള രാജാവിനെ ജനങ്ങള്‍ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തു.
രാജ്യത്തിന്റെ അധിപനാണ് രാജാവെങ്കില്‍, പ്രപഞ്ചത്തിന്റെ അധിപനാണ് ഈശ്വരന്. അതുകൊണ്ട് ജനങ്ങള്‍ രാജാവിനെ കാണുന്ന കണ്ണുകളോടെയാണ് ഈശ്വരനെയും കണ്ടിരുന്നത്. ലോകത്തിനു വേണ്ടതെല്ലാം ഈശ്വരനാണു നല്‍കുന്നത് എന്നായിരുന്നു സങ്കല്പം. അതുകൊണ്ടുതന്നെ ഈശ്വരനെ രാജാധിരാജനായി ഭാവനചെയ്തു. അങ്ങനെ അവര്‍ ഈശ്വരനെ, ഭഗവദ്!വിഗ്രഹങ്ങളെ രാജതുല്യം അലങ്കരിച്ച് ആ സൗന്ദര്യം ആസ്വദിക്കുന്നതില്‍ ആനന്ദം കണ്ടെത്തി.
പൊന്നുംകുടത്തിന് സ്വര്‍ണ്ണപ്പൊട്ടിന്റെ ആവശ്യമില്ല. ഈശ്വരന്, പ്രത്യേകിച്ച് ഒരു അലങ്കാരത്തിന്റെയും ആവശ്യമില്ല. അവിടന്ന് സൗന്ദര്യത്തിന്റെ സ്വരൂപമാണ്. എന്നാല്‍, വിഗ്രഹത്തെ അലങ്കരിക്കുന്നതും ആ സുന്ദരരൂപം ദര്‍ശിക്കുന്നതും മനസ്സിനു കുളിര്‍മ നല്കുന്നു. അവിടെ നല്ല അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. മനുഷ്യമനസ്സുകളില്‍ ഭക്തിദാഹം വളര്‍ത്താന്‍ ഇങ്ങനെയുള്ള അലങ്കാരങ്ങള്‍ സഹായിക്കുന്നു. സ്വാഭാവികമായും നാം സൗന്ദര്യം ആസ്വദിക്കുന്നവരാണ്. സുന്ദരമായതെന്തും നാം ഇഷ്ടപ്പെടുന്നു.
അതുകൊണ്ടാണ് നമ്മള് ആഭരണങ്ങളും നിറപ്പകിട്ടുള്ള വസ്ത്രങ്ങളും ധരിക്കുന്നത്. എന്നാല്‍, ബാഹ്യവസ്തുക്കളോടുള്ള ആകര്‍ഷണം നമ്മെ ബന്ധിക്കുകയാണു ചെയ്യുന്നത്. ഞാന്‍ ശരീരമാണെന്നബോധം കൂടുതല്‍ ദൃഢപ്പെടുത്തുകയാണ് അതുവഴി സംഭവിക്കുന്നത്. സൗന്ദര്യത്തോടുള്ള ഇതേ ആകര്‍ഷണം ഈശ്വരനിലേക്കു തിരിച്ചുവിട്ടാല്‍ അതു നമ്മെ ഉയര്ച്ചയിലേക്കുനയിക്കും. ഈശ്വരന് അലങ്കാരങ്ങള്‍ ചാര്‍ത്തുമ്പോള്‍ എന്താണു സംഭവിക്കുന്നത്? വിലകൂടിയ മാലകള്‍, വളകള്‍, പട്ട് എന്നിവ അണിഞ്ഞു നില്ക്കുന്ന വിഗ്രഹത്തിന്റെ ഈശ്വരീയമായ സൗന്ദര്യം നാം ആസ്വദിക്കുന്നു.
അതുവഴി മനസ്സ് ഈശ്വരനില്‍ ഏകാഗ്രമാക്കുന്നു. വാസ്തവത്തില്‍, ഈ അലങ്കാരങ്ങള്‍ ഒന്നും കൂടാതെ തന്നെ സൗന്ദര്യത്തിന്റെ സാരസര്‍വ്വസ്വമാണ് ഈശ്വരന്. എന്നാല്‍, ഉപാധിയിലൂടെയുള്ള സൗന്ദര്യത്തെ ആസ്വദിക്കുവാന്‍ മാത്രമേ മക്കള്‍ക്ക് കഴിയുകയുള്ളൂ. അതിനാല്‍ നമ്മുടെ സങ്കല്പമനുസരിച്ച് നാം ഈശ്വരരൂപത്തെ ഏറ്റവും മനോഹരമായി അലങ്കരിക്കുന്നു. ഭഗവദ്!വിഗ്രഹത്തെ അലങ്കരിക്കാനായി സമര്‍പ്പിക്കുന്ന സ്വര്‍ണ്ണവും വെള്ളിയുമെല്ലാം ഏതെങ്കിലും വ്യക്തിയുടേതല്ല. ഈശ്വരന് നമ്മുടേതുമാണ്. അതുപോലെ ഈ അലങ്കാരങ്ങള്‍ സമൂഹത്തിന്റെ മുഴുവന്‍ സ്വത്താണ് എന്ന് മക്കള്‍ ഓര്‍മിക്കണം.
യാചകന്റെ ഭാവത്തിലായാലും രാജാവിന്റെ ഭാവത്തിലായാലും ഭഗവാന് പൂര്‍ണ്ണനാണ്. നമ്മുടെ സന്തോഷത്തിന് വേണ്ടി, നമ്മുടെ ഭാവനയ്ക്കനുസരിച്ച് ഭഗവദ് വിഗ്രഹത്തെ അലങ്കരിക്കുന്നു ?എന്നുമാത്രം. സാധാരണക്കാരുടെ സങ്കല്പങ്ങളില് ഒതുങ്ങുന്ന ആളാവും ഈശ്വരന്. ഈശ്വരന് യാതൊന്നിന്റെയും കുറവില്ല. അവിടുന്ന് എല്ലാമാണ്. നമ്മള് അവിടത്തെ അലങ്കരിച്ചാലും ഇല്ലെങ്കിലും അവിടത്തേക്ക് വ്യത്യാസമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: