മുംബൈ: പാക്കിസ്ഥാനെതിരായ നിലപാടുകള്‍ ന്യായീകരിച്ച് ശിവസേന. അവരോടുള്ള നിലപാട് ശരിയെന്നു വ്യക്തമായെന്നും, പാര്‍ട്ടിയോടുള്ള പാക്കിസ്ഥാന്റെ സമീപനത്തില്‍ അഭിമാനമെന്നും സേന മുഖപത്രം സാമ്ന എഡിറ്റോറിയലില്‍ അവകാശപ്പെടുന്നു.
ശിവസേനയെ ഭീകരസംഘടനായി പ്രഖ്യാപിച്ച് നിരോധിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് പാക് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനു പിന്നാലെ സേനയുടെ മറുപടി.ശിവസേനയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ സംഭവിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട്. പാക്കിസ്ഥാന് സര്‍ക്കാരിന്റെ നിലപാട് തങ്ങളുടെ ദേശസ്നേഹത്തിനുള്ള അംഗീകരമെന്നും സാമ്ന പറയുന്നു.
പാക്കിസ്ഥാന് ശത്രുവായി കാണുമ്പോള്‍, അത് തങ്ങളുടെ പിന്തുണയും മഹത്വവും വര്‍ധിപ്പിക്കുന്നു. ഗസല്‍ മാന്ത്രികന് ഗുലാം അലിയെയും മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് കസൂരിയെയും ക്രിക്കറ്റ് കമന്റേറ്റര്‍മാരെയും എതിര്‍ത്തതില്‍ പശ്ചാത്താപിക്കുന്നില്ല. ഭാരതത്തില്‍ ഭീകരവാദം വ്യാപിപ്പിച്ച് നിരപരാധികളുടെ ചോര കുടിക്കുന്ന ഇത്തിള്‍ക്കണ്ണിയാണ് പാക്കിസ്ഥാനെന്നും സാമ്ന ആരോപിക്കുന്നു.
അജ്മല്‍ കസബിനെയും പാര്‍ലമെന്റ് ആക്രമണകാരികളെയും സത്യനാരായണ പൂജയ്ക്കല്ല പാക്കിസ്ഥാന് ഭാരതത്തിലേക്ക് അയച്ചതെന്നും സാമ്ന പറയുന്നു. ശിവസേനയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് വെള്ളിയാഴ്ചയാണ് പാക്കിസ്ഥാന് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: