ആലപ്പുഴ: ശബ്ദ പ്രചരണം അവസാനിക്കാന്‍ ഇനി മൂന്നു നാള്‍ മാത്രം അവശേഷിക്കെ ഇടതു വലതു മുന്നണികള്‍ ഒത്തുതീര്‍പ്പിലായി കഴിഞ്ഞു. ബിജെപിയാണ് മുഖ്യ എതിരാളിയെന്ന് ഇരു മുന്നണികളും പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമാണ്. ബിജെപി- എസ്എന്‍ഡിപി കൂട്ടുകെട്ടിനെ ഭയാശങ്കയോടെയാണ് മുന്നണികള്‍ വീക്ഷിക്കുന്നത്. മൂന്നാം മുന്നണി ക്ലച്ചുപിടിക്കില്ലെന്ന് ഇരുമുന്നണി നേതാക്കളും ആവര്‍ത്തിച്ചു പറയുന്നത് അവിശുദ്ധ ധാരണ വിജയിക്കുമെന്ന പ്രതീക്ഷയിലാണ്. ഇതിനായി കുപ്രചരണങ്ങളും അക്രമങ്ങളും ഇരുപക്ഷവും അഴിച്ചു വിടുകയാണ്. ഒത്തുകളി രാഷ്‌ട്രീയം ജനം മനസ്സിലാക്കിയിട്ടുണ്ടെന്നും ജനം അതുതിരിച്ചറിഞ്ഞ് വിധിയെഴുതുമെന്ന് ഉറച്ച പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.
പ്രചരണം അവസാന ദിനങ്ങളിലേക്ക് എത്തിയതോടെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ വാഹനപ്രചരണത്തിന്റെ തിരക്കിലായി. വിവിധ ബൂത്ത് കമ്മിറ്റികള്‍ സംഘടിപ്പിക്കുന്ന സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്ത് വോട്ടുതേടുകയാണ് ചെയ്യുന്നത്. ബ്ലോക്ക്, പഞ്ചായത്ത് സ്ഥാനാര്‍ഥികളും വിവിധ കേന്ദ്രങ്ങളില്‍ ഇവര്‍ക്കൊപ്പമുണ്ടാകും. നഗരസഭാ വാര്‍ഡുകളിലും പ്രചാരണം കൊഴുക്കുകയാണ്.വോട്ടെടുപ്പിനോടനുബന്ധിച്ച് സുരക്ഷയ്‌ക്കായി നിയോഗിക്കുന്നത് അയ്യായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ. വോട്ടിങിന് എത്തുന്നവര്‍ക്ക് പരമാവധി സുരക്ഷ ഉറപ്പുവരുത്താന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി വി. സുരേഷ്‌കുമാര്‍ പറഞ്ഞു.
പെരുമാറ്റച്ചട്ടവും സ്ഥാനാര്‍ഥികളുടെ ചെലവും കര്‍ശനമായി നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയ അന്നുമുതലുള്ള കണക്കുകള്‍ പ്രത്യേകം രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണമെന്നാണ് നിരീക്ഷകരുടെ നിര്‍ദ്ദേശം. ബില്ലുകളും വൗച്ചറുകളും അതിന്റെ അസല്‍ അവര്‍ തന്നെ കൈവശം സൂക്ഷിക്കുകയും പകര്‍പ്പ് റിട്ടേണിങ് ഓഫീസറുടെ പക്കല്‍ സൂക്ഷിക്കുകയും വേണം. പരിധി വിട്ട് ചെലവഴിച്ചാല്‍ അയോഗ്യരാക്കപ്പെടുമെന്ന കര്‍ശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
കലാശക്കൊട്ടു നടക്കുന്ന സമയം റിട്ടേണിങ് ഓഫീസര്‍മാരെ പരമാവധി പ്രദേശങ്ങളില്‍ വിന്യസിക്കും. ബൂത്തുകളുടെ പരിസരത്ത് ചട്ടപ്രകാരമുള്ള അകലത്തിലല്ലാതെയുള്ള ഫഌക്‌സുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, പോസ്റ്ററുകള്‍ എന്നിവ നീക്കം ചെയ്യും. അതില്‍ സ്വകാര്യഇടമെന്നോ സര്‍ക്കാര്‍ ഇടമെന്നോ വ്യത്യാസം കാണിക്കാന്‍ പാടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
മൂന്നു വോട്ടിങ് യന്ത്രങ്ങളാണ് ഓരോ ബൂത്തുകളിലുമുണ്ടാകുക. യന്ത്രം തകരാറിലാകാത്തവിധം ഇവ നേരത്തെ പരിശോധിച്ച് ഉറപ്പാക്കണം. പഞ്ചായത്തില്‍ ഒരു വോട്ടര്‍ക്ക് മൂന്നു യന്ത്രങ്ങളിലായി മൂന്നു വോട്ടുചെയ്യാന്‍ അവസരമുണ്ടെന്ന കാര്യം ഉദ്യേഗസ്ഥര്‍ അവരെ പറഞ്ഞു മനസിലാക്കണമെന്നാണ് നിര്‍ദ്ദേശം. യന്ത്രതകരാറുകളും അവയെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും പലപ്പോഴു സംഘര്‍ഷങ്ങള്‍ക്ക് കാരണമാകാറുണ്ട്.
















