സ്വന്തം മനസ്സിനെ സംബന്ധിച്ച പഠനവും പരിശോധനയും ഒരു യഥാര്‍ത്ഥ മുമുക്ഷുവിന് ഏറ്റവും ഫലദായകമായ പ്രവൃത്തിയാണ്. നിങ്ങളുടെ തെറ്റുകളും കുറ്റങ്ങളും കുറവുകളും സ്വയം മനസ്സിലാക്കി അവയെ ദുരീകരിക്കണം. ആദ്ധ്യാത്മിക സാധനയുടെ ആദ്യത്തെ പടി ഇതാണ്. ഇപ്പോള്‍ നിങ്ങളുടെ ദൃഷ്ടി ബഹിര്‍മുഖമാണ്. അതുകൊണ്ടാണ് അന്യരുടെ കുറ്റങ്ങള്‍ നിങ്ങളുടെ കണ്ണില്‍ പെടുന്നത്. നിങ്ങള്‍ ഈശ്വരദര്‍ശനമാണ് കാംക്ഷിക്കുന്നതെങ്കില്‍ ആദ്യം ഈശ്വരകൃപ സമ്പാദിക്കണം. ആ കൃപയില്‍ക്കൂടി മാത്രമേ ഈശ്വരസാക്ഷാത്കാരം സിദ്ധിക്കയുള്ളൂ. ഈശ്വരകൃപ ലഭിക്കുന്നതിന് നിങ്ങള്‍ ധര്‍മപഥത്തില്‍ സഞ്ചരിച്ച് ചിത്തശുദ്ധി സമ്പാദിക്കണം.
വിശ്വാസത്തിനു മേരുഗിരിയുടെ സുസ്ഥിരതുണ്ടാകണം. സമസ്തലോകവും പ്രതികൂലമായി വര്‍ത്തിച്ചാലും വിശ്വാസത്തില്‍ ദൃഢത വന്ന ഒരുവന്‍ അചഞ്ചലനും നിര്‍ഭയനുമായി കഴിയും. ജീവിതത്തിലെ ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള തന്റേടം അവനുണ്ടായിരിക്കും. ജീവിതത്തില്‍ നിങ്ങള്‍ പ്രിയതരമെന്ന് കരുതുന്ന ഏതും സമ്പത്തോ ആരോഗ്യമോ ശക്തിയോ പദവിയോ നഷ്ടപ്പെട്ടാലും അത് ഒരു യഥാര്‍ത്ഥ നഷ്ടമല്ല.
എന്നാല്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ അത് ഭീമമായ ഒരു ദുരന്തമായിരിക്കും. ലൗകികമായും സകല നേട്ടങ്ങളെക്കാളും വിലപ്പെട്ടതാണു വിശ്വാസം. എവിടെ വിശ്വാസം പുലരുന്നുവോ അവിടെ ഈശ്വരസാന്നിദ്ധ്യവും കാരുണ്യവും ശക്തിയും വന്നുചേരും. ഏതാണു ശരി ഏതാണു തെറ്റ് നന്മ ഏത് തിന്മയേത് എന്താണു ചെയ്യേണ്ടത് എന്താണ് ചെയ്യാന്‍ പാടില്ലാത്തത് എന്നു വിവേചിച്ചറിയാന്‍ വിഷമം നേരിടുന്ന പ്രതിസന്ധികള്‍ ഉണ്ടായെന്നുവരും. നിങ്ങളുടെ വിശ്വാസം ദൃഢമാണെങ്കില്‍ നിങ്ങള്‍ ഗുരുവിന്റെ യഥാര്‍ത്ഥ വാസനാണെങ്കില്‍ ഗുരുവില്‍നിന്നു എത്ര അകലെ കഴിഞ്ഞാലും നേരായ മാര്‍ഗത്തിലൂടെ ഗുരു നിങ്ങളെ നയിച്ചുകൊള്ളും.
ശ്രീരമാദേവി
















