കെയ്റോ: മധ്യ ഈജിപ്റ്റിലെ സിനായില്‍ റഷ്യന്‍ വിമാനം തകര്‍ന്നു. ഏഴ് ജീവനക്കാരടക്കം 224 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഏഴു പേര്‍ വിമാന ജോലിക്കാരാണ്. ഈജിപ്ഷ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ വിനോദസഞ്ചാരികളാണ് യാത്രക്കാരിലേറെയും.
റഷ്യന്‍ വിമാനക്കമ്പനിയായ കൊഗാളിമാവ്യയുടെ എ-321 വിമാനമാണ് അപകടത്തില്‍ പെട്ടത്. എന്നാല്‍ വിമാനം സൈപ്രസില്‍ കാണാതായതാണെന്നും റിപ്പോര്‍ട്ടുണ്ട്. ഈജിപ്റ്റിലെ വിനോദ സഞ്ചാര കേന്ദ്രമായ ഷാം അല്‍ ഷെയ്ഖില്‍ നിന്ന് റഷ്യയിലെ സെന്റ് പീറ്റേഴസ്ബര്‍ഗിലേയ്‌ക്ക് പോവുകയായിരുന്നു വിമാനം. യാത്രയ്‌ക്കിടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
ദുരന്തം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ഷെരിഫ് ഇസ്മായിലിന്റെ നേതൃത്വത്തില്‍ കാബിനറ്റ് തല കമ്മിറ്റിയ്‌ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് ഈജിപ്റ്റ് വ്യക്തമാക്കി.















