കൊച്ചി: മുഖ്യപരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ രാജിവെച്ചൊഴിഞ്ഞത് ബ്ലാസ്‌റ്റേഴ്‌സിന് ക്ഷീണമുണ്ടാക്കില്ലെന്ന് താല്‍ക്കാലിക പരിശീലകന്‍ ട്രെവര്‍ മോര്‍ഗന്‍. മത്സരങ്ങള്‍ക്കിടെ കോച്ച് രാജിവെക്കുന്നത് ഐഎസ്എല്ലില്‍ ആദ്യമായിട്ടാണെങ്കിലും ലോകഫുട്ബാളില്‍ സാധാരണമാണ്. അത് ടീമിനെയോ കളിക്കാരെയോ ബാധിക്കില്ല. ഹോം ഗ്രൗണ്ടില്‍ പുതിയ തുടക്കത്തിനാണ് ബ്ലാസ്‌റ്റേഴ്‌സ് തയ്യാറെടുക്കുന്നതെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.
ചൈന്നെയിന്‍ എഫ്‌സി ശക്തരായ ടീമാണ്. അവര്‍ക്കെതിരെ ജയിക്കുകയാണ് ലക്ഷ്യം. വിജയിക്കാതെ ഇനി ടീമിന് മുന്നോട്ടുപോകാനാവില്ല. ഗോള്‍ നേടാനും മുന്നോട്ടുപോകാനും പ്രാപ്തമായ ഒരു ടീമിനെയാകും കളത്തിലിറക്കുക. ഗോള്‍ വഴങ്ങാതിരിക്കാന്‍ ശ്രമിക്കും. തോറ്റ കളികളില്‍പ്പോലും നന്നായി കളിച്ചിരുന്നു. നിര്‍ഭാഗ്യം കൊണ്ടും ചെറിയ മാര്‍ജിനിലുമാണ് തോറ്റത്.
തെറ്റിയും തിരുത്തിയുമാണ് കഴിഞ്ഞ സീസണിലും ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. എന്നാല്‍ അതിനൊന്നും ശിക്ഷിക്കപ്പെട്ടില്ല. ഈ സീസണില്‍ കാര്യം മാറി. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തിങ്ങിനിറയുന്ന ആരാധകര്‍ക്ക് വേണ്ടി ജയത്തിലൂടെ പുതിയൊരു തുടക്കമാണ് പ്രതീക്ഷിക്കുന്നതെന്നും മോര്‍ഗന്‍ പറഞ്ഞു.
















