ചിങ്ങവനം: കഴിഞ്ഞ ദിവസം തെരുവുനായുടെ അക്രമണം മൂലം നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിച്ച തെരുവു നായയെ പിടികൂടാന്‍ നാട്ടുകാര്‍ ഇന്നലെയും ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരെ ഭീതിയിലാക്കികൊണ്ടാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.
കുഴിമറ്റം ലക്ഷം വീടിനു സമീപത്തു മ്ലാത്തടം കാലായില്‍ ബിജുവിനാണ് ആദ്യം കടിയേറ്റത്. ഉടന്‍ തന്നെ ബിജുവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും മണിക്കൂറിനുശേഷം ഇതേസ്ഥലത്തെത്തിയ നായ ബിജുവിന്റെ നാല് വയസ്സുള്ള കുട്ടിയെ കടിച്ചു. ഉച്ചകഴിഞ്ഞ് വീണ്ടും രംഗത്തെത്തിയ നായ കുഴിമറ്റം സദനം റോഡിനു സമീപം പഞ്ചായത്തംഗം റോയി മാത്യുവിന്റെ കുട്ടിയെ അക്രമിച്ചു. ഈ സമയം റോയി മാത്യു ഇലക്ഷന്‍ പ്രചാരണത്തിനും കുട്ടിയുടെ അമ്മ ജോലിക്കും പോയിരിക്കുകയായിരുന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ നേരെ ചാടിവീണെങ്കിലും കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ നായയുടെ നഖംകൊണ്ട് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു.
ഇതിനിടെ പരുത്തുംപാറ ഷാപ്പുകുന്നേല്‍ ബസ് കാത്തുനിന്നയാളെയും ഇതേ നായ കടിച്ചു പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ നാലുപേരും മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പിന്നീടു അക്രമം നടത്തിയ നായയെ കണ്ടെത്താന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും അതിനു കഴിഞ്ഞില്ല.
















