ശ്രീശങ്കരനുശേഷം കേരളം കണ്ട ആദ്യത്തെ വിപ്ലവകാരിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്നു അയ്യാ വൈകുണ്ഠനാഥന്‍. തിരുവിതാംകൂറിലെ ഏറ്റവും ഇരുണ്ട ഒരു കാലഘട്ടത്തിലായിരുന്നു കന്യാകുമാരി ജില്ലയിലെ അഗസ്ഥീശ്വരം താലൂക്കില്‍ താമരക്കുളം ഗ്രാമത്തില്‍ 1809 ല്‍ അദ്ദേഹം ജനിച്ചത്. എല്ലാത്തരം ഉച്ചനീചത്വങ്ങളും, സവര്‍ണമേധാവിത്വവും മനുഷ്യത്വമില്ലാത്ത രാജശാസനകളും അന്ന് നിലനിന്നിരുന്നു. പാവപ്പെട്ടവരും അധഃകൃതരുമായ ജനങ്ങളുടെ ജീവിതം അന്ന് തികച്ചും ദുസ്സഹമായിരുന്നു. പ്രാകൃതമായ നിരവധി നികുതികള്‍ അന്ന് നിലവിലുണ്ടായിരുന്നു. അവര്‍ണര്‍ വിവാഹം കഴിക്കുമ്പോള്‍ താലിക്കരം കൊടുക്കണം. തൊഴില്‍ ഉപകരണങ്ങളായ ചക്ക്, തറി, വള്ളം, വല എന്നിവയ്‌ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും നികുതി കൊടുക്കണം. തെങ്ങ്, പന ഇവകള്‍ ചെത്തുന്നതിന് ഏണിക്കരവും സ്ത്രീ തൊഴിലാളികള്‍ക്ക് മുലക്കരവും സ്വര്‍ണാഭരണങ്ങള്‍ അണിയുന്നതിന് മേനിപ്പൊന്ന് എന്ന കരവും അടിമകളുടെ ഉടമസ്ഥര്‍ അടിമപ്പണവും മുക്കുവര്‍ വലപ്പണവും കുശവന്മാര്‍ ചെക്കിറ എന്ന കരവും തട്ടാന്മാര്‍ തട്ടാര്‍ പണവും അലക്കുകാര്‍ക്ക് വണ്ണീരപാറ എന്ന കരവും കൊടുക്കണമായിരുന്നു.
ജന്മനാ സിദ്ധി വൈഭവത്തോടും തപഃശക്തിയോടും ജനിച്ച കുട്ടിയ്‌ക്ക് മാതാപിതാക്കളും നാട്ടാകാരും ചേര്‍ന്ന് വൈകുണ്ഠനാഥന്‍ എന്ന പേര്‍ ഇട്ടു. എന്നാല്‍ സവര്‍ണ മേധാവികള്‍ ഇങ്ങനെയൊരു പേരിടാന്‍ അനുവദിച്ചില്ല. അവര്‍ മുത്തുക്കുട്ടി എന്ന പേരിട്ടു. ഈ അസമത്വങ്ങളും പ്രാകൃത ആചാരങ്ങളും കണ്ടും കേട്ടുമാണ് വൈകുണ്ഠനാഥന്‍ വളര്‍ന്നത്. 14-ാം വയസ്സില്‍ ഈ അസമത്വങ്ങള്‍ക്കെതിരായി അദ്ദേഹം രംഗത്തുവന്നു. അനിതരസാധാരണമായ ബുദ്ധിവൈഭവവും അനീതികള്‍ക്കെതിരെ പോരാടാനുള്ള ചങ്കൂറ്റവും ജനങ്ങളെ ആകര്‍ഷിച്ചു. ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ ആഹ്വാനം ഇപ്രകാരമായിരുന്നു. ജോലി ചെയ്താല്‍ കൂലി ചോദിച്ചു വാങ്ങണം, ഭൂമിയ്‌ക്ക് മാത്രമേ കരംകൊടുക്കാവൂ. മനുഷ്യര്‍ തമ്മില്‍ ഉച്ചനീചത്വമില്ലെന്നും എല്ലാവരും സമന്മാരാണെന്നും അനാചാരങ്ങള്‍ക്കെതിരെ പോരാടണമെന്നും സ്വയം സംഘടിച്ച് ശക്തരാകണമെന്നും അദ്ദേഹം ജനങ്ങളെ ഉത്ബോധിപ്പിച്ചു. അധഃസ്ഥിത ജനങ്ങളുടെ മനസ്സില്‍ പ്രത്യാശയുടെ പ്രകാശകിരണങ്ങള്‍ ഉദ്ദീപിപ്പിച്ചുകൊണ്ട് ഈ വക അനീതികള്‍ക്കെതിരെ ധര്‍മസമരത്തിന് ജനങ്ങളെ നയിച്ചത് മുടിചൂടും പെരുമാള്‍ എന്ന മുത്തുക്കുട്ടിയായിരുന്നു.
മറ്റൊരിടത്തും കാണാന്‍ കഴിയാത്ത കാടന്‍ നിയമങ്ങളാണ് സമൂഹത്തെ ഭരിച്ചിരുന്നത്. സവര്‍ണ സ്ത്രീകള്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് മാറുമറയ്‌ക്കാനൊ മുട്ടിന് താഴെ വരെ ഉടുക്കാനോ അവകാശമില്ലായിരുന്നു. ഈ കാടന്‍ നിയമങ്ങള്‍ക്കെതിരെ ആദ്യമായി ശബ്ദമുയര്‍ത്തിയത് യുവസന്ന്യാസിയായ അയ്യാ വൈകുണ്ഠനാഥനായിരുന്നു. ആത്മാഭിമാനികളായ നാടാര്‍ സമൂഹം 1822 ല്‍ സ്വാമിയുടെ അനുഗ്രഹത്തോടുകൂടി ഇതിനെതിരായി ധര്‍മസമരം ആരംഭിച്ചു. ഈ സമരം ഭരണാധികാരികള്‍ക്കും സവര്‍ണ പ്രഭുക്കന്മാര്‍ക്കും രാജകിങ്കരന്മാര്‍ക്കും തലവേദനയായി മാറി. ഈ ധര്‍മസമരത്തെ അധികാരികള്‍ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു. സര്‍ക്കാരും പട്ടാളവും ചേര്‍ന്ന് ഗ്രാമങ്ങള്‍ ചുട്ടെരിച്ചു. വീടുകള്‍ കൊള്ളയടിച്ചു. സ്ത്രീകളെ മാനഭംഗപ്പെടുത്തി. ഇതിനെല്ലാം സ്വാമികളോട് വിരോധമുണ്ടായിരുന്ന ക്രിസ്ത്യന്‍ പാതിരിമാരും മിഷനറികളും ഒത്താശ ചെയ്ത് കൊടുത്തു. സമാധാനപരമായി തുടങ്ങിയ ഈ ധര്‍മസമരം. സഹികെട്ടപ്പോള്‍ നാടാര്‍ സമൂഹവും അതേ നാണയത്തില്‍ തിരിച്ചടിയ്‌ക്കുവാന്‍ തുടങ്ങി. അവസാനം ജനമുന്നേറ്റത്തിന് മുന്നില്‍ അധികാരികള്‍ക്ക് മുട്ടുമടക്കേണ്ടിവന്നു. ഈ സമരത്തെയാണ് ചാന്നാര്‍ ലഹള എന്നറിയപ്പെടുന്നത്.
അധഃസ്ഥിതരും അവരെ ഭരിക്കുന്ന കാടന്‍ നിയമങ്ങളും ഉണ്ടെങ്കിലും മാത്രമേ അവരെ പറഞ്ഞ് കബളിപ്പിച്ച് മാര്‍ഗ്ഗം കൂട്ടുവാന്‍ സാധിക്കൂ എന്ന ദുഷ്ടലാക്കോടെയാണ് ബ്രിട്ടീഷ് ഭരണകൂടവും മിഷനറിമാരും രാജാവിനെയും കൂട്ടരേയും സഹായിച്ചത്. പാശ്ചാത്യരുടെ ലക്ഷ്യവും തന്ത്രവും മതപരിവര്‍ത്തനം നടത്തി എണ്ണം വര്‍ധിപ്പിക്കുകയായിരുന്നു. ഈ കാര്യത്തില്‍ മിഷനറിമാര്‍ വളരെയധികം നേട്ടമുണ്ടാക്കി. തിരുനല്‍വേലി, ജില്ലയിലും തെക്കന്‍ തിരുവിതാംകൂര്‍ പ്രദേശത്തേയും ഭൂരിഭാഗം നാടാര്‍ ചാന്നാര്‍ സമുദായാംഗങ്ങളെ കൂട്ടത്തോടെ മതംമാറ്റാന്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് കഴിഞ്ഞു. ഇതിനെതിരായി ഒരു ചെറുവിരല്‍ അനക്കാന്‍പോലും തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ക്ക് കഴിഞ്ഞില്ല.
യുവസന്ന്യാസിയായ അയ്യാ വൈകുണ്ഠനാഥന്‍ തങ്ങളുടെ മതപരിവര്‍ത്തനത്തിന് ഒരു വിലങ്ങുതടിയാകുമെന്ന് മനസ്സിലാക്കി അദ്ദേഹത്തിന്റെ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ മിഷനറിമാര്‍ ശ്രമം ആരംഭിച്ചു. ചാന്നാര്‍ ലഹള അതിനൊരവസരമായി കണക്കാക്കി മുതലെടുക്കാന്‍ ശ്രമിച്ചു. മിഷനറിമാരുടെ കുതന്ത്രങ്ങളില്‍പ്പെട്ട് മതംമാറിയ ആയിരക്കണക്കിന് ഹിന്ദുക്കളെ അയ്യാ വൈകുണ്ഠനാഥന്‍ ആര്‍ഷധര്‍മത്തിലേയ്‌ക്ക് തിരികെക്കൊണ്ടുവന്നു. സ്വാമി ഈ കാലഘട്ടത്തില്‍ തിരുവവതാരം ചെയ്തിരുന്നില്ലെങ്കില്‍ ഇന്ന് തെക്കന്‍ തിരുവിതാംകൂറില്‍ ഒരു ഹിന്ദു നാടാരോ ചാന്നാരോ കാണുകയില്ലായിരുന്നു എന്ന കാര്യം നെയ്യാറ്റിന്‍കര നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോകുന്ന ഹിന്ദുക്കള്‍ മനസ്സിലാക്കണം. ഹിന്ദുസമുദായാംഗങ്ങളെ ഏകോപിപ്പിക്കുന്നതിനും ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കുന്നതിനുംവേണ്ടി വൈകുണ്ഠനാഥന്‍ സ്വാമി തോപ്പില്‍ 1833 ല്‍ മിശ്രഭോജനം നടപ്പാക്കി. സ്വാമി നടപ്പാക്കിയ സമ പന്തിഭോജനത്തില്‍ സവര്‍ണാവര്‍ണ ഭേദമില്ലാതെ എല്ലാവിധ ജനങ്ങളും പങ്കെടുത്തു. ഹിന്ദുക്കളെല്ലാം ഒന്നാണെന്നും അതില്‍ ജാതിഭേദമില്ലെന്നും സ്വാമി പ്രഖ്യാപിച്ചു. “ഒരു ജാതി ഒരു കുലം ഒരു മതം ഒരു മൊഴി, ഒരു ലോകം.” എന്ന് സ്വാമി പ്രഖ്യാപിച്ചു.
ക്രിസ്തു മതത്തിലേയ്‌ക്കുള്ള അധഃസ്ഥിതരുടെ ഒഴുക്ക് തടയുന്നതിനുവേണ്ടി, പതികള്‍ എന്നു പറയുന്ന ആരാധനാലയങ്ങള്‍ സ്വാമി സ്ഥാപിച്ചു. വിഗ്രഹത്തിനുപകരം കണ്ണാടിയായിരുന്നു അവിടെ പ്രതിഷ്ഠിച്ചത്. “അഹം ബ്രഹ്മാസ്മി” തത് ത്വം അസി എന്നീ മഹാവാക്യങ്ങളെ ദ്യോതിപ്പിക്കുന്ന ഒന്നാണ് കണ്ണാടി പ്രതിഷ്ഠ. എല്ലാ ഞായറാഴ്ച ദിവസങ്ങളിലും ജനങ്ങളെ ഇവിടെ വിളിച്ചുകൂട്ടുമായിരുന്നു. മണ്ണും വെള്ളവും ഉപയോഗിച്ചുള്ള രോഗശാന്തി അന്നദാനം ഈശ്വരഭജനം എന്നിവയാണ് പതികളില്‍ നടത്തിയിരുന്നത്. മതപരിവര്‍ത്തനത്തിന്റെ ഒഴുക്ക് തടഞ്ഞതോടെ വിദേശക്രിസ്ത്യന്‍ മിഷനറിമാര്‍ പരിഭ്രാന്തരായി. അവര്‍ സ്വാമിയോടുള്ള എതിര്‍പ്പ് ശക്തിപ്പെടുത്തി. സ്വാമിയുടെ എല്ലാ പ്രസ്ഥാനങ്ങളെയും അവര്‍ ശക്തിയായി എതിര്‍ക്കാന്‍ തുടങ്ങി. ഇതിനകം തന്നെ കന്യാകുമാരി തിരുനല്‍വേലി തൂത്തുക്കുടി ജില്ലകളിലെ അധഃകൃത ഹിന്ദുക്കളില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികളായിത്തീര്‍ന്നിരുന്നു. യോഗീശ്വരനായ സ്വാമിയെ അവര്‍ സാത്താനെന്നാണ് വിളിച്ചത്.
അയ്യാ വൈകുണ്ഠസ്വാമികളുടെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ മതപരിവര്‍ത്തനത്തിന് വിലങ്ങു തടിയാണെന്ന് കാണിച്ചുകൊണ്ടുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ലണ്ടനിലുള്ള തങ്ങളുടെ കേന്ദ്രത്തിലേയ്‌ക്ക് അയച്ചിരുന്നു. 1864 ല്‍ ലണ്ടനിലേയ്‌ക്കയച്ച ശാന്തപുരം മിഷ്യന്‍ റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നു.
ഏതാനും വര്‍ഷംമുമ്പ് മുത്തുക്കുട്ടി എന്നുപേരുള്ള ഒരു പന കയറി, വിഷ്ണുവിന്റെ അംശമാണെന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളംപേരെ കബളിപ്പിച്ചുവരുന്നു. ധാരാളം സ്ഥലങ്ങളില്‍ പഗോഡകള്‍ സ്ഥാപിച്ചുകൊണ്ട് അവര്‍ അയാളെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കി ആരാധിക്കുന്നു. ഈശ്വരനെ ആരാധിക്കുന്നതിന് തുല്യമാണ് മുത്തുക്കുട്ടിയെ ആരാധിക്കുന്നത് എന്നവര്‍ വിശ്വസിക്കുന്നു. ഈ പ്രദേശങ്ങളില്‍ സുവിശേഷം പ്രചരിപ്പിക്കുന്നതിന് പ്രധാനതടസ്സങ്ങളില്‍ ഒന്നാണ് ഈ വ്യാജന്‍.
നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പും അയ്യാവൈകുണ്ഠസ്വാമിയുമായിട്ടുള്ള ബന്ധം എന്താണെന്ന് ചിലര്‍ സംശയിച്ചേക്കാം. ശക്തമായ ബന്ധമാണ് അതിനുള്ളത്. സനാതനമായ ഹിന്ദുസംസ്ക്കാരം സംരക്ഷിക്കുന്നതിനുവേണ്ടി ജനനം മുതല്‍ മരണംവരെ എതിര്‍പ്പുകളുടെ അഗ്നിചൂളയില്‍നിന്നുകൊണ്ട് പോരാടിയ ഒരു വിപ്ലവയോഗിയായിരുന്നു സ്വാമി. ആത്മീയം പ്രസംഗിക്കാതെ നേരിട്ട് രംഗത്തിറങ്ങി പ്രവര്‍ത്തിച്ചു കാണിച്ചുകൊടുത്ത ഒരേയൊരു കര്‍മയോഗി. ഇപ്പോഴും തെക്കന്‍ തിരുവിതാംകൂറിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പ്രഭാവം നിലനില്‍ക്കുന്നു. കേരളത്തില്‍ ഇപ്പോഴും ഭൂരിപക്ഷമായ ഹിന്ദുക്കള്‍ എല്ലാ രംഗത്തുനിന്നും തള്ളപ്പെട്ട ന്യൂനപക്ഷ വര്‍ഗീയതയുടെ കരാളഹസ്തത്തില്‍പ്പെട്ട് ഞെരിഞ്ഞമരുകയാണ്. എഴുപതുകളില്‍ കേവലം ഏഴ് സീറ്റുകളില്‍ മാത്രം ഒതുങ്ങിനിന്ന മുസ്ലീംലീഗിന് കേരളത്തില്‍ ഇരുപതില്‍പ്പരം സീറ്റുകള്‍ പിടിച്ചെടുക്കുവാന്‍ കഴിഞ്ഞിരിക്കുന്നു. ഇതിന് കാരണക്കാര്‍ മാറിമാറി ഭരണത്തില്‍ വന്ന ഇടതുവലതു മുന്നണിയാണ്. അധികാരത്തിനുവേണ്ടി മുസ്ലീലീഗിനെ പ്രീണിപ്പിച്ചു നിര്‍ത്തിയതിന്റെ പരിണതഫലമാണ് അഞ്ച് മന്ത്രിമാര്‍ വേണമെന്ന് ആവശ്യപ്പെടാനും കോണ്‍ഗ്രസിനെ വരച്ചവരയില്‍ നിര്‍ത്താനും കഴിഞ്ഞത്. ഖജനാവിന്റെ താക്കോല്‍ ന്യൂനപക്ഷങ്ങളാണ് കൈകാര്യം ചെയ്യുന്നത്. സ്വജനപക്ഷപാതം കൊടുകുത്തി വാഴുന്ന ഒരു ന്യൂനപക്ഷ ഭരണമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് കക്ഷി താല്‍പ്പര്യം മറന്ന് ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി പ്രത്യേകിച്ചും അയ്യാ വൈകുണ്ഠനാഥനെ ആരാധിക്കുന്നവര്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഒരു ഹിന്ദു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
















