കൊച്ചി: കളിമികവും വരുമാനവും ആരാധക പിന്തുണയുമെല്ലാം കൊണ്ട് ആദ്യ സീസണില്‍ തന്നെ ലോകത്തെ മുന്‍നിര ലീഗുകള്‍ക്കൊപ്പമെത്തിയിരുന്നു ഐഎസ്എല്‍. തുടര്‍ തോല്‍വികളില്‍ കുറ്റംചാര്‍ത്തി പരിശീലകനെ ഒഴിവാക്കുന്ന മറ്റു ലീഗുകളുടെ രീതിയും ഇനി ഐഎസ്എല്ലിന്റെ ഭാഗം. അങ്ങനെ ഐഎസ്എല്ലും സമ്പൂര്‍ണ ലീഗായി. അതിലെ ആദ്യഭാഗം ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മകുടിയില്‍. തുടര്‍ തോല്‍വികളെത്തുടര്‍ന്ന് പീറ്റര്‍ ടെയ്‌ലറെ നീക്കാനുള്ള നീക്കം അപ്രതീക്ഷിതമല്ലെങ്കിലും അപ്രതീക്ഷിതം.
ടെയ്‌ലറെ നീക്കണമെന്ന് മുറവിളിയുയര്‍ന്നെങ്കിലും ഇവിടെ അങ്ങനെയൊരു പതിവില്ലാത്തതിനാല്‍ അതുണ്ടാകില്ലെന്നു തന്നെ കരുതി. എന്നാല്‍, പണമെറിയുന്നവന്റെ ആകുലതകള്‍ക്ക് ലോകത്തെവിടെയും ഒരു നീതി. അങ്ങനെ സച്ചിന്‍ ടെണ്ടുല്‍ക്കറിലൂടെ ചരിത്രത്തിന്റെ ഭാഗമായ ബ്ലാസ്‌റ്റേഴ്‌സ്, വീണ്ടുമൊരിക്കല്‍ കൂടി ചരിത്രത്തിന് തുടക്കമിട്ടു. ഇനി, പരിശീലകര്‍ക്കെല്ലാം കരുതിയിരിക്കാം, തോറ്റു തുടങ്ങിയാല്‍ ലീഗ് കഴിയാന്‍ കാത്തിരുന്നുവെന്നു വരില്ല.
കളിക്കാരെ വിശ്വാസത്തിലെടുക്കാതെ ടെയ്‌ലര്‍ നിരന്തരമായി നടത്തിയ മാറ്റങ്ങളും പരീക്ഷണങ്ങളുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിക്ക് വഴിവച്ചതെന്ന് വ്യാപകമായ വിമര്‍ശമുണ്ടായിരുന്നു. എല്ലാ മത്സരങ്ങളിലും മധ്യനിര പൂര്‍ണ്ണ പരാജയമായപ്പോള്‍ ഗോവക്കെതിരെയും പൂനെക്കെതിരെയും പ്രതിരോധവും തകര്‍ന്നടിഞ്ഞു. ഗോളുകള്‍ ഒഴിഞ്ഞുനിന്നതിന്റെ പ്രധാന കാരണം ഇതാണെന്നും ആക്ഷേപമുണ്ടായിരുന്നു. പൂനെയില്‍ ഒന്നാം മിനിറ്റില്‍ തന്നെ ലീഡ് നേടിയശേഷം തോല്‍വി വഴങ്ങിയതുമുതല്‍ തന്നെ ടെയ്‌ലറുടെ തലയ്‌ക്ക് മുറവിളി ഉയര്‍ന്നിരുന്നു.
ഇംഗ്ലണ്ടിന്റെ ഇടക്കാല പരിശീലകനായിരുന്ന പീറ്റര്‍ ടെയ്‌ലര്‍ അണ്ടര്‍ 20, 21 ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ബഹ്‌റിന്‍ ദേശീയ ടീമിന്റെയും പരിശീലകനായിരുന്ന ടെയ്‌ലര്‍ ലീസസ്റ്റര്‍ സിറ്റി, ഹള്‍ സിറ്റി, ക്രിസ്റ്റല്‍ പാലസ്, ബ്രാഡ്‌ഫോര്‍ഡ് സിറ്റി തുടങ്ങി നിരവധി ക്ലബുകളുടെ പരിശീലിപ്പിച്ചതിന്റെ അനുഭവസമ്പത്തുമായാണ് കേരളത്തിലെത്തിയത്.
എന്നാല്‍ ലീഗ് ആരംഭിച്ച് ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും മുഖ്യപരിശീലകന്‍ എന്ന നിലയില്‍ ഒരു ടെയ്‌ലര്‍ക്ക് കൃത്യമായ ആദ്യ ഇലവനെ കണ്ടെത്താന്‍ കഴിയാതിരുന്നതും ഏറെ വിമര്‍ശനവിധേയമായി. എല്ലാ മത്സരങ്ങളിലും നാലും അഞ്ചും മാറ്റങ്ങള്‍ വരുത്തി ടീമിനെ അണിനിരത്തിയിട്ടും ഒരു വിന്നിങ് കോമ്പിനേഷന്‍ വാര്‍ത്തെടുക്കാനും ടെയ്‌ലര്‍ക്ക് കഴിഞ്ഞില്ല.
സാഞ്ചസ് വാട്ടിനെയും ക്രിസ് ഡഗ്നലിനെയും ഉള്‍പ്പെടുത്തിയ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മലയാളി താരം മുഹമ്മദ് റാഫി മാത്രമാണ് ഇതിന് അപവാദം. കളിച്ച മൂന്ന് കളികളില്‍ നിന്നായി നാല് ഹെഡ്ഡര്‍ ഗോളുകളിലൂടെ റാഫി ടീം തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തു. ഗോളി സ്റ്റീഫന്‍ ബൈവാട്ടര്‍, നായകന്‍ പീറ്റര്‍ റാമേജ്, രാഹുല്‍ ബെക്കെ തുടങ്ങി ഏതാനും ചില താരങ്ങള്‍ക്ക് മാത്രമാണ് ടെയ്‌ലറുടെ ആദ്യ ഇലവനില്‍ സ്ഥാനം ഉറപ്പായിരുന്നത്.
ഐഎസ്എല്‍ ആദ്യ പതിപ്പില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ചീഫ് കോച്ചും മാര്‍ക്വീതാരവുമായിരുന്ന ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ഡേവിഡ് ജെയിംസിനെ ഒഴിവാക്കിയാണ് ഈ സീസണില്‍ ഇംഗ്ലീഷുകാരനായിരുന്ന പീറ്റര്‍ ടെയ്‌ലറെ ടീമിന്റെ പരിശീലകനാക്കിയത്. മറ്റ് ടീമുകളെല്ലാം വിദേശങ്ങളില്‍ പോയി പരിശീലനം നടത്തുകയും പരിശീലന മത്സരങ്ങള്‍ കളിക്കുകയും ചെയ്തപ്പോള്‍ തിരുവനന്തപുരത്ത് തമ്പടിച്ചാണ് ടെയ്‌ലര്‍ ടീമിനെ രണ്ടാം സീസണ് ഒരുക്കിയത്. രണ്ടാം പതിപ്പിലെ ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3-1ന് ബ്ലാസ്‌റ്റേഴ്‌സ് തറപറ്റിച്ച് സീസണ്‍ തുടങ്ങിയപ്പോള്‍ ആരാധകര്‍ പീറ്റര്‍ ടെയ്‌ലറെ സ്തുതിച്ചു.
എന്നാല്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരായ രണ്ടാം മത്സരം സമനിലയില്‍ കലാശിച്ചതു മുതല്‍ ബ്ലാസ്‌റ്റേഴ്‌സിനും ടെയ്‌ലര്‍ക്കും തിരിച്ചടി നേരിട്ടു. പിന്നീട് തുടര്‍ച്ചയായ നാല് തോല്‍വി. ഇതോടെ ടെയ്‌ലറുടെ രക്തത്തിനായി മുറവിളി ഉയരുകയും ചെയ്തു. രണ്ട് വയസ്സ് മാത്രമായ ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം തുടര്‍ച്ചയായി നാല് കളികള്‍ പരാജയപ്പെടുന്നത്. ഇതും ടെയ്‌ലര്‍ക്ക് തിരിച്ചടിയായി.
കൊല്‍ക്കത്തയില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോടും കൊച്ചിയില്‍ ദല്‍ഹി ഡൈനാമോസിനോടും ഗോവയില്‍ എഫ്‌സി ഗോവയോടും പൂനെയില്‍ പൂനെ എഫ്‌സിയോടുമാണ് പരാജയപ്പെട്ടത്. ഇതില്‍ ഗോവക്കെതിരെയും പൂനെക്കെതിരെയും ലീഡ് നേടിയശേഷമായിരുന്നു പരാജയം ഏറ്റുവാങ്ങിയത്. ഏഴ് കളികളില്‍ നിന്ന് ഏഴ് ഗോളാണ് ടീമിന് ഇതുവരെ നേടാനായത്. ഒമ്പതെണ്ണം വഴങ്ങുകയും ചെയ്തു.
രണ്ടാം സീസണില്‍ നിലവിലെ റണ്ണറപ്പുകളായ ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്താകുമെന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് നിലവിലെ അസിസ്റ്റന്റ് കോച്ചായിരുന്ന ട്രെവര്‍ മോര്‍ഗന്‍ മുഖ്യ പരിശീലകന്റെ വേഷമണിയുന്നത്. കഴിഞ്ഞ വര്‍ഷവും സഹപരിശീലകനായിരുന്ന മോര്‍ഗന്റെ തന്ത്രങ്ങളാണ് തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനല്‍ വരെ കൊണ്ടെത്തിച്ചത്. ആദ്യ സീസണില്‍ ചീഫ് കോച്ചായിരുന്ന ഡേവിഡ് ജെയിംസ് മിക്കവാറും എല്ലാ മത്സരങ്ങളിലും ഗോള്‍വലക്ക് മുമ്പില്‍ നിലയുറപ്പിച്ചതോടെ സബ്‌സ്റ്റിറ്റിയൂഷനടക്കമുള്ള എല്ലാ കാര്യങ്ങളും മോര്‍ഗനായിരുന്നു തീരുമാനിച്ചിരുന്നത്. മോര്‍ഗന്റെ ഈ അനുഭവസമ്പത്ത് ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് ടീം അധികൃതര്‍.
















