അമ്പലപ്പുഴ: വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങി. പുറക്കാട് പഞ്ചായത്തില്‍ ഇടതുഭരണത്തിന് അന്ത്യം കുറിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്കി അധികാരത്തിലേറിയവര്‍ വാഗ്ദാനങ്ങള്‍ കടലാസിലൊതുക്കുകയായിരുന്നു. ഇക്കാരണത്താല്‍ തന്നെ ഈ തെരഞ്ഞെടുപ്പ്ഇടതുഭരണത്തിന് അന്ത്യമാകുമെന്ന് വോട്ടര്‍മാര്‍തന്നെ പറയുന്നു.
18 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ സിപിഎം,സിപിഐ കക്ഷികള്‍ ഒന്‍പതും ഒരു സ്വതന്ത്രയും അടക്കം പത്തുപേരുടെ പിന്തുണയുമാണ് അഞ്ചുവര്‍ഷം ഭരണം നടത്തിയത്. അമ്പലപ്പുഴ നിയോജമണ്ഡലത്തില്‍ തന്നെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാവുന്ന പദ്ധതികളാണ് ഇടതുഭരണം അട്ടിമറിച്ചത്.
ഭരിക്കുംമുമ്പ് നടത്തിയ കൈമാറ്റ ഉടമ്പടിയും ഇടതുഭരണത്തിന് തിരിച്ചടിയായി. മൂന്നുവര്‍ഷം സിപിഎമ്മും രണ്ടു വര്‍ഷം സിപിഐയും എന്ന ഉടമ്പടിയിലാണ് അഞ്ചുവര്‍ഷം ഭരണം നടത്തിയത്. തങ്ങള്‍ അധികാരത്തില്‍ കയറിയാല്‍ തോട്ടപ്പള്ളി പ്രദേശം വിനോദസഞ്ചാരകേന്ദ്രമാക്കി ഉയര്‍ത്തുമെന്നതായിരുന്നു സിപിഎമ്മിന്റെ വാഗ്ദാനം. വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന സമൃതിവന പദ്ധതി നടപ്പാക്കുമെന്നും സിപിഐയും വാഗ്ദാനം നല്‍കി. ഇതോടൊപ്പം കടല്‍ക്ഷോഭമേഖലയില്‍ പുലിമുട്ടു മുതല്‍, പുതിയ കടല്‍ഭിത്തിവരെയും സിപിഎം വാഗ്ദാനം നല്‍കിയിരുന്നു.
എന്നാല്‍ അധികാരമേറ്റ് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. പകരം തോട്ടപ്പള്ളി കടല്‍ത്തീരം റിസോട്ട് മാഫിയയ്‌ക്ക് മറിച്ചു കൊടുക്കാന്‍ നടത്തിയ ശ്രമം നാട്ടുകാര്‍ തടയുകയും ചെയ്തിരുന്നു.
കടല്‍ഭിത്തി വാഗ്ദാനം കാറ്റില്‍ പറത്തിയതോടെ കടല്‍ക്ഷോഭത്തില്‍ വീടു നഷ്ടപ്പെട്ട നൂറുകണക്കിനു കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിലും വാടക വീടുകളിലും കഴിയുന്നത്. ഇത്തരത്തിലുള്ള വാഗ്ദാന ലംഘനങ്ങള്‍ ഇടതുഭരണത്തിന്റെ അന്ത്യമായി പരിണമിക്കും. ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത ബിജെപി നടത്തിയ സമരങ്ങളാണ് ഇടതുമുന്നണിക്ക് തിരിച്ചടിയാകുക.
നിലവില്‍ 18 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ സിപിഎം 7, സിപിഐ 2, സ്വതന്ത്ര 2, സിപിഎം വിമത 1, കോണ്‍ഗ്രസ് 5, ബിജെപി 1 എന്നതാണ് കക്ഷിനില. ഈ തെരഞ്ഞെടുപ്പില്‍ ഇടതു സ്വാധീനമുള്ള പത്തോളം വാര്‍ഡുകളിലാണ് ബിജെപി ശക്തമായ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നത്.
















