കൊച്ചി: കേരള ബ്ലാസ്‌റ്റേഴിസിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ രാജിവെച്ചു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് പുറമെ പരിശീലകന്റെ രാജിയും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായിരിക്കുകയാണ്. സഹപരിശീലകന്‍ ട്രെവര്‍ മോര്‍ഗന്‍ ടീമിന്റെ താത്കാലിക പരീശീലകനായി ചുമതലേയ്‌ക്കും.
കഴിഞ്ഞ ദിവസം ടെയ്‌ലറെ പുറത്താക്കിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സ്വമേധയാ രാജിവയ്‌ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിട്ടില്ല. തുടര്‍ച്ചയായി നാലാം തോല്‍വി വഴങ്ങിയതോടെയാണ് പീറ്റര്‍ ടെയ്‌ലറിന് പുറത്തേക്കുളള വഴി തുറന്നത്.
തുടര്‍ച്ചയായ തോല്‍വികള്‍ തീര്‍ത്ത ആഘാതം മറക്കാന്‍ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് എഫ് സി പൂനെ സിറ്റിക്ക് എതിരെ ഗ്രൗണ്ടിലിറങ്ങിയെങ്കിലും വന്‍ നിരാശയായിരുന്നു ഫലം. പരിശീലകന്‍ പീറ്റര്‍ ടെയ്‌ലറിന്റെ വക മികച്ച അഴിച്ചുപണിയും ടീമില്‍ നടത്തിയിരുന്നു. സമ്മര്‍ദമേറിയ മത്സരത്തില്‍ 72ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തി പുനെയ്‌ക്കുവേണ്ടി സാന്‍ലി ലക്ഷ്യം കണ്ടതോടെ കളിയുടെ ഗതിമാറി. തുടര്‍ന്ന് ലക്ഷ്യങ്ങള്‍ പിഴച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി സമ്മതിച്ചു.
കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ ആറു മത്സരങ്ങളില്‍ നാലെണ്ണവും തോറ്റ് എട്ടാം സ്ഥാനത്ത് ഏറ്റവും അവസാനക്കാരാണ്.
















