യജമാനനാണ് എല്ലായ്‌പ്പോഴും ശരി’ എന്ന മനോഭാവം നാം മാറ്റിയേ തീരൂ. ഭാരതീയ മനസ്സിനെയും ആത്മാവിനെയും അടിസ്ഥാനമാക്കി ലോകത്തെ മറ്റിടങ്ങളില്‍നിന്ന് എന്തൊക്കെയാണ് നല്ലതെന്നും സത്യസന്ധമെന്നും മാന്യമായതെന്നും മനസ്സിലാക്കി സ്വീകരിക്കുകയും നമ്മുടെ രാഷ്‌ട്രത്തിനുവേണ്ടി സ്വതന്ത്രവും ആധുനികവുമായ ഒരു മാര്‍ഗരേഖ രൂപപ്പെടുത്തുകയും വേണം.
ബുദ്ധിജീവികളുടെ ചിന്തയും പ്രവര്‍ത്തനങ്ങളും ഭരണസംവിധാനവും സര്‍ക്കാരിന്റെ നയങ്ങളും ഇതനുസരിച്ച് മാറ്റേണ്ടതുണ്ട്. ഈ കൂട്ടായ പ്രവര്‍ത്തനത്തിന്റെ അഭാവത്തില്‍ സ്വയംപര്യാപ്തവും പുരോഗമനാത്മകവും ശക്തവും സമൃദ്ധവുമായ ഒരു ഭാരതം സാധ്യമാവില്ല. ലോകത്ത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചിന്താപ്രക്രിയയുടെയും തത്വചിന്തകളുടെയും അപര്യാപ്തത ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇത്തരം അപര്യാപ്തമായ ചിന്താപ്രക്രിയകളുടെയും തത്വശാസ്ത്രങ്ങളുടെയും ദുഷ്ഫലങ്ങള്‍ തന്നെ ഇവയുടെ പുനഃപരിശോധന നിര്‍ബന്ധമാക്കിത്തീര്‍ത്തു.
1951 ല്‍ ഐക്യരാഷ്‌ട്രസഭയുടെ സാമൂഹ്യ സാമ്പത്തിക വിഭാഗം താഴെ പറയുന്ന പ്രഖ്യാപനത്തിലൂടെ ഈ അപര്യാപ്തമായ തത്വചിന്തകളെ പിന്തുണക്കുകയുണ്ടായി. ”വേദനാജനകമായ പൊരുത്തപ്പെടുത്തലുകളില്ലാതെ സത്വരമായ സാമ്പത്തികപുരോഗതി അസാധ്യമാണ് എന്നൊരു വിചാരഗതിയുണ്ട്. പ്രാചീന തത്വശാസ്ത്രങ്ങള്‍ ചവറ്റുകൊട്ടയില്‍ തള്ളേണ്ടതാണ്; കാലഹരണപ്പെട്ട സാമൂഹ്യസ്ഥാപനങ്ങളെ ശിഥിലീകരിക്കണം. ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും കെട്ടുപാടുകള്‍ പൊട്ടിച്ചെറിയണം. പുരോഗതിക്കൊപ്പം നീങ്ങാത്ത വ്യക്തികളുടെ സുഖജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പൂവണിയില്ല. സാമ്പത്തികപുരോഗതിക്ക് വേണ്ടിവരുന്ന മുഴുവന്‍ വിലയൊടുക്കാന്‍ വളരെ കുറച്ച് സമൂഹങ്ങളെ തയ്യാറുള്ളൂ.”
അങ്ങേയറ്റം ഭൗതികവാദപരവും സ്വാര്‍ത്ഥപരവും സംവേദനക്ഷമവുമല്ലാത്ത ഒരു തത്വശാസ്ത്രം ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഇതേ തത്വശാസ്ത്രത്തിന്റെ ദുഷ്ഫലങ്ങള്‍ അതിന്റെ വക്താക്കളെത്തന്നെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങിയതോടെ അവര്‍ പൊടുന്നനെ മറുകണ്ടം ചാടി. 2015 ഒക്‌ടോബറില്‍ ജി-20 രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകളുടെ ഗവര്‍ണര്‍മാര്‍ പ്രഖ്യാപിച്ചു:
”വികസന സമീപനങ്ങള്‍ കാലത്തിലൂടെ ഉരുത്തിരിയുന്നതും ഉയര്‍ന്നുവരുന്ന സാമ്പത്തിക വെല്ലുവിളികള്‍ക്കനുസരിച്ച് പരിഷ്‌ക്കരിക്കേണ്ടതുമാണ്… എല്ലാ രാജ്യങ്ങള്‍ക്കും അനുയോജ്യമായ ഒരൊറ്റ വികസനസമീപനം ഇല്ലെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. സുസ്ഥിര വളര്‍ച്ചാനിരക്കിനുള്ള ശക്തമായ ബൃഹദ് സാമ്പത്തികനയങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ പതിറ്റാണ്ടുകളിലെ നയരൂപീകരണത്തിന്റെ സഞ്ചിതാനുഭവങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടുതന്നെ ഓരോ രാജ്യവും സ്വന്തം സവിശേഷതകള്‍ക്കനുസൃതമായ വികസനസമീപനങ്ങളും നയങ്ങളും തെരഞ്ഞെടുക്കണം.”
ഈ പ്രസ്താവനയ്‌ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്നതാണ് ലോകബാങ്കിന്റെ 2008 ലെ ന്യൂസ് ബുള്ളറ്റിന്‍ പറയുന്നത്:
”എല്ലാവര്‍ക്കും അനുയോജ്യമായ ഒരേയൊരു വികസന മാതൃക എന്നൊന്നില്ലെന്ന് ലോകരാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഞങ്ങള്‍ പഠിച്ചിരിക്കുന്നു. വികസനമെന്നാല്‍ രൂപാന്തരീകരണമാണ്. ശരിയായ ആശയങ്ങളെടുത്ത് പുതിയ സാഹചര്യങ്ങളില്‍ പരീക്ഷിക്കുകയും പ്രവര്‍ത്തിക്കാത്തവ വലിച്ചെറിയുകയും ചെയ്യുകയെന്നതാണ് ഇത് അര്‍ത്ഥമാക്കുന്നത്. അതായത് എല്ലാറ്റിനുമുപരി നമ്മള്‍ പരാജയപ്പെടുമ്പോള്‍ അത് തിരിച്ചറിയാനുള്ള ശേഷിയുണ്ടാവണം. എളുപ്പം ചെയ്യാവുന്ന ഒരു കാര്യമല്ല ഇത്. ഒരു സംഘടനയ്‌ക്ക് ഇത് ചെയ്യാന്‍ പ്രയാസമാണ്. സര്‍ക്കാരാവട്ടെ ലോകബാങ്കാവട്ടെ വികസനവെല്ലുവിളികളുടെ മാറുന്ന പ്രകൃതത്തോട് നിരന്തരം ഇണങ്ങിച്ചേരേണ്ടതുണ്ട്.”
ഈ തിരിച്ചറിവിനുശേഷമാണ് ‘സമഗ്രം’, ‘സുസ്ഥിര വികസനം’ എന്നൊക്കെയുള്ള പദപ്രയോഗങ്ങള്‍ വികസനത്തെക്കുറിച്ചുള്ള ലോകചര്‍ച്ചകളില്‍ സ്ഥാനംപിടിച്ചത്. അതിനാല്‍ ഈ അപര്യാപ്തമായ തത്വശാസ്ത്രം ആത്യന്തികമായി സ്വീകരിക്കാതിരിക്കാനുള്ള വിവേകം നമുക്കുണ്ടാവണം; കാരണം ഇതുതന്നെ വലിയ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുമ്പോള്‍. കാലത്തെ അതിജീവിച്ച നമ്മുടെ തത്വശാസ്ത്രത്തെ പിന്‍പറ്റുകയാണെങ്കില്‍ അതാണ് നമുക്ക് നല്ലതാവുക. ഈ തത്വശാസ്ത്രം സഹകരണത്തിലും ഏകോപനത്തിലും അധിഷ്ഠിതമാണ്.
ഈ തത്വശാസ്ത്രമനുസരിച്ച് ധര്‍മത്തിനും സംസ്‌കാരത്തിനുമാണ് ജീവിതത്തില്‍ പ്രാമുഖ്യം, അര്‍ത്ഥകാമങ്ങള്‍ക്കല്ല. സുസ്ഥിരവികസനത്തിനുവേണ്ടി ഈ തത്വശാസ്ത്രം ഏറ്റവും കുറഞ്ഞ ഊര്‍ജോപയോഗത്തിനും പരമാവധി തൊഴിലവസരങ്ങള്‍ക്കുമാണ് പ്രേരിപ്പിക്കുന്നത്. പരിസ്ഥിതിയോട് അനുകൂലനില പാലിക്കുകയും കൃഷിയോട് സമഗ്രസമീപനം കൈക്കൊള്ളുകയും ചെയ്യുന്നു. വികേന്ദ്രീകൃതവും സ്വാശ്രിതവുമായ സാമ്പത്തിക-വ്യവസായക്രമങ്ങളെയാണ് ഈ തത്വശാസ്ത്രം നിര്‍ദ്ദേശിക്കുന്നത്. നൈപുണ്യവികസനത്തിനും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയ്‌ക്കും ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. ഈ തത്വശാസ്ത്രമനുസരിച്ച് ഭൂമുഖത്തെ അവസാനത്തെ വ്യക്തിക്കും നീതിയും വിദ്യാഭ്യാസവും അടിസ്ഥാനാവശ്യങ്ങളും കിട്ടുന്നുണ്ടോ എന്നു നോക്കിയാണ് സംവിധാനത്തിന്റെ വിജയം നിര്‍ണയിക്കുക. കര്‍ഷകരിലും കൃഷിയിലും ചെറുകിട-ഇടത്തരം വ്യവസായങ്ങളിലും ചെറുകിട വ്യാപാരികളിലും കൈവേലക്കാരിലുമായിരിക്കും മുഖ്യമായ ഊന്നലുകള്‍. സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും ബുദ്ധിജീവികളും നയരൂപീകരണം നടത്തുന്നവരും രാഷ്‌ട്രീയക്കാരും ഭരണാധികാരികളും ഇക്കാര്യം ശ്രദ്ധിക്കണം.
‘നിതി ആയോഗി’ന്റെ പ്രകടന പത്രിക ഇതേ ദിശയില്‍ ശരിയായ സൂചന നല്‍കുന്നു എന്നത് സന്തോഷകരമാണ്. ഈ മാറ്റങ്ങളെല്ലാം പെട്ടെന്ന് സംഭവിക്കണമെന്നില്ല. പരമ്പരാഗത സമ്പദ്‌വ്യവസ്ഥയെ സാധാരണ നിലയിലാക്കുന്നതും ഭരണസംവിധാനങ്ങളെ ശക്തിപ്പെടുത്തുകയെന്നതും ഒരു വെല്ലുവിളി തന്നെയാണ്. വികസനത്തിന്റെ നേട്ടങ്ങള്‍ സമൂഹത്തിന്റെ താഴെത്തട്ടിലെത്തിച്ച് അവരെ രാഷ്‌ട്രനിര്‍മാണത്തില്‍ പങ്കാളികളാക്കാനുള്ള ശ്രമങ്ങളുടെ സഫലീകരണത്തിന് നമുക്ക് ഒരുപാട് ക്ഷമ വേണ്ടിവരും. രാഷ്‌ട്രനിര്‍മാണ പ്രക്രിയയില്‍ ഇവരുടെ ആത്മവിശ്വാസം കുത്തനെ ഉയര്‍ത്തേണ്ടതുണ്ട്. മുദ്രബാങ്ക്, ജന്‍ധന്‍ യോജന, പാചകവാതക സബ്‌സിഡി സ്വയം ഉപേക്ഷിക്കല്‍, സ്വച്ഛ ഭാരത്, നൈപുണ്യവികസനം എന്നിവ ഇതേ ദിശയില്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഗുണകരമായ ശ്രമങ്ങളാണ്. നമ്മുടെ വികസനനയങ്ങളുടെ പ്രായോഗികത തിട്ടപ്പെടുത്താന്‍ താഴെത്തട്ടില്‍നിന്നുള്ള ഗുണപരവും അളവുപരവുമായ വിശ്വസനീയ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. രാഷ്‌ട്രനിര്‍മാണ പ്രക്രിയയില്‍ എല്ലാവരുടേയും പങ്കാളിത്തം ഉറപ്പുവരുത്താനും പരിപാടികളുടെ നടത്തിപ്പ് വേഗത്തിലാക്കാനും ഫലപ്രദമായ ചര്‍ച്ചകള്‍ ഒഴിച്ചുകൂടാനാവാത്തതാണ്.
രാഷ്‌ട്രത്തിന്റെ വിധി മാറ്റിയെഴുതാന്‍ ലക്ഷ്യമിടുന്ന നയപരിപാടികളുടെ പ്രായോഗികക്ഷമത സംരംഭങ്ങള്‍ തുടങ്ങാനുള്ള ഉത്സാഹം, സഹകരിക്കാനുള്ള കഴിവ്, പൊതുജനങ്ങളുടെ അറിവ് എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സമൂഹത്തെ ബോധവല്‍ക്കരിക്കലും പരിശീലനം നല്‍കലും ഇത് നേടാനുള്ള മുന്നുപാധികളാണ്. വികസനത്തെക്കുറിച്ച് പറയുമ്പോള്‍ അതുമായി ബന്ധപ്പെട്ടതാണ് ജനസംഖ്യാവര്‍ധനവ്. ഇതേക്കുറിച്ച് വളരെയധികം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. നമ്മുടെ ജനസംഖ്യാ നയത്തെക്കുറിച്ച് നാം ഗൗരവമായ ആലോചനകള്‍ നടത്തണം. ജനസംഖ്യ നേട്ടമാണോ കോട്ടമാണോ എന്നതിനെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ച വേണം. ഇപ്പോഴുള്ള സംവിധാനങ്ങളും വിഭവങ്ങളും അടുത്ത 50 വര്‍ഷം കഴിയുമ്പോള്‍ ജനങ്ങള്‍ക്ക് തൊഴിലും അടിസ്ഥാനസൗകര്യങ്ങളും നല്‍കാന്‍ പര്യാപ്തമായിരിക്കുമോ?
കുട്ടികളെ വളര്‍ത്തുന്നതും അവരില്‍ മൂല്യബോധമുണ്ടാക്കലും അമ്മയുടെ കര്‍ത്തവ്യമാണ്. ഭക്ഷണം, ആരോഗ്യരക്ഷ, ആത്മാഭിമാനം, ശാക്തീകരണം, ബോധവല്‍ക്കരണം, അവസരങ്ങള്‍, ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള അമ്മമാരുടെ സ്വാതന്ത്ര്യം എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ട്. 50 വര്‍ഷത്തിനുശേഷം നമ്മുടെ പരിസ്ഥിതിക്ക് എന്തുസംഭവിക്കുന്നുവെന്നതിനെക്കുറിച്ച് എന്താണ് നമ്മുടെ ആശങ്ക? കഴിഞ്ഞ രണ്ട് സെന്‍സസ് റിപ്പോര്‍ട്ടുകളുടെ സ്ഥിതിവിവരക്കണക്കുകളും അസന്തുലിതാവസ്ഥയും വ്യാപകമായി ചര്‍ച്ച ചെയ്യുന്നുണ്ട്. നമ്മുടെ വര്‍ത്തമാനവും ഭാവിയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ജനസംഖ്യാ നയത്തിന്റെ കാര്യത്തില്‍ എല്ലാ പൗരന്മാര്‍ക്കും ബാധകമായ ഒരു സമഗ്രസമീപനത്തിന് രൂപംനല്‍കാന്‍ നാം വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനതീതമായി ഉയരേണ്ടതുണ്ട്. ഇത്തരമൊരു ജനസംഖ്യാ നയം സര്‍ക്കാരുകള്‍ക്കോ നിയമങ്ങള്‍ക്കോ മാത്രമായി നടപ്പാക്കാനാവില്ല. ഇതിനായി സാമൂഹ്യമനസ്സ് രൂപപ്പെടുത്താന്‍ കാര്യമായ ശ്രമങ്ങള്‍ ആവശ്യമാണ്. നയരൂപീകരണ പ്രക്രിയയുടെ സമയത്ത് ഇതേക്കുറിച്ച് ചിന്തിക്കണം.
മനുഷ്യന്റെ അടിസ്ഥാന ചോദനകളിലും സ്വഭാവ രീതികളിലും മതാചാരങ്ങളിലും സാംസ്‌കാരിക പാരമ്പര്യങ്ങളിലും കാലാനുസൃതമായ മാറ്റംകൊണ്ടുവരികയെന്നത് ശ്രമകരമാണ്. ഈ മാറ്റം ഉചിതമാണെങ്കിലും നിയമങ്ങള്‍ കൊണ്ടുവന്നതുകൊണ്ടൊ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചതുകൊണ്ടോ ഇത് പൂര്‍ത്തിയാക്കാനാവില്ല. ഈ രീതിയില്‍ മാറ്റം സംഭവിച്ചിട്ടില്ല. ഇനിയൊട്ട് സംഭവിക്കുകയുമില്ല. ബന്ധപ്പെട്ട കേന്ദ്രങ്ങളുമായുള്ള സംവാദങ്ങളിലൂടെ മാത്രമേ ഇത് സാധ്യമാകൂ. ഈ സംവാദവും സംവാദം വഴിയുള്ള ബോധവല്‍ക്കരണവും സര്‍ക്കാര്‍, ഭരണസംവിധാനം, മാധ്യമം, ബുദ്ധിജീവികള്‍ എന്നിങ്ങനെ എല്ലാ തലങ്ങളിലും നടക്കേണ്ടതുണ്ട്.
ഇത്തരം മാറ്റത്തിന് മുമ്പും പിമ്പും ഇത് തുടരുകതന്നെ വേണം. വിലകുറഞ്ഞ പ്രശസ്തിയോ രാഷ്‌ട്രീയ പ്രേരണയോ ആയിരിക്കരുത് നമ്മെ നയിക്കേണ്ടത്. സത്യസന്ധതയും നീതിബോധവുമായിരിക്കണം നമ്മുടെ മാര്‍ഗദര്‍ശകതത്വം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും അനുകമ്പയാര്‍ന്ന സമീപനം സ്വീകരിച്ച് സൗഹാര്‍ദ്ദ പൂര്‍ണവും ആദരവോടെയുമുള്ള സംവാദങ്ങളിലൂടെ അവരുടെ മനോഭാവം മാറ്റാന്‍ കഴിയും.
സമീപകാലത്തെ ചില വിധിന്യായങ്ങളുടെ ഫലമായി ചില വിഭാഗങ്ങള്‍ക്കുണ്ടായ ആശങ്ക ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഉദാഹരണത്തിന് സന്താറ, ദിഗംബരാചാര്യന്മാരുടെ സവിശേഷമായ ജീവിതശൈലി, ബാലദീക്ഷ തുടങ്ങിയവ ജൈനമതക്കാര്‍ കാലങ്ങളായി ആചരിക്കുന്നവയാണ്. ബന്ധപ്പെട്ട വിഭാഗങ്ങളുടെ ആചാര്യന്മാരുമായി ചര്‍ച്ച നടത്താതെ ഇത്തരം കാര്യങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് സാമൂഹിക ഐക്യത്തേയും സൗഹാര്‍ദത്തെയും ബാധിക്കുകയും ഒടുവില്‍ രാഷ്‌ട്രത്തിനുതന്നെ ഹാനികരമാവുകയും ചെയ്യും. തങ്ങളുടെ അനുഷ്ഠാനങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും സ്ഥിരമായ ഇടവേളകളില്‍ ആത്മപരിശോധന നടത്തി കാലാനുസൃതമാക്കുന്ന രീതി നമ്മുടെ നാട്ടിലെ എല്ലാ ജാതി മതവിഭാഗങ്ങളും പിന്തുടരാറുണ്ട്. അവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ആരോഗ്യകരമായ മാര്‍ഗമാണിത്. ഈ മാറ്റങ്ങളെല്ലാം എല്ലായ്‌പ്പോഴും ഉള്ളില്‍നിന്നാണ് വരുന്നത്. ഇത്തരം മാറ്റങ്ങള്‍ വരുത്താനുള്ള ബാഹ്യമായ ഇടപെടല്‍ വിവാദങ്ങളുണ്ടാക്കാനേ ഉപകരിക്കൂ. സാമൂഹ്യമനസ്സിനെ മാറ്റിത്തീര്‍ത്തുകൊണ്ടല്ലാതെ അടിസ്ഥാനപരമായ ഒരു മാറ്റവും വരുത്താനാവില്ല.
(തുടരും)
















