കായംകുളം: ഗോവധ നിരോധനത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര സമര ചരിത്രം പഠിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ജില്ല പ്രസിഡന്റ് അഡ്വ. പ്രതാപ്. ജി. പടിക്കല്‍ പറഞ്ഞു.
ദേവികുളങ്ങരയില്‍ ബിജെപി പഞ്ചായത്ത്തല സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1857ല്‍ ഗോമാംസത്തില്‍ നിന്നുമുള്ള കൊഴുപ്പ് കൊണ്ടുണ്ടാക്കിയ തിരകള്‍ തോക്കുകളില്‍ ഉപയോഗിക്കാന്‍ ധാര്‍മ്മീകപരമായ കാരണങ്ങളാല്‍ വിസമ്മതിച്ച ഭാരതീയര്‍ ഉയര്‍ത്തിയ ചെറുത്ത് നില്‍പ്പാണ് ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്രസമരത്തില്‍ കലാശിച്ചത്. രാഷ്‌ട്രപിതാവായ ഗാന്ധിജിയും ഭരണാഘടന സ്രഷ്ടാവായ ബി. ആര്‍. അംബ്ദകറും ഗോവധനിരോധനത്തിന് അനുകൂലമായിരുന്നു.
ഭാരതത്തിലെ ഭൂരിപക്ഷ സംസ്ഥാനങ്ങളിലും ഗോവധ നിരോധന നിയമം നടപ്പില്‍ വരുത്തിയത് ബിജെപി ഇതര സര്‍ക്കാരുകളാണെന്നുള്ള വസ്തുത നിലവിലിരിക്കെ, ന്യൂനപക്ഷ പീഡനത്തിനായി കൊണ്ടുവന്ന എതോ പുതിയ നിയമം എന്നപേരില്‍ ജനങ്ങളുടെ ഇടയില്‍ വര്‍ഗ്ഗീയപരമായ ചേരിതിരുവ് ഉണ്ടാക്കാനാണ് കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. ബീഫ് ഫെസ്റ്റ് എന്ന പേരില്‍ കലാലയങ്ങളില്‍ കലുഷിത അന്തരീക്ഷം സൃഷ്ടിച്ച് അദ്ധ്യയനം മുടക്കുന്ന മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ തങ്ങളുടെ മക്കളെ വിദേശത്ത് അയച്ച് ഉയര്‍ന്ന വിദ്യാഭ്യാസം നല്കി ഭാവി സുരക്ഷിതമാക്കുകയാണെന്നുള്ള സത്യം പാര്‍ട്ടിക്കുവേണ്ടി സ്വന്തം ഭാവിയും വിദ്യാഭ്യാസവും നശിപ്പിക്കുന്ന കുട്ടിസഖാക്കള്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എന്‍. സുരേഷ് ബാബു യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് താലൂക്ക് സമ്പര്‍ക്ക് പ്രമുഖ് ആര്‍. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാര്‍ത്ഥികളായ അജിത (2-ാം വാര്‍ഡ്), ശ്രീകല (3-ാം വാര്‍ഡ്), ശോഭ അനില്‍ (4-ാം വാര്‍ഡ്), രാജാദേവി (5-ാം വാര്‍ഡ്), ശ്രീദേവ് (15-ാം വാര്‍ഡ്), ബിജെപി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ബിജു, മണ്ഡല്‍ കാര്യവാഹ് സാഗര്‍ എന്നിവര്‍ പ്രസംഗിച്ചു.
















