ചേര്‍ത്തല: വിദ്യാധരന്റെ അശോകമരങ്ങള്‍ ഇനി ചേര്‍ത്തല റെയില്‍ വേസ്റ്റേഷനിലും. മനുഷ്യരാശിയുടെ നിലനില്‍പ്പിനായി തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കഠിനാദ്ധ്വാനം ചെയ്യുകയാണ് ഈ പോലീസുകാരന്‍. കാടുപിടിച്ചു കിടന്ന റെയില്‍വേ സ്റ്റേഷന്‍ പരിസരം വെട്ടിത്തെളിച്ച് അശോകവും, കണിക്കൊന്നയും ഉള്‍പ്പെടെ നൂറോളം വൃക്ഷത്തൈകളാണ് ഇദ്ദേഹം വെച്ചുപിടിപ്പിച്ചത്. ദിവസേന വൈകുന്നേരങ്ങളിലാണ് മരം നടുന്നത്. നട്ടുപിടിപ്പിച്ച ചെടികള്‍ക്ക് വെള്ളമൊഴിക്കുവാനും പരിപാലിക്കുവാനും എന്നും ഇദ്ദേഹം ഇവിടെയെത്തും.
ചേര്‍ത്തല തെക്ക് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ചെത്തിക്കാട്ട് വീട്ടില്‍ വാസു പാര്‍വതി ദമ്പതികളുടെ മകന്‍ കഴിഞ്ഞ നാലുപതിറ്റാണ്ടിനിടെ നട്ടുനനച്ച് പരിപാലിച്ചത് അന്‍പതിനായിരത്തിലധികം മരങ്ങളാണ്. ഇന്റലിജന്റ്‌സ് വിഭാഗത്തില്‍ എസ്‌ഐ ആയ ഇദ്ദേഹം തന്റെ പരിസ്ഥിതി യാത്ര തുടങ്ങിയത് 15-ാം വയസിലാണ്.
അരീപ്പറമ്പ് ബസ് സ്റ്റോപ്പില്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ ബസ് കാത്ത് നില്‍ക്കുന്നവര്‍ക്ക് തണലേകുവാന്‍ ഒരു മരം നട്ടായിരുന്നു തുടക്കം. ജില്ലയിലെ സര്‍ക്കാര്‍ ഭൂമിയിലെല്ലാം പച്ചവിരിച്ച് നില്‍ക്കുന്നത് ഇദ്ദേഹം നട്ടടുവളര്‍ത്തിയ വൃക്ഷങ്ങളാണ്. രാവിലെ അഞ്ച് മണിയ്‌ക്ക് തൂമ്പയും കുടവും വൃക്ഷത്തെകളുമായി ബൈക്കില്‍ പോകുന്ന വിദ്യാധരന്‍ അരീപ്പറമ്പ് ഗ്രാമത്തിലുള്ളവരുടെ സ്ഥിരം കാഴ്ചയാണ്. ജോലിക്ക് പോകുമ്പോഴും, മടങ്ങുമ്പോഴുമെല്ലാം ഒഴിഞ്ഞ സ്ഥലങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കും.
ആലപ്പുഴ എസ്പി, ഡിവൈഎസ്പി ഓഫീസുകള്‍, കളക്‌ട്രേറ്റ്, തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും റോഡരികിലെ ഓട്ടോ സ്റ്റാന്‍ഡിലുമൊക്കെ വിദ്യാധരന്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അങ്ങനെ വിദ്യാധരന്‍ പോകുന്നവഴിയെല്ലാം പടര്‍ന്നു പന്തലിച്ച മരങ്ങളുടെ തണലുമുണ്ട് കൂട്ടിന്.
മരം നടലില്‍ ഒതുങ്ങുന്നതല്ല ഇദ്ദേഹത്തിന്റെ പരിസ്ഥിതി സ്‌നേഹം. രാവിലെ റോഡരികുകളില്‍ തെളിഞ്ഞു കിടക്കുന്ന തെരുവുവിളക്കുകള്‍ അണയ്‌ക്കുവാനും, പരിസ്ഥിതി ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുവാനും മുന്നിട്ടിറങ്ങും ഇദ്ദേഹം. പരിസ്ഥിതി സംരക്ഷണത്തിന് 300 ലധികം അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരിയായ ഭാര്യ സുപ്രിയയും, മക്കളായ തെരേസയും ആഷികും വിദ്യാധരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി കൂടെതന്നെയുണ്ട്..
















