തിരുവല്ല: തിരുവല്ലയില്‍ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയില്‍ ആയിരം ആംപ്യൂള്‍ മയക്കുമരുന്നുമായി തമിഴ്നാട് സ്വദേശി പിടിയിലായി. കന്യാകുമാരി ആണ്ടിക്കോട് കാക്കളം കോട്ടില്‍ തിടിമണ്തോട്ടം വീട്ടില്‍ ശെല്‍വരാജ് (43) നെയാണ് തിരുവല്ല എക്സൈസ് സംഘം ഇന്നലെ പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെ വൈഎംസിഎയ്ക്ക് സമീപമുള്ള മേല്‍പ്പാലത്തിന് സമീപത്തുവച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്ലാസ്റ്റിക് കാരീ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. കാരിയര്‍ ആയി പ്രവര്‍ത്തിച്ച് വരുന്ന ഇയാള്‍ കന്യാകുമാരിയില്‍നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്.
തിരുവല്ലയില്‍ എത്തിച്ച് അജ്ഞാതന്‍ കൈമാറാനായിരുന്നു തനിക്ക് ലഭിച്ച നിര്‍ദ്ദേശമെന്ന് ഇയാള്‍ എക്സൈസ് സംഘത്തിന് മൊഴിനല്‍കി. മാര്‍ക്കറ്റില്‍ ഒരു ആംപ്യൂളിന് എഴുനൂറ് രൂപയോളം വിലവരും. ഏതാണ്ട് ഏഴ് ലക്ഷം രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തിട്ടുള്ളത്. തിരുവല്ലയിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിനായി കൊണ്ടുവന്നനനതാണ് ഇവയെന്ന് എക്സൈസ് സംഘം പറഞ്ഞു. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ. അജയന്, പ്രിവന്റീവ് ആഫീസറനാമാരായ അരുണ്‍കുമാര്‍, ആനന്ദരാജ്, ജോബിന്, വിജയന് എന്നിവര്‍ റയ്ഡിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: