അമ്പലപ്പുഴ: പുതിയ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും തടഞ്ഞുവെച്ചു. സംഭവം വിവാദമാകുമെന്നറിഞ്ഞു സ്ഥാനാര്‍ത്ഥി കാര്‍ഡുകള്‍ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ടു.
തകഴി പഞ്ചായത്തിലാണ് ഇടത്‌നേതാക്കള്‍ക്ക് പ്രകോപനമുണ്ടാകുന്ന രീതിയിലുള്ള സംഭവങ്ങള്‍ അരങ്ങേറിയത്. ഇന്നലെ ഉച്ചയോടെ തകഴി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീജിത്താണ് തന്റെ വാര്‍ഡിലെ പുതിയ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് പഞ്ചായത്തില്‍ നിന്നും വാങ്ങി കൈക്കലാക്കിയത്. വോട്ടര്‍മാര്‍ പഞ്ചായത്തില്‍ നേരിട്ടെത്തി ഉദ്യോഗസ്ഥനില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വാങ്ങണമെന്നാണ് നിയമം.
എന്നാല്‍ ഇന്നലെ ഉച്ചയോടെ പഞ്ചായത്തിലെത്തിയ രണ്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്ലാവരുടെയും കാര്‍ഡുകള്‍ വിതരണം ചെയ്യാനെന്ന് പറഞ്ഞു ഉദ്യോഗസ്ഥനില്‍ നിന്നു വാങ്ങിയത്. ഇത് കണ്ടുനിന്ന നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് ഇയാളെ തടഞ്ഞുവെച്ചു. തനിക്ക് കിട്ടാന്‍ സാദ്ധ്യതയില്ലാത്ത വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നശിപ്പിക്കാനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഉദ്യോഗസ്ഥനും ചേര്‍ന്ന് ശ്രമിച്ചതെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥനു നേരെ തട്ടിക്കയറിയത് സംഘര്‍ഷത്തിന്റെ വക്കിലെത്തി.
സംഭവം വിവാദമാകുമന്നറിഞ്ഞ സ്ഥാനാര്‍ത്ഥി കര്‍ഡുകള്‍ വലിച്ചെറിഞ്ഞതിനു ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് അമ്പലപ്പുഴ പോലീസിനും ജില്ലാ കളക്ടര്‍ക്കും ശ്രീജിത്തിനെതിരെ പരാതി നല്‍കി.
















