ചേര്‍ത്തല: ലോകപ്രശസ്ത സസ്യ ശാസ്ത്ര ഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ മുഖ്യരചയിതാവായ ഇട്ടി അച്യുതന്‍ വൈദ്യരുടെ ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ധന്യമായ കടക്കരപ്പള്ളിയെ ഔഷധ സസ്യഗ്രാമമാക്കാന്‍ ജന്മനാട് കൈകോര്‍ക്കുന്നു.
സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോ ര്‍ത്തൂസ് മലബാറിക്കൂസ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളെ കോര്‍ത്തിണക്കിയാണ് ഇട്ടി അച്യുതന്‍ ഗ്രാമം-ഔഷധ സസ്യഗ്രാമം എന്ന പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തതിര്‍ത്തിയിലെ മുഴുവന്‍ വീടുകളിലും ഔഷധ സസ്യങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഔഷധ സസ്യങ്ങളുടെ ഗുണവും പ്രാധാന്യവും മൂല്യവും മറ്റും പുതുതലമുറയേയും വരും തലമുറയേയും പഠിപ്പിക്കുക എന്നതോടൊപ്പം ഔഷധ സസ്യകൃഷിയിലൂടെ ഗ്രാമവാസികളെ സ്വയം പര്യാപ്തയിലെത്തിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. അതിര്‍ത്തി കടന്ന് ലോകശ്രദ്ധ നേടിയ കേരളത്തിന്റെ ആയുര്‍വേദ ചികിത്സയ്‌ക്കും ഇട്ടി അച്യുതന്‍ വൈദ്യരുടെ ജന്മനാട്ടിലെ ഔഷധ സസ്യഗ്രാമം പദ്ധതി വഴി കഴിയുമെന്ന് ട്രസ്റ്റ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.ഷാജിയും സെക്രട്ടറി എ.എന്‍ ചിദംബരനും പറഞ്ഞു.
വീട്ടുമുറ്റത്തെ ഡോക്ടര്‍ എന്നറിയപ്പെടുന്ന ആര്യവേപ്പിന്റെ തൈയാണ് പദ്ധതിയുടെ ആദ്യഘട്ടമായി 300 കുടുംബങ്ങളില്‍ വിതരണം ചെയ്യുക. തുടര്‍ ഘട്ടങ്ങളിലായി ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ലക്ഷ്മിതരു, മുള്ളാത്ത എന്നിവയും വ്യവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ കഴിയുന്ന ഔഷധ സസ്യങ്ങളും വിതരണം ചെയ്യും.
സൗജന്യ ആര്യവേപ്പ് തയ്യുടെ വിതരണം 22ന് വൈകുന്നേരം മൂന്നിന് കടക്കരപ്പള്ളി ഗവ.എല്‍പിസ്‌കൂളില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ.ഉമ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.ഷാജി അധ്യക്ഷത വഹിക്കും.
















