പാനൂര്‍: പെരിങ്ങളത്തെ രാഷ്ട്രീയ ഗോദയില്‍ തീപ്പന്തമായിരുന്ന യശഃശരീരനായ ബിജെപി നേതാവ് ഗോപാലന് പറമ്പത്തിന്റെ പുത്രന് ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുമ്പോള്‍ പോരാട്ടം കനക്കുമെന്നുറപ്പ്. കൊളവല്ലൂര്‍ ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അഡ്വ:ഷിജിലാല്‍ പറമ്പത്താണ് ഇവിടെ ജനവിധി തേടുന്നത്. ബിജെപി ജില്ലാസെക്രട്ടറി, പെരിങ്ങളത്തെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് മുഖ്യപങ്കു വഹിച്ചവരില്‍ ഒരാളുമായ പഴയ തീപ്പൊരി പ്രാസംഗികന് ഗോപാലന് പറമ്പത്ത് എന്നും അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയ രാഷ്ട്രീയക്കാരനായിരുന്നു.ജനാധിപത്യത്തെ ധ്വംസിച്ച സോഷ്യലിസ്റ്റ് മാടമ്പിത്തരത്തെ നെഞ്ചുവിരിച്ചു നേരിട്ട ആ നേതാവിന്റെ മകന് തിരഞ്ഞെടുപ്പ് ഗോദയിലെ പ്രധാന എതിരാളി ഇരുമുന്നണികളിലെ സോഷ്യലിസ്റ്റുകാര്‍ തന്നെ. ഇത് യാദൃശ്ചികമാണെങ്കിലും ചരിത്രത്തിന്റെ അറിയാത്ത ഇടപ്പെടല്‍ ഇതിലുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സോഷ്യലിസ്റ്റ് ജനത(യു)യിലെ കെപി.ചന്ദ്രനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സോഷ്യലിസ്റ്റ്(എസ്)നേതാവ് കെകെ.കണ്ണനുമാണ്. മുന്നണികളില്‍ കടിച്ചുതൂങ്ങി അധികാരത്തിനായി ആദര്‍ശം പണയം വെയ്ക്കുന്ന ഈ സോഷ്യലിസ്റ്റുകാരെ മലര്‍ത്തിയടിക്കാന്‍ ഈ യുവതുര്‍ക്കിക്ക് സാധിക്കുമെന്നാണ് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നത്.
മുതിയങ്ങ, ചെണ്ടയാട്, പുത്തൂര്‍, കൊളവല്ലൂര്‍, പൊയിലൂര്‍, കടവത്തൂര്‍ എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നതാണ് കൊളവല്ലൂര്‍ ഡിവിഷന്. പൊയിലൂര്‍, കടവത്തൂര്‍, പുത്തൂര്‍, ചെണ്ടയാട് ഭാഗങ്ങളില്‍ ബിജെപിക്ക് നല്ല സ്വാധീനവുമുണ്ട്. അതിനു പുറമെ യുവസ്ഥാനാര്‍ത്ഥിയെന്ന പരിവേഷവും കേന്ദ്രസര്‍ക്കാറിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനവും ഉയര്‍ത്തി വോട്ടര്‍മാരെ കാണാനാണ് ബിജെപി ശ്രമം. 26ന് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ വാഹനജാഥ മേഖലയില്‍ പര്യടനം നടത്തും. കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ വോട്ടര്‍മാരാണ് മൂന്ന് സ്ഥാനാര്ത്ഥികളുമെന്ന പ്രത്യേകതയും കൗതുകകരമാണ്. തലശേരി ബാറിലെ അഭിഭാഷകനായ ഷിജിലാല്‍ അഭിഭാഷക പരിഷത്ത് സംസ്ഥാന സമിതി അംഗവും ജില്ലാട്രഷററുമാണ്.കൊളവല്ലൂര്‍ യുപി സ്ക്കൂളിലെ അധ്യാപിക സീബ കെ.ബാബുവാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്. ജെഎസ്എസ് നേതാവ് കെആര്‍.ഗൗരിയമ്മയുടെ അടുത്ത ബന്ധുവായ റിട്ട:അധ്യാപിക ശൈലജയാണ് അമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: