കണ്ണൂര്‍: പോപ്പുലര്‍ പ്രണ്ട് പ്രവര്ത്തകന് ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കാരായിമാര്‍ ശുദ്ധാത്മാക്കളാണെന്ന സിപിഎം വാദത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കാരായി രാജനെയും ചന്ദ്രശേഖരനെയും മലപ്പുറം ജില്ലയില്‍ മത്സരിപ്പിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാവണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാസുരേന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനഹിതമറിയാനാണ് ഇവരെ സ്ഥാനാര്ത്ഥിയാക്കയതെന്നാണ് സിപിഎം നേതൃത്വം അവകാശപ്പെടുന്നത്. ലീഗിനെ സിപിഎമ്മിന്റെ കള്‍ച്ചറല്‍ ലാബില്‍ ടെസ്റ്റിന് വിധേയമാക്കി ലഭിച്ച റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പിണറായി വിജയന് സമൂഹത്തിന് മുന്നില്‍ വെച്ചത്. മലപ്പുറത്ത് ജനകീയ മുന്നണി, വികസന മുന്നണി തുടങ്ങിയ വിവിധ മുന്നണികളുണ്ടാക്കിയാണ് ലീഗുമായി സിപിഎം സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. തിരൂര്‍, കൊണ്ടോട്ടി, ചേലമ്പ്ര തുടങ്ങിയ സ്ഥലങ്ങളില്‍ സിപിഎമ്മിന് ലീഗുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ട്. പൊന്നാനിയില്‍ പിഡിപിയുമായി പോലും സിപിഎം സഖ്യമുണ്ടാക്കിയിട്ടുണ്ട്. കൃത്യമായ വര്‍ഗീയ അജണ്ടയുമായി മുന്നോട്ട് പോകുന്ന സിപിഎം ഭാവിയില്‍ ഇതിന് വലിയ വില നല്‍കേണ്ടിവരും.
കേരളത്തില്‍ വ്യാപകമായി നടക്കുന്ന അഴിമതിയും ന്യൂനപക്ഷ പ്രീണനവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലീഗുമായി സിപിഎം നേതൃത്വം നടത്തിയ അവിശുദ്ധ ഗൂഢനീക്കത്തിന്റെ ഫലമായി തെരഞ്ഞെടുപ്പ് ചര്‍ച്ച തന്നെ വഴിമാറുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രാദേശിക തലത്തില്‍ സിപിഎം ലീഗുമായി ധാരണയായതും ലീഗ് അത്ര പ്രശ്നമല്ലെന്ന നിലപാടില്‍ പിണറായി എത്തിച്ചേര്‍ന്നതും. യുഡിഎഫ് ഭരണകാലത്ത് നടന്ന കോടികളുടെ അഴിമതികളോ വിലക്കയറ്റമോ സിപിഎമ്മിന് ഇന്ന് ചര്‍ച്ചാ വിഷയമേയല്ല. കേന്ദ്രസര്‍ക്കാര്‍ വിലസ്ഥിരതാ ഫണ്ട് അനുവദിക്കാമെന്ന് പറഞ്ഞിട്ടും അതുപയോഗിച്ച് വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് ഖേദകരമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ലീഗ് ഹൈജാക്ക് ചെയ്യുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
2002 മുതല്‍ 2012 വരെ ഒരു വിഭാഗം മാധ്യമങ്ങളും സാംസ്കാരിക നായകന്മാരും നരേന്ദ്രമോദിയെ വേട്ടയാടുകയായിരുന്നു. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും അതിജീവിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിയായ മോദി ഇന്ന് എല്ലാവര്ക്കും സുസമ്മതനാണ്. ചില സംസ്കാരിക നായകന്മാര് കാണിക്കുന്നത് ഇരട്ടത്താപ്പാണ്. കേരളത്തില്‍ ഒരധ്യാപകന്റെ കൈകള്‍ മതതീവ്രവാദികള്‍ വെട്ടിമാറ്റികയും പിന്നീട് അവരുടെ ഭാര്യ ആത്മഹത്യ ചെയ്യുകയും ചെയ്തപ്പോള്‍ ഒരു സാംസ്കാരിക നായകനും പ്രതികരിച്ചില്ല. കൃസ്തീയ സഭയിലെ ഒരു കന്യാസ്ത്രീ തലക്കടിയേറ്റ് മരിച്ചപ്പോഴും സാംസ്കാരിക നായകന്മാര് പ്രതികരിക്കുകയോ അവാര്‍ഡ് തിരിച്ച് നല്‍കുകയോ ചെയ്തില്ല. മൂടബദ്രിയില്‍ പോപ്പുലര്‍ പ്രണ്ടുകാര് പൂജാരിയുടെ കൈപ്പത്തി വെട്ടിമാറ്റിയപ്പോഴും സാംസ്കാരിക നായകന്മാര് മൗനമവലംഭിച്ചു. ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ അന്തസ്സുയര്‍ത്തിയ മോദിയുടെ യശസ്സിനെ നശിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ബുദ്ധിജീവികള്‍ എന്ന് പറയുന്നവര്‍ ഇപ്പോള്‍ ചെയ്യുന്നത്.
ഇല്ലാത്ത ബീഫ് നിരോധനത്തിന്റെ പേരിലാണ് കേരളത്തില്‍ സിപിഎം ബീഫ് ഫെസ്റ്റ് നടത്തിയത്. ഇറച്ചിക്കടകളിലേക്ക് ബിജെപി മാര്‍ച്ച് നടത്തുമെന്നും ഇത് ഏറ്റെടുക്കാമെന്നുമാണ് സിപിഎം കണക്ക് കൂട്ടിയിരുന്നത്. ഇപ്പോള്‍ എസ്എഫ്ഐക്കാരെക്കൂടി ഇളക്കി വിട്ട് കലാലയങ്ങളിലും സ്പര്‍ധയുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് മുന്പില് ബിജെപി ഒരു ജനകീയ ബദല്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. എസ്എന്‍ഡിപിയുമായി മാത്രമല്ല ബിജെപി നേതൃത്വം ചര്‍ച്ച നടത്തിയിരിക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശാലമായ കാഴ്ചപ്പാടുള്ള ഈ ജനകീയ ബദലിന് ജനങ്ങള്‍ അംഗീകാരം നല്‍കും. മുപ്പതോളം സാമുദായിക സംഘടനകളുമായി ബിജെപി ചര്‍ച്ച നടത്തിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടത്-വലത് കോട്ടകൊത്തളങ്ങള്‍ ഇടിഞ്ഞ് വീഴുമെന്നും ശോഭാസുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: