മാലെ: മാലദ്വീപ് പ്രസിഡന്റ് യാമീൻ അബ്ദുൾ ഗായൂമിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വൈസ് പ്രസിഡന്റ് അഹമ്മദ് അദീപിനെ പോലീസ് അറസ്റ്റ് ചെയ്തു.യമീനെ വധിയ്‌ക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് അറസ്റ്റ്.
ചൈനാ സന്ദർശനം കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയ അഹമ്മദ് അദീപിനെ വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റു ചെയ്തത്. അഹമ്മദ് അദീബിനെ ധൂനീധൂ ജയിലിലേയ്‌ക്ക് കൊണ്ടുപോയി. ആഭ്യന്തര മന്ത്രി ഉമർ നസീറാണ് ഇക്കാര്യം അറിയിച്ചത്. രാജ്യദ്രോഹകുറ്റമാണ് അദീബിനുമേൽ ചുമത്തിയിരിക്കുന്നത് ഉമർ നസീർ ട്വിറ്ററിൽ അഭിപ്രായപ്പെട്ടു.
സെപ്തംബർ 28 ന് സൗദി അറേബ്യയിൽ ഹജ്ജ് കർമ്മത്തിന് ശേഷം മടങ്ങിവരവെ മാലിദ്വീപ് പ്രസിഡന്റ് യാമീൻ അബ്ദുൾ ഗായൂമും ഭാര്യ ഫാത്തിമാ ഇബ്രാഹിമും സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടിൽ സ്‌ഫോടനം നടന്നിരുന്നു. ഈ സംഭവത്തിൽ അദീപിന്റെ പങ്ക് വ്യക്തമായതിനെ തുടർന്നാണ് അറസ്‌റ്റെന്നാണ് സൂചന.
സ്‌ഫോടനത്തിൽ നിന്ന് പ്രസിഡന്റും ഭാര്യയും അത്ഭുതകരമായി രക്ഷപെട്ടിരുന്നു. സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എഞ്ചിൻ മുറിയിലാണ് സ്‌ഫോടനമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ പ്രസിഡന്റിനേയും ഭാര്യയേയും മറ്റൊരു സ്പീഡ്‌ബോട്ടിൽ പൊലീസ് അകമ്പടിയോടെ മാലിയിൽ എത്തിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് പ്രതിരോധ മന്ത്രിയെയും ഉന്നത സുരക്ഷാ, പോലീസ് ഉദ്യോഗസ്ഥരേയും പ്രസിഡന്റ് പുറത്താക്കിയിരുന്നു. പ്രസിഡന്റിന്റെ ഭാര്യയ്‌ക്കും അംഗരക്ഷകനും മറ്റൊരു സഹായിയ്‌ക്കും സ്‌ഫോടനത്തിൽ പരുക്കേറ്റിരുന്നു. മാലിദ്വീപിൽ ഏറെക്കാലമായി രാഷ്‌ട്രീയ അരക്ഷിതാവസ്ഥ തുടരുകയാണ്.















