ആലപ്പുഴ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ട് സജീവമായി. ഔദ്യോഗിക സ്ഥാനാര്‍ത്ഥികളും സ്വതന്ത്രരും വിമതരും വോട്ട് തേടി നെട്ടോട്ടമോടി തുടങ്ങി. ബിജെപിയുടെ മുന്നേറ്റവും, എസ്എന്‍ഡിപി, ബിജെപി കൂട്ടുകെട്ടും, സിപിഎമ്മിന്റെ ഗുരുനിന്ദയും, യുഡിഎഫിന്റെ വര്‍ഗീയ പ്രീണനവും ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്തെ സജീവമായ ചര്‍ച്ചയായി കഴിഞ്ഞു.
സ്ഥാനാര്‍ഥികള്‍ വീടുകളില്‍ കയറിയിറങ്ങി പ്രചരണത്തിനു തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ചുവരെഴുത്തുകളും ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കലുമായി സീറ്റുറപ്പിച്ചവര്‍ കളത്തിലിറങ്ങിയിരുന്നെങ്കിലും വീടുകളില്‍ കയറിയുള്ള പ്രചരണത്തിനു തുടക്കം കുറിച്ചിരുന്നില്ല.
തങ്ങളുടെ പേരും ചിത്രവും വാഗ്ദാനങ്ങളും നിലപാടുകളുമൊക്കെ പ്രഖ്യാപിച്ചുള്ള നോട്ടീസുകളുമായി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വീടുകളിലെത്തി. ബിജെപിയും എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളും പോരാട്ടരംഗത്ത് സജീവമാണ്.
കഴിഞ്ഞദിവസം തന്നെ ഓരോ വാര്‍ഡുകളിലും തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസുകളും വിവിധ പാര്‍ട്ടികള്‍ സജ്ജമാക്കി. കുടുംബയോഗങ്ങളിലും ഗൃഹസന്ദര്‍ശനങ്ങളിലും സജീവമാകാനാണ് പാര്‍ട്ടികളുടെ തീരുമാനം. ഇതിനായി ഓരോയിടങ്ങളിലും പ്രത്യേക കമ്മിറ്റികളെയും രൂപീകരിച്ചിട്ടുണ്ട്.
ദേശീയ ജനാധിപത്യസഖ്യം കണ്‍വെന്‍ഷനുകള്‍ നടത്തി പ്രചരണ രംഗത്ത് ഏറെ മുന്നേറി കഴിഞ്ഞു. മറ്റു മുന്നണികളുടെ കണ്‍വെന്‍ഷനുകളും ആരംഭിച്ചു. സംസ്ഥാന-ജില്ലാ നേതാക്കളും വിവിധയിടങ്ങളിലെ കണ്‍വെന്‍ഷനുകള്‍ക്കായി എത്തി. വിവിധ മുന്നണികള്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനായി കമ്മിറ്റികള്‍ രൂപീകരിച്ചു മുന്നേറുമ്പോള്‍ തങ്ങളുടെ സുഹൃദ്് വലയത്തിലൂടെ സ്വതന്ത്രരും രംഗത്തു സജീവമാണ്.
ചില സ്വതന്ത്രര്‍ക്ക് പിന്തുണയുമായി വിവിധ രാഷ്‌ട്രീയകക്ഷികളിലെ അംഗങ്ങളും രംഗത്തുണ്ട്. പ്രചരണ രംഗത്ത് പോസ്റ്റര്‍, ബാനര്‍ പതിക്കുന്നതില്‍ബിജെപിയും ഇരുമുന്നണികളും ഒപ്പത്തിനോപ്പമാണ്. അടുത്ത രണ്ടുദിവസത്തിനുള്ളില്‍ പഞ്ചായത്ത് തലത്തിലും ബ്ലോക്ക്, നഗരസഭ, ജില്ലാ പഞ്ചായത്തു തലത്തിലുള്ള കണ്‍വന്‍ഷനുകള്‍ പൂര്‍ത്തികരിക്കും.
















