ആലപ്പുഴ: ക്ഷേത്രഭരണസമിതി പിടിച്ചെടുക്കാന്‍ സിപിഎമ്മുകാര്‍ മേല്‍ശാന്തിയേയും ഭക്തരെയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. പ്രസിദ്ധമായ തെക്കനാര്യാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. ഇന്നലെയാണ് ക്ഷേത്രഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഭക്തരായ തദ്ദേശവാസികള്‍ സമര്‍പ്പിച്ച പാനലിനെതിരെ ആക്ഷേപം ഉന്നയിച്ച ശേഷം കയ്യൂക്കിന്റെ പിന്‍ബലത്തില്‍ ഒരുവിഭാഗം സിപിഎമ്മുകാര്‍ ക്ഷേത്രഭരണം കയ്യടക്കുകയായിരുന്നുവെന്നാണ് പരാതി ഉയരുന്നത്. ക്ഷേത്ര വിശ്വാസങ്ങള്‍ക്കും ക്ഷേത്രത്തിനുമെതിരെ കാലങ്ങളായി പരസ്യമായ നിലപാടെടുത്തിരുന്ന ചിലരാണ് ഇപ്പോള്‍ ക്ഷേത്രഭരണം പിടിച്ചെടുത്തതത്രെ. ഇതിനെതിരെ പ്രതികരിച്ച ഭക്തജനങ്ങളെ സിപിഎമ്മുകാര്‍ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട ക്ഷേത്രം മേല്‍ശാന്തിയെ സിപിഎമ്മുകാര്‍ പരസ്യമായി അവഹേളിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ പല ചടങ്ങുകള്‍ക്കുമെതിരെ വിമര്‍ശനമുന്നയിച്ചവര്‍ ഭരണം പിടിച്ചെടുത്തതോടെ ക്ഷേത്രാചരങ്ങള്‍ക്കും അടിയന്തര ചടങ്ങുകള്‍ക്കും മുടക്കമുണ്ടാകുമോയെന്ന ആശങ്കയിലാണ് ഭക്തജനങ്ങള്‍.
















