മുഹമ്മ: വേദവ്യാസ വിദ്യാപീഠത്തില്‍ ഭക്തിയുടെ നിറവില്‍ വാഞ്ച്ഛാ കല്‍പ്പലതാ യാഗം സമാപിച്ചു. രാവിലെ 6ന് ആരംഭിച്ച യാഗം ഒന്നോടെ സുഹാസിനി പൂജയും ഗണേശാഷ്ടകവും ചൊല്ലി സമാപിച്ചു. സൂര്യകാലടി മന സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകളാണ് നടന്നത്. ഇരുപത് പരികര്‍മികളുടെ സാന്നിദ്ധ്യം ഭക്തി സാന്ദ്രമാക്കി. ഒരുമാസം മുമ്പേ തന്ത്രിിമുഖ്യന്‍ സ്‌കൂളിലെത്തി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മൂലമന്ത്രം ഉപദേശിച്ചുകൊടുത്തിരുന്നു.
നാടിന്റെ അഭിവൃദ്ധിക്കായി വിദ്യാര്‍ത്ഥികള്‍ മന്ത്രം സാധനയോടെ ജപിക്കുകയും മലര്‍ അഗ്നിയില്‍ അര്‍പ്പിക്കുകയും ചെയ്തു. ഭക്തജനങ്ങളും ജപിച്ച മലര്‍ അഗ്നിയില്‍ നിമഞ്ജനം ചെയ്തു. യാഗശാലയില്‍ നിന്നും ഹോമദ്രവ്യങ്ങളായ ചമതയും നെയ്യും ഉള്‍പ്പെടേയുള്ള ഹവിസുകളുടെ സുഗന്ധം നാടാകെ പരന്നു. യാഗത്തിന് മുന്നോടിയായി 1008 നാളികേരത്തിന്റെ മഹാഗണപതി ഹോമവും നടന്നു.
അപൂര്‍വ്വ ഫലസിദ്ധിയുള്ള വാഞ്ച്ഛാകല്‍പ്പലതായാഗം ഒരു സ്‌കൂളില്‍ നടക്കുന്നത് ഇതാദ്യമാണ്. ഉദയാസ്തമയങ്ങളില്ലാതെ സൂര്യന്റെ സാന്നിദ്ധ്യം നിത്യവും ഉണ്ടെന്ന് സങ്കല്‍പ്പിക്കപ്പെടുന്ന സൂര്യകാലടിമന ക്ഷേത്രത്തില്‍ ഈ യാഗം നടന്നുവരാറുണ്ട്. ത്രിപുരസുന്ദരി,ഗണേശമന്ത്രങ്ങള്‍ കൂട്ടിയിണക്കിയാണ് യാഗത്തിന് ഉപയോഗിച്ചുവരുന്നത്. യാഗസമാപനത്തില്‍ കുട്ടികളുടെ ഗണേശ നൃത്തവും അരങ്ങേറി.
വേദവ്യാസ വിദ്യാപീഠത്തില്‍ പുനരുദ്ധാരണം നടത്തിയ കെട്ടിടത്തിന് സ്വാമി ധര്‍മ്മതീര്‍ത്ഥാനന്ദ എന്ന നാമകരണം ചെയ്യുന്ന ചടങ്ങും തന്ത്രിമുഖ്യന്‍ നിര്‍വഹിച്ചു. 21 മുതല്‍ 23 വരെ നവരാത്രിപൂജയും പൂജെവയ്‌പ്പും വിദ്യാരംഭവും നടക്കും.
















