തൊടുപുഴ: മലങ്കര ഡാമിന്റെ കനാല്‍ പുറമ്പോക്ക് സ്വകാര്യ വ്യക്തികള്‍ വ്യാപകമായി കയ്യേറുന്നു. പുറമ്പോക്ക് കയ്യേറി കൃഷിയിറക്കിയിട്ടും നടപടിയില്ല. വാഴ, ചേമ്പ്, ചേന, കപ്പ്, മഞ്ഞള്‍ തുടങ്ങി ഇല്ലി വരെ മണ്ണ് കിളച്ച് മറിച്ച് ഇവിടെ നട്ടുപിടിപ്പിക്കുകയാണ്. ഇടതുകര, വലതുകര എന്നിങ്ങനെ രണ്ട് റോഡുകള്‍ ഉണ്ടെങ്കിലും വലതുകര റോഡ് മിക്ക ഇടങ്ങളിലും നടപ്പാതയായി ചുരുങ്ങിയിരിക്കുകയാണ്. കനാലിനോടു ചേര്‍ന്നുള്ള വശങ്ങളിലാണ് വ്യാപക കയ്യേറ്റം നടന്നിരിക്കുന്നത്. ഇടവെട്ടി, തൊണ്ടിക്കുഴ, പെരുമ്പള്ളിച്ചിറ, കുമാരമംഗലം എന്നിവിടങ്ങളിലാണ് വ്യാപക കയ്യേറ്റം നടന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടും ജനപ്രതിനിധികളും എം വി ഐ പി അധികാരികളും യാതൊരുവിധ നടപടിയും എടുക്കാന്‍ തയ്യാറായിട്ടില്ല. കൃഷിക്കായി ഇളക്കുന്ന മണ്ണ് കനാലിലേക്ക് ഒലിച്ചിറങ്ങുകയാണ്.
കനാലിന്റെ ഇരുവശങ്ങളിലേയും കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നുകിടക്കുകയാണ്. നിര്‍മ്മാണശേഷം കാല് നൂറ്റാണ്ടായി യാതൊരുവിധ മെയിന്റനന്‍സ് വര്‍ക്കും നടന്നിട്ടില്ല. മാലിന്യവും തികഞ്ഞ അനാസ്ഥയും മലങ്കര കനാലിനെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: