തൃശൂര്‍: നഗരത്തിലെ സെപ്റ്റിക് ടാങ്കിനകത്ത് യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന വര്‍ക് ഷോപ്പ് ഉടമ പറവട്ടാനി പട്ടാളക്കുന്ന് സ്വദേശി ദിലീപിനെ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി. ക്രൈംബ്രാഞ്ചാണ് നടപടികളുമായി മുന്നോട്ടുപോകുന്നത്.
വിദേശ എംബസികളുമായി ക്രൈംബ്രാഞ്ച് ബന്ധപ്പെട്ടിട്ടുണ്ട്. പട്ടാളക്കുന്നിലെ ദിലീപിന്റെ വീട്ടിലും അന്വേഷണം നടത്തും. അഞ്ചുവര്‍ഷം മുമ്പ് കാണാതായ മരോട്ടിച്ചാല്‍ കൊച്ചുവീട്ടില്‍ ജോണിന്റെ മകന് സജിയുടെ(39) മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം സജിയുടേതു തന്നെയാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചെങ്കിലും രണ്ടു ദിവസം കൂടി പൂര്‍ത്തീകരിക്കാന്‍ വേണ്ടിവരും. അതിനുശേഷം സൂപ്പര്‍ ഇംപോസിഷന്‍, ഡിഎന്‍എ എന്നീ ടെസ്റ്റുകള്‍ നടത്തും. സൂപ്പര്‍ ഇംപോസിഷനും ഡിഎന്‍എ ടെസ്റ്റും തിരുവനന്തപുരത്തോ ഹൈദ്രാബാദിലോ നടത്താനാണ് ഉദ്ദേശിക്കുന്നത്. ലഭിച്ച പല്ലുകള്‍ പരിശോധിച്ച് മരിച്ചയാളുടെ വയസ് സ്ഥിരീകരിക്കുന്നതിനുള്ള ടെസ്റ്റുകളും ഇതോടൊപ്പം നടക്കും. ഡിഎന്‍എ ടെസ്റ്റിന് സജിയുടെ അമ്മയുടെ സഹകരണവും ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. സൂപ്പര്‍ ഇംപോസിഷന്‍ നടത്തിയാണ് മരിച്ചത് സജിതന്നെയാണെന്ന് സ്ഥിരീകരിക്കുക.
മരിച്ചത് സജിതന്നെയാണെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിന് ഇതെല്ലാം ആവശ്യമുള്ള തെളിവുകളും രേഖകളും ശാസ്ത്രീയപരിശോധനാഫലങ്ങളുമാണ്. വന്‍തുകകള്‍ പലിശയ്ക്ക് കൊടുക്കുന്ന സജിയുമായി ദിലീപിനുണ്ടായിരുന്ന പണമിടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
സജിയില്‍ നിന്നും പലതവണ പണം വാങ്ങിയിരുന്നതായും തിരിച്ചുകൊടുക്കാത്തതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നതായും സൂചനകളുണ്ട്. അപകടത്തില്‍പെട്ട സജിയുടെ കാര്‍ നന്നാക്കുന്നതുമായി ബന്ധപ്പെട്ടും ദിലീപുമായി പ്രശ്നങ്ങളുണ്ടായിരുന്നതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതെക്കുറിച്ചുളള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് സിഐ വി.കെ.രാജു പറഞ്ഞു. സജിയുടെ വീട്ടുകാരെ അന്വേഷണ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: