പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരിയാണ് നടതുറന്ന് നെയ്ത്തിരി ജ്വലിപ്പിച്ചത്.
ഇന്ന് രാവിലെ ഉഷപൂജയ്ക്ക് ശേഷം സന്നിധാനത്തേയും മാളികപ്പുറത്തേയും മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. പന്തളം രാജകുടുംബാംഗങ്ങളായ ശരണും, ശിശിരയുമാണ് ഇക്കുറി ശബരിമലയിലേയും മാളികപ്പുറത്തേയും മേല്‍ശാന്തിമാരെ നറുക്കിക്കെടുക്കുന്നത്. ഇതിനായി ഇന്നലെ ഇവര്‍ പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും ഇരുമുടിക്കെട്ടുമായി സന്നിധാനത്തേക്ക് പുറപ്പെട്ടു.
രണ്ട് വെള്ളിക്കുടങ്ങളില്‍ ഒന്നില്‍ മേല്‍ശാന്തി പട്ടികയിലുള്ളവരുടെ പേര് പേപ്പറിലെഴുതി ചുരുട്ടിയിടും രണ്ടാമത്തെ വെള്ളിക്കുടത്തില്‍ മേല്‍ശാന്തി എന്നെഴുതിയ കുറിപ്പും ഒന്നും എഴുതാത്ത വെള്ളപ്പേപ്പറും ചുരുട്ടിയിടും. വെള്ളിക്കുടങ്ങള് ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി തന്ത്രി പൂജിച്ച ശേഷമാണ് നറുക്കെടുപ്പ് നടത്തുന്നത്.
മേല്‍ശാന്തിമാരുടെ പേരെഴുതിയിട്ട വെള്ളിക്കുടത്തില്‍ നിന്നും നറുക്കെടുത്ത് അതിലെഴുതിയിരിക്കുന്ന പേര് വായിക്കും. തുടര്‍ന്ന് രണ്ടാമത്തെ വെള്ളിക്കുടത്തില്‍ നിന്നും നറുക്കെടുക്കുകയും അതില്‍ മേല്‍ശാന്തി എന്ന് എഴുതിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ മേല്‍ശാന്തിയായി പ്രഖ്യാപിക്കുകയുമാണ് നറുക്കെടുപ്പ് രീതി. ഈ രീതിയിലാണ് മാളികപ്പുറം മേല്‍ശാന്തിയേയും തെരെഞ്ഞെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: