ആലപ്പുഴ: കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്ത കേസ് സിബിഐ അന്വേഷിക്കണമെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആവശ്യപ്പെട്ടു. സംഭവം നടന്ന് വര്‍ഷം രണ്ടായിട്ടും അന്വേഷണം സ്തഭിച്ചിരിക്കുകയാണ്. കേസ് ശരിയായി അന്വേഷിച്ചാല്‍ സിപിഎമ്മിലെ പല ഉന്നതരുടെ സംഭവവുമായുള്ള ബന്ധം മറനീക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്ന പല സിപിഎം നേതാക്കള്‍ക്കും ഇന്ന് വന്‍ സാമ്പത്തിക ആസ്തിയാണുള്ളത്. ഇതേക്കുറിച്ചും അന്വേഷണം ആവശ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴ പ്രസ്ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീഷണിപ്പെടുത്തി തന്നെ ഒതുക്കാമെന്ന് ആരും കരുതേണ്ട. എസ്എന്‍ഡിപി ഒരുകാര്യം തീരുമാനിച്ചാല്‍ അത് നടപ്പാക്കിയിരിക്കും.
ഹിന്ദുക്കള്‍ ഒന്നിച്ചാല്‍ സുനാമി ഉണ്ടാകുമെന്നാണ് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണം. ഇരു മുന്നണികളും ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കിയിട്ടില്ല. ഇതിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകും. എസ്എന്‍ഡിപി ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കും. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് എസ്എന്‍ഡിപി പ്രഖ്യാപിച്ചതോടെ മുന്നണികള്‍ മത്സരിച്ച് സമുദായാംഗങ്ങള്‍ക്ക് സീറ്റു നല്‍കുകയാണ്. ലീഗിനെയും കേരളാ കോണ്‍ഗ്രസിനെയും മതേതരപാര്ട്ടികളെന്നാണ് കോണ്‍ഗ്രസ്- സിപിഎം നേതാക്കള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ബിജെപി മതേതരപാര്ട്ടിതന്നെയാണ്.
ബിജെപിയില്‍ എല്ലാ മതത്തിലും സമുദായത്തിലുംപെട്ടവരുണ്ട്. ക്രൈസ്തവരും മുസ്ലീങ്ങളും ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങള്‍ ഭരിക്കുന്നതും ബിജെപിയാണ്. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി രൂപീകരിച്ച ശേഷം ബിജെപിയുമായി സഖ്യം ഉണ്ടാക്കുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. നിലവില്‍ പ്രാദേശിക തലങ്ങളില്‍ എസ്എന്‍ഡിപി – ബിജെപി ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദുക്കള്‍ക്ക് കയറിക്കിടക്കാന്‍ ഒരിടം പോലുമില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. ന്യായമായ അവകാശങ്ങള്‍ക്കായി പടപൊരുതാന്‍ താന്‍ തയ്യാറാണ്. തനിക്കെതിരെ അടുത്തകാലത്തുയര്ന്നുവന്നിട്ടുള്ള എല്ലാ ആരോപണങ്ങളും സിബിഐയോ മറ്റേതെങ്കിലും ഏജന്‍സിയോ അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഗുണകരമായ മാറ്റമുണ്ടാകുമെന്നും വെള്ളാപ്പള്ളി പ്രത്യാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: