അജിബുധന്നൂര്‍
തിരുവനന്തപുരം: തുടക്കം മുതല്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗം വരെ തല്ലിപ്പിരിഞ്ഞ തിരുവനന്തപുരം നഗരസഭയിലെ പ്രതിപക്ഷം യുഡിഎഫ് ആണെങ്കിലും പ്രതിപക്ഷത്തിന്റെ കടമ നിറവേറ്റിയത് ബിജെപി കൗണ്‍സിലര്‍മാരായ ആറു പേര്. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ പി.അശോക്കുമാര്, എം.ആര്. രാജീവ്, രാജേന്ദ്രന്‍നായര്‍, എം.ആര് ഗോപന്, ഷീജാമധു, മോഹനന്‍നായര്‍ എന്നിവരെ ഭരണപക്ഷവും പ്രതിപക്ഷവും പ്രവര്‍ത്തന മികവില്‍ ഒരുപോലെ സമ്മതിക്കുന്നു. ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ നഗരസഭാ ഭരണം എല്‍ഡിഎഫ് നേടിയെടുത്തപ്പോള്‍ കൗണ്‍സില്‍ യോഗങ്ങളെല്ലാം സംഘര്‍ഷ വേദികളായി മാറുകയായിരുന്നു.
കേരളത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷനായ തലസ്ഥാനനഗരിയിലെ ജനങ്ങളുടെ ക്ഷേമപ്രശ്നങ്ങളും വികസനങ്ങളും ചര്‍ച്ചചെയ്യാന്‍ കൗണ്‍സില്‍ യോഗം കൂടുന്നത് മാസത്തില്‍ ഒരു തവണ മാത്രം. അതും വെറും മൂന്ന് മണിക്കൂര്‍. ഉച്ചകഴിഞ്ഞ് 3ന് തുടങ്ങി വൈകുന്നേരം 6ന് ശേഷം കൂടരുതെന്ന് നിയമം ഉള്ളതിനാല്‍ അതുവരെ. യോഗം തുടങ്ങുന്നതോടെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ രാഷ്ട്രീയ വിഷയം ചര്‍ച്ചയ്ക്കിടും. അതോടെ തമ്മലടിയും തുടങ്ങും. അജണ്ടയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാകാതെ യോഗം പിരിച്ചുവിടുന്നത് പതിവ്. തലസ്ഥാന നഗരിയിലെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്ല. ഈ സമയമെല്ലാം രാഷട്രീയം നോക്കാതെ നഗരവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മകമായി പിന്തുണ നല്‍കിയും എതിര്‍ക്കേണ്ടതിനെ നിയമപ്രശ്നങ്ങള്‍ ഉന്നയിച്ചും യഥാര്‍ത്ഥ പ്രതിപക്ഷമാവുകയായിരുന്നു ബിജെപി കൗണ്‍സിലര്‍മാര്‍. പ്രതിപക്ഷം തമ്മിലടിച്ച് പിരിയുമ്പോള്‍ ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ മാത്രം ലക്ഷ്യമാക്കി കൗണ്‍സിലിനു പുറത്ത് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും ബിജെപി കൗണ്‍സിലര്‍മാര്‍ മുന്നിലായിരുന്നു.
ലോകം മുഴുവനും അറിഞ്ഞ തിരുവനന്തപുരത്തെ മാലിന്യപ്രശ്നത്തില്‍ മാലിന്യവും ചുമന്ന് ബിജെപി പ്രതിഷേധം പ്രകടനം സംഘടിപ്പിച്ചപ്പോള്‍ സംസ്ഥാന ഭരണനേതൃത്വത്തെ കുറ്റപ്പെടുത്തി മേയറും നഗരസഭയുടെ കഴിവ് കേടാണെന്ന് കാണിച്ച് യുഡിഎഫും പരസ്പരം പഴിചാരുകയായിരുന്നു. ഹെറിറ്റേജ് സോണായി പ്രഖ്യാപിച്ച പത്മനാഭസ്വാമിക്ഷേത്രത്തിനു ചുറ്റും 147 മീറ്റര്‍ ഉയരത്തില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ പണിയാന്‍ പാടില്ല. എന്നാല്‍ പണക്കെട്ടിന്റെ വലുപ്പം നോക്കി വന്‍കിട ഷോപ്പിംഗ് മാളുകള്‍ക്ക് അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത് ബിജെപിയായിരുന്നു. നഗരവാസികള്‍ക്ക് പേടിസ്വപ്നമായി മാറിയ തെരുവുനായ ശല്യത്തിന് എന്തു ചെയ്യണമെന്നറിയാതെ കുഴഞ്ഞ നഗരസഭ ഭരണ നേതൃത്വത്തിനു മുന്നില്‍ ബാംഗ്ലൂരിലെ ഗബന്പാര്ക്ക് മാതൃകയില്‍ നായ്ക്കളെ പരിപാലിക്കണമെന്ന ആശയം ബിജെപി ഉന്നയിച്ചിരുന്നു. രാഷ്ട്രീയ തിമിരത്താല്‍ ഭരണ-പ്രതിപക്ഷ കഷികള്‍ പദ്ധതിക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ല.
കൈക്കൂലിക്കെതിരെ സന്ധിയില്ലാസമരമായിരുന്നു ബിജെപി കൗണ്‍സിലര്‍മാരുടേത്. ഇതിനെതിരെ നിയമനടപടിവരെ കൗണ്‍സിലര്‍മാര്‍ക്ക് നേരിടേണ്ടി വന്നു. നിര്‍ദ്ധനര്‍ക്ക് ഭവനനിര്‍മ്മാണത്തിനായി 25,000 രൂപ അനുവദിച്ചതില്‍ ആദ്യ ഗഡുവായ 10,000 രൂപ നല്കി. രണ്ടാം ഗഡു നല്‍കുന്നതിന് ആയിരം രൂപ കൈക്കൂലി ചോദിച്ച ഓവര്‍സിയര്‍ ഹിമജകുമാരിക്കെതിരെ പ്രതിഷേധിച്ചതിനാല്‍ ഓവര്‍സിയറെ മര്‍ദ്ദിച്ചെന്നും കൈ തല്ലിയൊടിച്ചെന്നും പറഞ്ഞ് വലിയ വിവാദമുണ്ടാക്കി. വിശദമായ അന്വേഷണത്തില്‍ ഹിമജകുമാരിയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞത് നഗരവസികള്‍ മറന്നിട്ടില്ല.
റോഡുകള്‍ സഞ്ചാരയോഗ്യമാക്കിയതിലെ കോടികളുടെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് ബിജെപികൗണ്സിലര്മാരായിരുന്നു. പ്രതിപക്ഷം ഇതിനും മൗനം പാലിക്കുകയായിരുന്നു. ഭൂമാഫിയകളുടെ പുറമ്പോക്ക് കൈയേറ്റം, സ്മാര്‍ട്ട് സിറ്റി വിഷയം എന്നീ പ്രശ്നങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും അഡ്ജസ്റ്റ്മെന്റിലായപ്പോള് പ്രതികരണവുമായി രംഗത്ത് എത്താനും കൗണ്‍സിലര്‍ മുന്നിലായിരുന്നു. കേന്ദസര്‍ക്കാര്‍ പദ്ധതിയായ ബിഎസ്യുപി ഭവന പദ്ധതിയിലെ അട്ടിമറി പുറത്ത്കൊണ്ടുവന്നതോടൊപ്പം കല്ലടിമുഖം ഫ്ളാറ്റ് പ്രശ്നവും ജനമധ്യത്തില്‍ തുറന്നുകാട്ടി. നിര്‍ദ്ധനരായ പിന്നോക്കക്കാര്‍ക്ക് നല്‍കേണ്ട ഫ്ളാറ്റുകള്‍ ഒരു മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രം നല്‍കാനുള്ള പ്രതിപക്ഷ ഉപനേതാവിന്റെ ഗൂഢ തന്ത്രത്തെ പൊളിക്കാനും സാധിച്ചു.
ആസൂത്രിതമായി കൊണ്ടുവന്ന ആറ്റിപ്ര മാസ്റ്റര്‍പ്ലാന്‍ പദ്ധതിയെ ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ ഇന്ന് തെരുവിലാകുമായിരുന്നു. ആഡിറ്റ് റിപ്പോര്‍ട്ടിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതും ബിജെപികൗണ്സിലര്മാരാണ്.
അഞ്ചു വര്‍ഷത്തെ ഭരണാവസാനത്തില്‍ യുഡിഎഫ് കൗണ്‍സിലിനു പുറത്ത് നടത്തിയ സമരം ഒരു വിഭാഗത്തെ മുഴുവന്‍ അവഹേളിക്കുന്നതായിരുന്നു. മേയര്‍ക്കെതിരെ നഗരസഭാകവാടത്തില്‍ നടത്തിയ യാഗം ഹൈന്ദവ ആചാരങ്ങളെ അവഹേളിച്ചിരുന്നു. പ്രതിപക്ഷ ഉപനേതാവ് മുജീബ് റഹ്മാന്റെ നേതൃത്വത്തിലായിരുന്നു യാഗം. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ യാഗത്തിന് പൂര്‍ണ്ണ പിന്തുണയും നല്‍കിയിരുന്നു.
നിലവിലെ കൗണ്‍സിലിന്റെ അവസാന യോഗം ഇന്നു കൂടുമ്പോള്‍ മിനിട്ട്സ് ബുക്കില്‍ അടിവരിയിട്ട് രേഖപ്പെടുത്തുന്നത് ജാതിയോ മതമോ നോക്കാതെ ബിജെപി കൗണ്‍സിലര്‍മാര്‍ വികസനത്തിനു നല്കിയ പിന്തുണയാകാം. പരസ്യമായി പറയാന്‍ പറ്റില്ലെങ്കിലും മേയറും ഇത് രഹസ്യമായി സമ്മതിക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: