മലയിന്‍കീഴ് : പഞ്ചായത്ത് ഓഫീസുപോലും കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസാക്കിയ ജില്ലയിലെ ആദ്യത്തെ പഞ്ചായത്താണ് വിളവൂര്‍ക്കല്‍. കുടിവെള്ളക്ഷാമവും പഞ്ചായത്താഫീസ് പ്രവര്‍ത്തിക്കുന്ന വാര്‍ഡിലുള്‍പ്പെടെ വൈദ്യുതി ലഭിക്കാത്ത വീടുകളും പൊട്ടിപ്പൊളിഞ്ഞ് നാശമായ റോഡുകളും കൊണ്ട് ശോചനീയാവസ്ഥയിലാണ് പഞ്ചായത്ത്. കൂടാതെ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ നല്കിയ വാഗ്ദാന പെരുമഴ വേറെയും.
ഓഫീസ് വാര്‍ഡിലെ പ്രധാന റോഡുകളെല്ലാം തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി. അംഗന്‍വാടി നിര്‍മ്മാണത്തിനായി പഞ്ചായത്തിന്റെ തന്നെ സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടത്തിന് മുകളില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വിശ്രമമുറി. ഇത് പഞ്ചായത്ത് ഓഫീസിന്റെ മറ്റൊരു ബ്രാഞ്ചെന്നാണ് ജനസംസാരം. വൈകുന്നേരം മൂന്നിനുശേഷം വരുന്നവരെല്ലാം ഇവിടെ വന്ന് കാണണമെന്നാണ് പ്രസിഡന്റിന്റെ തീരുമാനം. അടുത്തകാലത്ത് അഴിമതിപ്പണം വീതംവയ്ക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളും പ്രസിഡന്റുമായി ഓഫീസിനുള്ളില്‍ കയ്യാങ്കളിയായി. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ തല്ലിത്തകര്‍ത്തിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്പീക്കര്‍ ശക്തനും മന്ത്രി മുനീറും പങ്കെടുത്ത, ആറുമാസം മുമ്പ് നടന്ന പഞ്ചായത്ത് വികസനോത്സവത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 38 വനിതകള്‍ക്ക് ഓട്ടോറിക്ഷകള്‍ നല്കുന്ന വിതരണത്തിന്റെ ഉദ്ഘാടനം നടന്നു. അഞ്ചുപേര്‍ക്ക് വാഹനത്തിന്റെ താക്കോല്‍ദാനവും നടന്നു. ഏല്ലാപേരോടും ഓട്ടോറിക്ഷ ഓടിക്കുന്നതിനുള്ള ലൈസന്‍സും ബാഡ്ജും എടുക്കാന്‍ പറഞ്ഞു. യോഗം അവസാനിച്ച ഉടന്‍ കമ്പനിക്കാര് കൊണ്ടുവന്ന ഓട്ടൊറിക്ഷകള്‍ തിരികെക്കൊണ്ടുപോയി. ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം ഇവിടെയുണ്ടെങ്കിലും അത്യാവശ്യം കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമില്ല. വാഹനം ആശുപത്രിക്കു മുമ്പില്‍ എത്തുന്നതിനും കഴിയുന്നില്ല.
പള്ളിമുക്ക്-പേയാട് റോഡില്‍ പനങ്ങോട് വാര്‍ഡുമായി ഉള്‍പ്പെട്ടുവരുന്ന ബഹുനില കെട്ടിടങ്ങള്‍ക്കും ഫ്ളാറ്റുകള്‍ക്കും നിര്‍മ്മാണ അനുമതിക്കായി പഞ്ചായത്ത് മാനദണ്ഡങ്ങള്‍ അവഗണിച്ചു പ്രവര്‍ത്തനാനുമതി നല്കി പ്രസിഡന്റ് ലക്ഷങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും ആരോപണമുണ്ട്.
സ്വജനപക്ഷപാതവും അഴിമതിയും നടത്തി ജനങ്ങളെ വഞ്ചിക്കുന്ന കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ ഭീകരത ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിച്ചും ബിജെപിയിലെ മൂന്ന് അംഗങ്ങള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ചും പ്രചാരണ പ്രവര്‍ത്തനം നടത്തുകയാണ്. 50ല്‍ താഴെ വോട്ടുകള്‍ക്കാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിരവധി സീറ്റുകള്‍ നഷ്ടപ്പെട്ടത്. പഞ്ചായത്തിലെ 17 വാര്‍ഡുകളിലും മികച്ച പ്രവര്‍ത്തകരെ അണിനിരത്തിയാണ് ബിജെപി മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: