ന്യൂദല്‍ഹി: ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്റെ രൂപീകരണം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയോടെ രണ്ടു ജനാധിപത്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു. നിയമന കമ്മീഷനുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നാണ് ലഭിക്കുന്ന വിവരം. കേസിന്റെ വാദത്തിനിടെ കോടതി നിലപാട് എന്തുതന്നെയായാലും നിലവിലെ കൊളീജിയം സംവിധാനം തുടരാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
1993ലാണ് കൊളീജിയം സംവിധാനം രൂപീകരിക്കുന്നത്. അതിനു മുമ്പുവരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളായിരുന്നു സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിച്ചിരുന്നത്. വ്യാപകമായ പരാതികള്‍ ഉയര്‍ന്നതോടെയാണ് കൊളീജിയം സംവിധാനം വന്നത്. എന്നാല്‍ കൊളീജിയം സംവിധാനം വഴി നിയമിതരായ ജഡ്ജിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 2009ല്‍ കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ പരിഷ്ക്കരണ ബില്‍ കൊണ്ടുവന്നു. എന്നാല്‍ മന്ത്രിതല സമിതി റിപ്പോര്‍ട്ട് നല്‍കാതിരുന്നതിനെ തുടര്‍ന്ന് ബില്‍ പാസായില്ല. തുടര്‍ന്ന് 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് ബില്‍ കൊണ്ടുവരുന്നത്.
ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കുന്നതിനായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടു ജഡ്ജിമാര്‍, രണ്ട് പ്രമുഖ വ്യക്തികള്‍, കേന്ദ്രനിയമ മന്ത്രി എന്നിവരടങ്ങുന്ന 6 അംഗ കമ്മീഷന് ന്യായാധിപ നിയമനം തീരുമാനിക്കുമെന്നായിരുന്നു ബില്‍. രണ്ടു പ്രമുഖ വ്യക്തികളെ ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതി തീരുമാനിക്കും.
ഭരണഘടനാ ഭേദഗതി ബില്ലായതിനാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. 2014 ആഗസ്ത് 13ന് രാജ്യസഭയും 14ന് രാജ്യസഭയും ബില്‍ പാസാക്കി. ഡിസംബറില്‍ 16 സംസ്ഥാന നിയമസഭകള്‍ ഭരണഘടനാ ഭേദഗതി പാസാക്കി കേന്ദ്രസര്‍ക്കാരിന് ബില്ലയച്ചു നല്കി. 2015 ജനുവരി 1ന് ഭരണഘടനാ ഭേദഗതിയില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഒപ്പുവെച്ചു. ഇതോടെ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് നിലവില്‍ വന്നു.
തൊട്ടടുത്ത ദിവസം തന്നെ സുപ്രീംകോടതിയിലെ അഭിഭാഷക സംഘടന നിയമത്തിനെതിരെ ഹര്‍ജി നല്കി. കേസിലെ വിധി വരുന്നതു വരെ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനുമായി സഹകരിക്കില്ലെന്ന് മെയ് 27ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു പ്രധാനമന്ത്രിക്ക് കത്തെഴുതി.
കമ്മീഷന് റദ്ദാക്കിയാലും പഴയ കൊളീജിയം സംവിധാനത്തിലേക്ക് തിരികെ പോകാന്‍ അനുവദിക്കില്ലെന്ന് വാദത്തിനിടെ ജൂണ്‍ 16ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇതു ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കില്ലേയെന്ന സംശയത്തിന് പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഒരുക്കമാണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്.
രാജ്യത്തെ ഹൈക്കോടതികളിലുള്ള ജഡ്ജിമാരെപ്പറ്റി വ്യാപകമായ പരാതികള്‍ നിലവിലുള്ള സാഹചര്യത്തില്‍ കൊളീജിയം സംവിധാനവുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ചത്. 120 കോടി ജനങ്ങളുടെ പ്രതിനിധികളായവരില് മൂന്നില്‍ രണ്ടുപേരും അംഗീകരിച്ച തീരുമാനത്തിനെതിരെ ചുരുക്കം ചില ന്യായാധിപര്‍ മാത്രം നിലപാട് സ്വീകരിക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന നിലപാടാണ് രാജ്യത്തെ നിയമലോകത്തുനിന്നും ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: