മുഹമ്മ: വേദവ്യാസ വിദ്യാപീഠത്തില്‍ സൂര്യകാലടി തന്ത്രിമുഖ്യന്‍ സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ 1008 നാളികേരസഹിതം വാഞ്ച്ഛാകല്പ്പതായാഗം, മഹാഗണപതിഹോമം എന്നിവ നാളെ നടക്കും.
ഗണേശ ആരാധനായജ്ഞ പദ്ധതികളില്‍ അത്യപൂര്‍വ്വ യാഗമാണിത്. ഉദ്ദിഷ്ട കാര്യസിദ്ധിക്കാണ് ഈ യജ്ഞം നടത്തുന്നതെന്ന് തന്ത്ര ഗ്രന്ഥങ്ങളില്‍ പറയുന്നു. പുരുഷ സ്വഭാവങ്ങളായ ഗണപതി മന്ത്രങ്ങളും സ്ത്രീ സ്വഭാവങ്ങളായ ത്രിപുര സുന്ദരി മന്ത്രങ്ങളും കൂട്ടിയിണക്കിയാണ് യാഗം നടത്തുന്നത്. ഗണേശസുന്ദരിയായാണ് ദേവതസ്വരൂപത്തെ ആചരിക്കുന്നത്.
ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വേദവ്യാസ വിദ്യാപീഠത്തിന് മണ്ണാരങ്ങാട്ട് സ്വാമി ധര്മാനന്ദ തീര്‍ത്ഥ നല്കിയ സ്ഥലത്ത് പുതുക്കി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നാളെ നടക്കും. അതോടൊപ്പം സ്വാമി ധര്മാനന്ദതീര്ത്ഥ ബ്ലോക്കിന്റെ ഉദ്ഘാടനം തന്ത്രി സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാട് നിര്‍വഹിക്കും. ഭാരതീയ സംസ്ക്കാരത്തിന് ഊന്നല്‍ കൊടുത്ത് പഞ്ചാംഗ ശിക്ഷണവും ചതുര്ഭാഷാപഠനവുമാണ് ഇവിടെ നടന്നുവരുന്നത്.
21 മുതല്‍ 23 വരെ നവരാത്രി ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. പൂജവെപ്പും വിദ്യാരംഭവും ആചരിക്കുന്ന സ്കൂളില്‍ ശിശു വാടികയിലേയ്ക്ക് പ്രവേശനവും നടക്കും. യോഗ പരിശീലന ക്ലാസിന് ഡോ:വിഷ്ണുമോഹന് നേതൃത്വം നല്‍കും. അടുത്ത അഞ്ചുവര്‍ഷത്തിനകം അന്താരാഷ്ട്ര നിലവാരമുള്ള റസിഡന്‍ഷ്യല്‍ സ്കൂളായി ഉയര്‍ത്തുകയാണ് ഭാരവാഹികളുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: