കോഴിക്കോട്: വരണാധികാരി സിപിഎമ്മിന് അനുകൂലമായി പെരുമാറുന്നുവെന്നാരോപിച്ച് പത്രിക സൂക്ഷ്മപരിശോധനസ്ഥലത്ത് ഉപരോധം. കോര്പ്പറേഷന് ഓഫീസിലാണ് വൈകീട്ട് 5 മണിയോടെ പ്രതിഷേധം അരങ്ങേറിയത്. മുന്‍മേയറും സിപിഎം നേതാവുമായ തോട്ടത്തില്‍ രവീന്ദ്രന് നാമനിര്‍ദ്ദേശപത്രികയുടെ കൂടെ നല്കുന്ന സത്യവാങ്മൂലത്തില്‍ തന്റെ പേരിലുള്ള വിജിലന്‍സ് കേസിനെക്കുറിച്ച് സൂചിപ്പിച്ചില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതുസംബന്ധിച്ചുള്ള പരാതി സ്വീകരിക്കാന്‍ വരണാധികാരി ആദ്യംതയ്യാറയില്ല. ഇതിനെത്തുടര്‍ന്നാണ് കോര്പ്പറേഷന് ഓഫീസര്‍ വൈകീട്ട് പ്രതിഷേധം അരങ്ങേറിയത്
മുന്മേയര് തോട്ടത്തില്‍ രവീന്ദ്രന്, മേയര്‍ സ്ഥാനത്തേയ്ക്ക് സാധ്യത കല്പിക്കപ്പെടുന്നവരിലൊരാളായ വി കെ സി മമ്മദ്കോയ എന്നിവരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ടാണ് കോര്പറേഷന് വരണാധികാരി മുമ്പാകെ പരാതികള്‍ ലഭിച്ചത്. മുസ്ലീം ലീഗ് വിട്ട് ഇടതുസ്വതന്ത്രനായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പത്രികയും സൂക്ഷ്മപരിശോധനയില്‍ തള്ളണമെന്ന് പരാതിയുമായി ആളുകളെത്തിയതും കോര്പറേഷന് ഓഫിസ് പരിസരത്ത് സംഘര്‍ഷം സൃഷ്ടിച്ചു.
മുന്മേയര് തോട്ടത്തില്‍ രവീന്ദ്രനെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസ് നിലവിലുണ്ടെന്ന് കാണിച്ച് എം ജഗന്നാഥന് പരാതി നല്‍കിയത്. തോട്ടത്തിലിനെതിരെ ഫയല്‍ ചെയ്ത കേസിന്റെ എഫ് ഐ ആര് ഉള്‍പ്പെടെയുള്ള രേഖകളും പരാതിക്കാര്‍ വരണാധികാരിയ്ക്ക് മുമ്പാകെ ഹാജരാക്കി.
എന്നാല്‍ പരാതി സ്വീകരിക്കാന്‍ വരണാധികാരി ആദ്യം തയ്യാറായില്ല. 75 പേരുടെയും നോമിനേഷന് അംഗീകരിച്ചതിനുശേഷം ബിജെപി പ്രവര്‍ത്തകര്‍ വരണാധികാരിക്ക് വീണ്ടും പരാതി നല്‍കാനെത്തി. സിപിഎമ്മിനുവേണ്ടി വരണാധികാരി ഏകപക്ഷീയമായി പെരുമാറുകയാണെന്ന് ബിജെപി പ്രസിഡന്റ് രഘുനാഥ് പറഞ്ഞു. വരണാധികാരിയായ ഡപ്യൂട്ടി തഹസില്‍ദാര്‍ പരാതിസ്വീകരിച്ചതിനു ശേഷമാണ് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചത്. എന്‍.പി. രാധാകൃഷ്ണന് ,പി. പീതാംബരന്, ശ്യാം അശോക് എന്നിവര്‍ നേതൃത്വം നല്കി.
ഇടതുമുന്നണിയുടെ അരീക്കാട് സ്ഥാനാര്‍ത്ഥി വി കെ സി മമ്മദ്കോയയ്ക്ക് രണ്ട് വാര്‍ഡില്‍ വോട്ടുണ്ടെന്നും ഇക്കാര്യം മറച്ചുപിടിച്ച സ്ഥാനാര്‍ത്ഥിയ്ക്കെതിരെ ചട്ടപ്രകാരം നടപടിയെടുക്കണമെന്നും ലീഗ് സ്വതന്ത്രനായി മത്സരിക്കുന്ന എതിര്‍സ്ഥാനാര്‍ത്ഥി എസ് വി എസ് എം ഷമീല്‍ പരാതി നല്കി. എന്നാല്‍ രണ്ടാമത്തെ വാര്‍ഡില്‍ നിലവിലുള്ള വോട്ട് റദ്ദ് ചെയ്ത് വോട്ടര്‍പട്ടികയില്‍ നിന്നും പേര് നീക്ക് ചെയ്തിട്ടുണ്ടെന്ന വിശദീകരണമാണ് കോര്പറേഷന് വരണാധികാരിയില്‍ നിന്നും ലഭിച്ചത്.
അതേസമയം ഗുരുതരമായ ആരോപണമാണ് നല്ലളം വാര്‍ഡിലെ ഇടതുസ്വതന്ത്രനായി മത്സരിക്കുന്ന വി പി ആലിക്കോയയ്ക്കെതിരെ ഉന്നയിക്കപ്പെട്ടത്. സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ലീഗ് വിട്ട് പുറത്തുപോയ ആലിക്കോയയെ എല്‍ ഡി എഫ് പിന്തുണയ്ക്കുകയായിരുന്നു.
രണ്ട് വിവാഹം ചെയ്തതും രണ്ടാം ഭാര്യയുടെ സ്വത്ത് വിവരവും മറച്ചുവെച്ചാണ് ആലിക്കോയ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതെന്നും അതിനാല്‍ പത്രിക തള്ളണമെന്നുമാണ് പരാതിക്കാര്‍ ആവശ്യപ്പെട്ടത്. താമരശ്ശേരി സ്വദേശിനി റഹ്മത്ത് ആലിക്കോയയുടെ രണ്ടാം ഭാര്യയാണെന്ന കാര്യം വ്യക്തമാക്കുന്ന താമരശ്ശേരി ഹിദായത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ സാക്ഷ്യപത്രത്തിന്റെ പകര്‍പ്പും പരാതിക്കാര്‍ കോര്പറേഷന് വരണാധികാരി മുമ്പാകെ ഹാജരാക്കി. യഥാര്‍ത്ഥ വിവരം മറച്ചുവെച്ച് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ആലിക്കോയയുടെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളണമെന്ന ആവശ്യം കോര്പറേഷന് വരണാധികാരി പരിഗണിക്കാതെ വന്നതോടെ പരാതിയുമായെത്തിയവര്‍ നഗരസഭാ ഓഫിസിനകത്ത് ബഹളംവെയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: