മുംബൈ: കപില്‍ ദേവിനും ജവഗല്‍ ശ്രീനാഥിനും ശേഷം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളര്‍ സഹീര്‍ ഖാന് രാജ്യാന്തര ക്രിക്കറ്റിനോടും ആഭ്യന്തര ക്രിക്കറ്റിനോടും വിടപറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മുപ്പത്തിയേഴുകാരന് സഹീര്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം, ഐപിഎല്ലില്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായ സഹീര്‍ ഒരു സീസണില്‍ കൂടി കളിക്കുമെന്നും വ്യക്തമാക്കി. ഒരു ദിവസം 18 ഓവര്‍ പന്തെറിയാന്‍ ശരീരം അനുവദിക്കുന്നില്ലെന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് സഹീര്‍ പറഞ്ഞു. അവസാനിപ്പിക്കാനുള്ള സമയമായി. പിന്തുണ നല്കിയ എല്ലാവര്ക്കും നന്ദി- താരം കുറിച്ചു.
ഇന്ത്യ ജന്മം നല്കിയ എക്കാലത്തെയും മികച്ച ഇടംകൈയന്‍ പേസറാണ് സഹീര്‍. ഒന്നര പതിറ്റാണ്ട് നീണ്ട കരിയറില്‍ ഇന്ത്യയ്ക്കായി 92 ടെസ്റ്റും, 200 ഏകദിനങ്ങളും 17 ട്വന്റി20 മത്സരവും കളിച്ചു. ടെസ്റ്റില്‍ 311 വിക്കറ്റും ഏകദിനത്തില്‍ 282 വിക്കറ്റുകളും ഇദ്ദേഹത്തിന്റെ പേരില്‍. ടെസ്റ്റിലെ വിക്കറ്റ്വേട്ടയില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ നാലാമതാണ് ഈ ബറോഡ പേസര്‍. 619 വിക്കറ്റ് വീഴ്ത്തിയ അനില്‍ കുംബ്ലെ ഒന്നാമത്. കപില്‍ ദേവ് (434), ഹര്ഭജന് സിങ് (417) എന്നിവരും സഹീറിന് മുന്നില്‍. 2011 ലോകകപ്പ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചതില്‍ മുഖ്യ പങ്ക് സഹീറിനുമുണ്ട്. 21 വിക്കറ്റുകളോടെ വിക്കറ്റ്വേട്ടക്കാരില് മുന്നിലെത്തി എതിരാളികളെ ഭീതിയിലാഴ്ത്തി സഹീര്‍. അതും പേസിനെ ഏറെയൊന്നു തുണയ്ക്കാത്ത ഉപഭൂഖണ്ഡത്തിലെ പിച്ചുകളില്‍. താന്‍ നേരിട്ടതില്‍ ഏറ്റവും വൈഷമ്യമേറിയ ബൗളര്‍ സഹീറാണെന്ന് അടുത്തിടെ വിരമിച്ച ലങ്കന്‍ ബാറ്റിങ് ഇതിഹാസം കുമാര്‍ സംഗക്കാര പറഞ്ഞതില്‍ കൂടുതലൊന്നും വേണ്ടല്ലോ ഇദ്ദേഹത്തെ വിലയിരുത്താന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: