ആലപ്പുഴ: നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ എക്സൈസും പോലീസും നടത്തിയ പരിശോധനയില്‍ നഗരത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. അഞ്ചുലക്ഷത്തില്പരം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് എക്സൈസ് പിടികൂടിയത്. കൂടാതെ സൗത്ത് പോലീസ് നടത്തിയ പരിശോധനയിലും പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തു. നിരോധിത പുകയില ഉത്പന്നമായ 12,000 പാക്കറ്റ് ഹാന്‍സാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. സക്കറിയാ ബസാറിലെ സ്കൂളിനു സമീപത്തുനിന്നാണ് ആദ്യം പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.
ആലപ്പുഴ വട്ടയാല്‍ അരയന്‍പറമ്പില്‍ ഹനസിന്റെ പക്കല്‍ നിന്നുമാണ് 1500 പാക്കറ്റ് ഹാന്സടങ്ങിയ ചാക്കുകെട്ട് പിടിച്ചെടുത്തത്. രഹസ്യവിവരത്തെത്തുടര്‍ന്നു ആലപ്പുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചത്. തുടര്‍ന്ന് ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനു സമീപത്തെ ബസ് ഷെല്‍ട്ടറിനു സമീപം രണ്ടുവലിയ കാര്‍ട്ടനുകളിലായി സൂക്ഷിച്ചിരുന്ന 10,500 പാക്കറ്റ് ഹാന്‍സും കണ്ടെടുത്തു. പാഴ്സലായി റെയില്‍വേ വഴി സംസ്ഥാനത്തിനു പുറത്തുനിന്നും കൊണ്ടുവന്നതാണ് നിരോധിത പുകയില ഉത്പന്നമെന്നു കരുതുന്നു.
കാര്‍ട്ടനുകളില്‍ അഞ്ചുവീതം പ്ലാസ്റ്റിക് ചാക്കുകളിലാക്കിയ നിലയിലായിരുന്നു പുകയില ഉത്പന്നം. പുകയില ഉത്പന്നത്തിന്റെ ഗന്ധം പുറത്തുവരാതിരിക്കുന്നതിനായി ഒന്നിലധികം തവണ പൊതിഞ്ഞ നിലയിലുമായിരുന്നു. സംഭവം സംബന്ധിച്ചു കോട്പാ നിയമപ്രകാരം കേസെടുത്തു. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ ആലപ്പുഴ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നിരവധിത്തവണ ഇത്തരത്തില്‍ ആലപ്പുഴ നഗരത്തില്‍ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയിരുന്നു. റെയില്‍വേ പോലീസും പുകയില ഉത്പന്നങ്ങള്‍ പലതവണ പിടിച്ചെടുത്തിരുന്നു. ആലപ്പുഴയില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും പാഴ്സലായാണ് പുകയില ഉത്പന്നങ്ങള്‍ കടത്തുന്നതെന്നു കണ്ടെത്തിയെങ്കിലും ഇതുവരെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനോ പിടികൂടാനോ ഉള്ള ശ്രമം ബന്ധപ്പെട്ട വകുപ്പുകളുടെ സ്ഥാനത്തുനിന്നും ഉണ്ടായിട്ടില്ലെന്നു ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ നടന്ന പരിശോധനയ്ക്ക് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ എസ് നിസാം, സിവില്‍ എക്സൈസ് ഓഫീസലര്മാരായ കെ എസ് അലക്സ്, വി കെ മനോജ്കുമാര്‍, കെ വിനോദ്കുമാര്‍, ഓസ്ബര്‍ട്ട്, ജോസ് എന്നിവരും പങ്കെടുത്തു.
ഇതിനിടെ ഇന്നലെ രാവിലെ സൗത്ത് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ രണ്ടുകടകളില്‍ നിന്നായി 250 പാക്കറ്റോളം പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തു. വെള്ളക്കിണര്‍ തെക്കുഭാഗത്തുള്ള കടയില്‍ നിന്നും കൊത്തുവാല്‍ ചാവടി പാലത്തിനു സമീപത്തു നിന്നുള്ള കടയില്‍ നിന്നുമാണ് പാക്കറ്റുകള്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സുല്‍ഫി, നൗഷാദ് എന്നിവരെ പോലീസ് പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: