വേദവ്യാസ മഹര്‍ഷി തന്റെ ആശ്രമത്തില്‍ വന്ന് കുരുവികളേയും അവയുടെ കുഞ്ഞുങ്ങളെയും കണ്ട് സന്തോഷത്താല്‍ ചിന്താധീനനായി. വലുതായാല്‍ വേര്‍പിരിഞ്ഞു പറന്നുപോകുന്ന ഈ പക്ഷികള്ക്കുകൂടി ഇത്രയധികം പുത്രസ്നേഹം ഉണ്ടെങ്കില്‍ മനുഷ്യന്റെ കാര്യം എന്തായിരിക്കും? പുത്രനില്ലാത്തവന് ഈ സുഖം ഉണ്ടാകില്ലെന്നു കരുതി വ്യാസന് നാരദരെ സമീപിച്ച് ചോദിക്കുന്നു.
”ഹേ! ദേവര്‍ഷേ! പുത്രനില്ലാത്തവന്റെ ജീവിതം വ്യര്‍ത്ഥമാണെന്ന് തോന്നുന്നു. പുത്രനുണ്ടാകാന്‍, ജീവിതം സാര്‍ത്ഥകമാകാന്‍ ഞാന്‍ ഏതു ദേവനെ ഭജിക്കണം? അപ്പോള്‍ നാരദമഹര്‍ഷി പറഞ്ഞു.
”പണ്ട് മൂന്നു ലോകങ്ങളും ഏകാര്‍ണവത്തില്‍ ലയിച്ചു കിടന്നപ്പോള്‍ വിഷ്ണു യോഗനിദ്രയില്‍ ആയിത്തീര്‍ന്നു. തിരകള്‍ കാറ്റിലടിച്ച് ഭഗവാന്റെ കര്‍ണങ്ങളില്‍ വന്ന് അഴുക്കുകളായി. ആ കര്‍ണമലം എടുത്തു കളഞ്ഞപ്പോഴാണ് മധു-കൈടഭന്മാര്‍ ഉണ്ടായത്. അവര്‍ കാറ്റിന്റെ ശബ്ദം കേട്ട് അതിനെ അനുകരിക്കാന്‍ തുടങ്ങി. ആ ശബ്ദം അക്ഷരമായി. അത് ഏതോ ശക്തിയുടെ പ്രാഭവമാണല്ലൊ എന്നുകരുതി മനസ്സില്‍ ധ്യാനിച്ച് ജപിച്ചതിനാല്‍ അവര്‍ക്ക് പരാശക്തി പ്രത്യക്ഷമായി എന്തുവരം വേണമെന്ന് ചോദിച്ചു?”
”ഞങ്ങളുടെ ഇഷ്ടപ്രകാരമല്ലാതെ ഞങ്ങള്‍ക്ക് മരണം സംഭവിക്കരുത്.” ഇവരുടെ അഭ്യര്‍ത്ഥന കേട്ട ദേവി ”അങ്ങനെ തന്നെയാവട്ടെ” എന്ന് അനുഗ്രഹിച്ചു. വരം കിട്ടിയ മധു-കൈടഭന്മാര്‍ ഏകാര്‍ണവത്തില്‍ മദിച്ചു നടക്കുന്നതിനിടെ ഒരു താമരയ്ക്കുള്ളിലിരിക്കുന്ന ബ്രഹ്മാവിനെ കണ്ടു. അഹങ്കാരികളായ അവര്‍ ബ്രഹ്മാവിനെ യുദ്ധത്തിന് വിളിക്കുന്നു. തയ്യാറല്ലെങ്കില്‍ ഈ താമര ഉപേക്ഷിച്ച് മറ്റെവിടെയെങ്കിലും പോകാനായിരുന്നു ആജ്ഞ.
ഭയചകിതനായ ബ്രഹ്മാവ്താമരത്തണ്ടിലൂടെ ഉള്ളില്‍ ചെന്ന് വിഷ്ണുവിനെ ഉണര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഭഗവാന് യോഗനിദ്രയില്‍നിന്നും ഉണര്‍ന്നില്ല. അപ്പോള്‍ പരാശക്തിയുടെ മറ്റൊരു രൂപമായ നിദ്രാദേവിയെ ബ്രഹ്മാവ് സ്തുതിച്ചു. ഈ സമയം നിദ്രാധീനനായ വിഷ്ണുവിന്റെ കണ്ണുകളില്‍നിന്നും ദേവി മാറിനിന്ന് ‘യോഗനിദ്ര’ അസുരന്മാരെ മോഹിപ്പിച്ചു. നിദ്രയില്‍നിന്നും ഉണര്‍ന്ന് തങ്ങളോട് യുദ്ധം ചെയ്യുന്ന വിഷ്ണുവിനോട്- ”എന്തുവരമാണ് വേണ്ടതെന്ന്” ചോദിച്ചു. അവരെ വധിക്കാനുള്ള വരമാണ് വിഷ്ണു ആവശ്യപ്പെട്ടത്. എല്ലായിടത്തും ജലം നിറഞ്ഞിരിക്കുന്നതിനാല്‍ ജലമില്ലാത്ത സ്ഥലത്തുവെച്ചേ തങ്ങളെ വധിക്കാവൂ എന്നായിരുന്നു അവരുടെ മറുപടി. അതുകേട്ട ഭഗവാന് തന്റെ തുടയില്‍വെച്ച് വധിച്ചു.
ബ്രഹ്മാവ് ഈ കഥ തന്റെ പുത്രനായ നാരദര്‍ക്കും നാരദര് അത് വേദവ്യാസമഹര്ഷിക്കും ഉപദേശിച്ചു.
മഹാവിഷ്ണുവിനെപ്പോലും മോഹിപ്പിച്ചു കിടത്തക്ക ശക്തിയാണ് ഈ മഹാമായ. ഇതിനെ ‘ബ്രഹ്മം’ എന്നും വിളിക്കും.
ഈ പരാശക്തിയെ ഭജിച്ചാല്‍ ദുഃഖവും ഭയവും തീരും.
ഈ ദേവി ദേവ-പിതൃഗണങ്ങള്‍ക്കും യജ്ഞങ്ങള്‍ക്കുമുള്ള മന്ത്രരൂപേണ വര്‍ത്തിച്ച് അതത് ദേവപ്രസാദത്തെ കൊടുക്കുന്നു.
മാഹാത്മ്യം അറിയാതെയാണെങ്കിലും കാറ്റില്‍നിന്നും ആ ശബ്ദം വാഗ്ബീജ മന്ത്രമായിരുന്നു. അതു ജപിച്ചതിനാലാണ് മധു-കൈടഭന്മാര്ക്കുപോലും വിഷ്ണുവിനോട് യുദ്ധം ചെയ്യാന്‍ കഴിഞ്ഞത്. പക്ഷേ ഭക്തിയോ വിനയമോ ഇല്ലാതെ അഹങ്കാരമുണ്ടായതിനാല് അവര്‍ക്ക് മരണവും സംഭവിച്ചു.
വ്യാസനാകട്ടെ, ദേവിയെ പൂജിച്ചതിനാല് ശുകനെന്ന തന്നെക്കാള്‍ വിജ്ഞാനിയായ ഒരു പുത്രനുണ്ടായി.
വ്യാസന് പറയുന്നു: ”ഏതു യാഗമോ പൂജയോ ചെയ്യുകയാണെങ്കിലും അത് അഹങ്കാരമില്ലാതെ ശുദ്ധമായി സ്വയം ഉണ്ടാക്കിയ ധനം കൊണ്ടേ ചെയ്യാവൂ എന്ന്.”
ധര്‍മപുത്രര്‍ രാജസൂയ യാഗം ചെയ്തു. ശ്രീകൃഷ്ണനെ അഗ്രാസനത്തിലിരുത്തി പൂജിച്ചു. ഋഷികളും മഹര്‍ഷിമാരും സന്നിഹിതരായിട്ടും ചൂതു കളിച്ച് തങ്ങളുടേതായ എല്ലാം നഷ്ടപ്പെട്ടു. ഏതൊരു ശിരസ്സിലാണോ രാജസൂയ അഭിഷേകത്താല്‍ പവിത്രമാക്കപ്പെട്ടത് സ്വന്തം പത്നിയെ കണ്മുന്നില് വെച്ച് സഭയില്‍ വലിച്ചിഴച്ച് മുടിചുറ്റിപ്പിടിച്ച് അപമാനിക്കപ്പെട്ടു. ഇത് രാജസൂയ യാഗത്തിന്റെ ദ്രവ്യക്കുറ്റമാണ്. വ്യാസന് തുടരുന്നു: ”രാജസൂയയാഗത്തിന് ഉപയോഗിച്ച ധനം-യാതൊരു ഭക്തിയോ വിനയമോ ഇല്ലാത്ത ശിശുപാലന്റേതായിരുന്നു. കൂടാതെ അഹങ്കാരവും.
ക്ഷണിച്ചുവരുത്തിയ ദുര്യോധനനെ സ്ഥലജല ഭ്രമത്താല്‍ വീണുപോയതിന് പാഞ്ചാലി ഉറക്കെ ചിരിച്ച് അപമാനിക്കുന്നു. ഭീമന് കൈകൊട്ടി ചിരിക്കുന്നു. രാജകുമാരന്മാരായിട്ടും നാടുംവീടും വിട്ട് കാട്ടില്‍ നടന്നിരുന്നവരാണ് ഇന്ദ്രപ്രസ്ഥം കണ്ട് ഭ്രമിച്ചുപോയി. ധനവും ഐശ്വര്യവും വരുമ്പോള്‍ വിനയമാണ് വേണ്ടത്. ഒരിക്കലും വീട്ടില്‍ വരുന്ന അതിഥിയെ അപമാനിക്കരുത്.”
മാനസപൂജ പോലെ മറ്റൊന്നും പൂര്‍ണമായി തീരില്ല. ആദ്യം സ്വന്തം ശരീരവും ശുദ്ധമാക്കണം. ഇന്ദ്രിയങ്ങളാല്‍ ആഗ്രഹിക്കപ്പെടുന്ന എല്ലാറ്റിനേയും ത്യജിച്ച് വൃത്തിയുള്ള സ്ഥലത്ത് നിശ്ശബ്ദനായിരിക്കുക.
മനസ്സുകൊണ്ട് മണ്ഡപം തീര്‍ത്ത് അതില്‍ പീഠം സ്ഥാപിച്ച് ദേവിയെ പ്രതിഷ്ഠിക്കുക. ഈ യജ്ഞത്തിന്റെ യജമാനന് (യജ്ഞം ചെയ്യിക്കുന്ന ആള്) മനസ്സാണ്. ഹോതാവും മനസ്സാണ്. അധിദേവത നിര്‍ഗുണയായ ബ്രഹ്മമാണ്. എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ആ പരാശക്തിയെ ആവാഹിച്ച് ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് ചന്ദനം, പുഷ്പം, ധൂപം, ദ്വീപം എന്നിവ സങ്കല്‍പ്പിച്ച് അറിയാവുന്ന നൈവേദ്യങ്ങള്‍ നിവേദിച്ച് മനസ്സിനെ മറ്റെങ്ങും വിടാതെ നിയന്ത്രിച്ച് ധ്യാനിക്കുക. എങ്കില്‍ ഈ മായയാലുണ്ടാകുന്ന ദുഃഖങ്ങളെല്ലാം ഭസ്മമാകുമെന്ന് വ്യാസന് ഓര്‍മിപ്പിക്കുന്നു.
ഫോണ്‍ : 9446239120
പ്രതികരിക്കാൻ ഇവിടെ എഴുതുക: