പുല്‍പ്പള്ളി: ഇന്നലെ പുലര്‍ച്ചെ മുതല്‍ ചീയമ്പം 73 കോളനി പരിസരത്ത് ഭീതി പരത്തിയ കടുവ മയക്കുവെടിയേറ്റതിനെ തുടര്‍ന്ന് ചത്തു. ചൊവാഴ്ച്ച പുലര്‍ച്ചെ ചീയമ്പം 73 കാട്ടുനായ്ക്ക കോളനിയിലെ കാളന്റെ മകന് ബസവന്റെ വീട്ടുമുറ്റത്താണ് കടുവയെ ആദ്യം കണ്ടത്. കോളനിവാസികള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് സൗത്ത് ഡിഎഫ്ഒ അബ്ദുള്‍ അസീസിന്റെയും വൈല്‍ഡ് ലൈഫ് വാര്ഡന് മോഹനന്‍പിള്ളയുടെയും നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി.
മണിക്കൂറുകളോളം പ്രദേശത്ത് ഭീതിവിതച്ച കടുവയെ വെറ്ററിനറി സര്ജന് ഡോ. ജിജിമോന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം മയക്കുവെടിവെച്ച് പിടിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. ഉച്ചക്ക് 12 മുതല്‍ രണ്ട് മണി വരെയുള്ള സമയത്തിനിടയില്‍ നാല് തവണ മയക്കുവെടി വെച്ചെങ്കിലും ഒന്നുപോലും ലക്ഷ്യം കണ്ടില്ല. തുടര്‍ന്ന് വയനാട് വെറ്ററിനറി മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫസര്‍ ഡോ. അരുണ്‍ സക്കറിയയാണ് മയക്കുവെടി വെച്ച് കടുവയെ പിടികൂടിയത്.
മയക്കുവെടി ഏറ്റ് വീണതോടെ കടുവ ചാവുകായിരുന്നു. കുറിച്ച്യാട് റെയ്ഞ്ച് ഓഫീസര്‍ അജിത് കെ. രാമന് ഉള്‍പ്പെടെ ജില്ലയിലെ എല്ലാ റെയ്ഞ്ച് ഓഫീസര്‍മാരും സംഭവസ്ഥലത്തെത്തി. കുറിച്ച്യാട് വന്യജീവിസങ്കേതവുമായി അതിര്‍ത്തി പങ്കുവെക്കുന്ന പ്രദേശമാണ് കെഎഫ്ഡിസിയുടെ പഴയ ഈ കാപ്പിത്തോട്ടം. ഏകദേശം എട്ട് വയസ്സ് പ്രായം തോന്നിക്കുന്ന കടുവയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: