പൂനെ: ഐഎസ്എല്‍ രണ്ടാം പതിപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് പൂനെ സിറ്റി എഫ്സി ഇന്ന് കളത്തിലിറങ്ങുന്നു. തുടര്‍ച്ചയായ രണ്ടാം വിജയം തേടിയിറങ്ങുന്ന റോബര്‍ട്ടോ കാര്‍ലോസിന്റെ ദല്‍ഹി ഡൈനാമോസ് എതിരാളികള്‍. രാത്രി 7ന് ശ്രീ ശിവ് ഛത്രപതി ശിവാജി സ്പോര്‍ട്സ് കോംപ്ലക്സില്‍ കിക്കോഫ്.
പൂനെ സിറ്റി ആദ്യ മത്സരത്തില്‍ മുംബൈസിറ്റി എഫ്സിയെ 3-1നും രണ്ടാം കളിയില്‍ സെല്‍ഫ് ഗോളിന്റെ കരുത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയും കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിനിറങ്ങുന്നത്. രണ്ടാം സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഏക ടീമും പൂനെ സിറ്റി എഫ്സിയാണ്. റുമാനിയന്‍ സൂപ്പര്‍താരം അഡ്രിയാന്‍ മുട്ടു, തുര്‍ക്കി സ്ട്രൈക്കര്‍ ടുന്‍കെ സാന്‍ലി, കോസ്റ്ററിക്കന്‍ താരം യെന്‍ഡ്രിക് റ്യുയിസ്, ഇന്ത്യന്‍ താരം ഇസ്റയില്‍ ഗുരുങ് എന്നിവരാണ് ടീമിലെ പ്രധാന സ്ട്രൈക്കര്‍മാര്‍. 4-3-3 ശൈലിയില്‍ കളിഞ്ഞ കളികളില്‍ കളത്തിലിറങ്ങിയ പൂനെ ഇന്നും ഇതേ രീതി തന്നെയായിരിക്കും അവലംബിക്കുക. മാര്‍ക്വീതാരം അഡ്രിയാന്‍ മുട്ടുവും ടുന്‍കെ സാന്‍ലിയും ഗുരുങും ആദ്യ ഇലവനില്‍ ഇറങ്ങാനാണ് സാധ്യത.
ഐവറികോസ്റ്റ് താരം ദിദിയര്‍ സകോറയായിരിക്കും കഴിഞ്ഞ മത്സരങ്ങളിലെ പോലെ മധ്യനിരയില്‍ കളിമെനയുക. ഒപ്പം ഇംഗ്ലണ്ട് താരം ജെയിംസ് ബെയ്ലിയും ലെനി റോഡ്രിഗസും ഇറങ്ങിയേക്കും. ഗോള്‍ പോസ്റ്റിന് മുന്നില്‍ ഇംഗ്ലണ്ട് താരം സ്റ്റീവന്‍ സിമ്മണ്സന് കാവല്‍ നില്ക്കും. പ്രതിരോധത്തില്‍ ഗുര്‍ജിന്ദര്‍ കുമാര്‍, അര്‍ജന്റീന താരം ഡീഗോ കൊളാട്ടോ, ഗുര്‍മാംഗി സിങ്, ഇംഗ്ലീഷ് താരങ്ങളായ നിക്കി ഷോറി, റോജര്‍ ജോണ്സണ് എന്നിവരില്‍ നിന്നായിരിക്കും പ്രതിരോധനിര കാക്കാനുള്ളവരെ തെരഞ്ഞെടുക്കുക. കഴിഞ്ഞ രണ്ട് കളികളിലും മധ്യനിര താരങ്ങളെ പ്രതിരോധത്തിലും പ്രതിരോധനിരക്കാരെ മിഡ്ഫീല്‍ഡിലും ഇറക്കി പരീക്ഷിച്ച് വിജയിച്ച അതേ തന്ത്രം തന്നെയായിരിക്കും കോച്ച് ഡേവിഡ് പ്ലാറ്റ് ഇന്നും പുറത്തെടുക്കുക. അതുകൊണ്ടുതന്നെ ഒരു ലൈനപ്പ് പ്രവചിക്കാനും കഴിയില്ല.
അതേസമയം കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടന്ന കളിയില്‍ ചെന്നൈയിന് എഫ്സയെ 1-0ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ദല്‍ഹി ഡൈനാമോസ്. ആദ്യ മത്സരത്തില്‍ എഫ്സി ഗോവക്കെതിരെ 2-0ന് പരാജയപ്പെട്ട ദല്‍ഹി സ്വന്തം തട്ടകത്തിലാണ് ചെന്നൈയെ മുട്ടുകുത്തിച്ചത്. എഫ്സി ഗോവക്കെതിരായ ആദ്യ മത്സരത്തില്‍ 5-3-2 ശൈലിയിലും ചെന്നൈക്കെതിരെ 4-2-3-1 ശൈലിയിലുമാണ് ദല്‍ഹി കളത്തിലിറങ്ങിയത്. ജോണ്‍ ആര്‍നെ റീസ് നയിക്കുന്ന പ്രതിരോധമാണ് ദല്‍ഹിയുടെ ഏറ്റവും കരുത്ത്. റീസിനൊപ്പം ചികാവോയും മലയാളി താരം അനസും കളത്തിലിറങ്ങുമ്പോള്‍ എതിര് സ്ട്രൈക്കര്‍മാര്‍ ഏറെ ബുദ്ധിട്ടും. ചെന്നൈയിന് എഫ്സിക്കെതിരെ മധ്യനിരയില്‍ ചികാവോയും മള്‍ഡറും ഇറങ്ങിയപ്പോള്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരായി ക്യാപ്റ്റനും ഫ്രഞ്ച് സൂപ്പര്‍താരവുമായ മലൂദയ്ക്കും ബ്രസീലിയന്‍ താരം ഗുസ്താവോയ്ക്കുമൊപ്പം ഇന്ത്യന്‍ താരം മമയും കളത്തിലിറങ്ങിയേക്കും.
സ്ട്രൈക്കറായി ഘാന താരം റിച്ചാര്‍ഡ് ഗാഡ്സെയും. ഇതിനൊക്കെ പുറമെയാണ് റോബര്‍ട്ടോ കാര്‍ലോസ് എന്ന ലോകത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കിന്റെ സാന്നിധ്യവും. ആദ്യ മത്സരത്തില്‍ പകരക്കാനായി കളത്തിലിറങ്ങിയ കാര്‍ലോസ് ചെന്നൈയിന് എഫ്സിക്കെതിരെ കളത്തിലിറങ്ങിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ദല്‍ഹിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇരുടീമുകളും സമനില പാലിച്ചപ്പോള്‍ എവേ മത്സരത്തില്‍ പൂനെയെ അവരുടെ തട്ടകത്തില്‍ ചെന്ന് ദല്‍ഹി ഡൈനാമോസ് 1-0ന് കീഴടക്കിയിരുന്നു. ഇതും അവരുടെ ആത്മവിശ്വാസം ഉയര്ത്തുന്നുമെന്ന് ഉറപ്പ്. എന്തായാലും ഇരുടീമുകളും തികഞ്ഞ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങുമ്പോള്‍ ആവേശകരമായ പോരാട്ടം ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: