കൊച്ചി: പീരുമേട്ടിലെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ കുട്ടികളുടെ സാമൂഹിക – വിദ്യാഭ്യാസാവസ്ഥ മനസ്സിലാക്കാനായി ലയങ്ങളില്‍ നേരിട്ടു സന്ദര്‍ശനം നടത്തിയ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് സംസ്ഥാന ഗവണ്മെന്റിന് ശുപാര്‍ശ സമര്‍പ്പിച്ചു. കമ്മീഷന് അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, മീന.സി.യു എന്നിവര്‍ പീരുമേട്ടിലെ ലയങ്ങള്‍ സന്ദര്‍ശിച്ച് ബോധ്യപ്പെട്ട വസ്തുതകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ശുപാര്‍ശയാണ് ഗവണ്മെന്റിന് സമര്‍പ്പിച്ചത്.
തേയിലത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ കുട്ടികള്‍ ഉള്‍പ്പെടെയുളള പതിനെട്ടില്‍ താഴെ പ്രായമുളളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പലതും ചെയ്യേണ്ടതുണ്ടെന്ന് കമ്മീഷന് കണ്ടെത്തി. ടോയ്ലറ്റ് സൗകര്യങ്ങളുടെ അപര്യാപ്തത, ലയങ്ങളുടെ ദയനീയാവസ്ഥ എന്നിവ കമ്മീഷന്റെ ശ്രദ്ധയില്‍പെട്ടു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നിരവധി നിര്‍ദ്ദേശങ്ങളാണ് കമ്മീഷന് ഗവണ്മെന്റിന് നല്‍കിയിരിക്കുന്നത്. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തുന്നതിനുളള നിര്‍ദ്ദേശങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. കമ്മീഷന് വിവിധ സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍, എസ്റ്റേറ്റ്് ഉടമകള്‍, ട്രേഡ് യൂണിയന് നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും തോട്ടം മേഖലയിലെ കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ടു മനസ്സിലാക്കുകയും ചെയ്തിരുന്നു.
കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട നടപടികള്‍ എല്ലാ വകുപ്പുകളും രണ്ടുമാസത്തിനകം കമ്മീഷനെ അറിയിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: