ബാകു: യൂറോ കപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ മുന്‍ ചാമ്പ്യന്മാര് ഇറ്റലിക്കും നെതര്‍ലന്‍ഡ്സിനും ജയം. ഇറ്റലി ഒന്നിനെതിരെ മൂന്നു ഗോളിന് അസര്‍ബെയ്ജാനെ തോല്‍പ്പിച്ച് യോഗ്യത ഉറപ്പിച്ചു. നെതര്‍ലന്‍ഡ്സ് ഒന്നിനെതിരെ രണ്ടു ഗോളിന് കസാഖിസ്ഥാനെ തോല്‍പ്പിച്ചെങ്കിലും യോഗ്യത ഇപ്പോഴും തുലാസില്‍.
ഗ്രൂപ്പ് എച്ചില് ഒമ്പത് കളികളില്‍ ആറു ജയത്തോടെ 21 പോയിന്റുമായി ഇറ്റലിയുടെ മുന്നറ്റം. എതിരാളികളുടെ തട്ടകത്തില്‍ എല്‍ഡര്‍ (11), എല്‍ സഹാരാവി (43), ഡാര്‍മിയന്‍ (65) എന്നിവര്‍ അസൂറികള്‍ക്കായി ലക്ഷ്യം കണ്ടപ്പോള്‍, നസറോവ് അസര്‍ബെയ്ജാന്റെ ആശ്വാസം. തങ്ങളുടെ മത്സരങ്ങള്‍ ജയിച്ച് നോര്‍വെയും ക്രൊയേഷ്യയും ഗ്രൂപ്പില്‍ പ്രതീക്ഷ നിലനിര്‍ത്തി. നോര്‍വെ 2-0ന് മാള്‍ട്ടയെ തുരത്തിയപ്പോള്‍, ക്രൊയേഷ്യ 3-0ന് ബള്‍ഗേറിയയെ കീഴടക്കി. നോര്‍വെയ്ക്ക് പത്തൊമ്പതും, ക്രൊയേഷ്യയ്ക്ക് പതിനേഴും പോയിന്റ്. അവസാന കളികളില്‍ ജയം കണ്ടാല്‍ നോര്‍വെ രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടും. ക്രൊയേഷ്യ പ്ലേ ഓഫിനും.
ഗ്രൂപ്പ് എയില്‍ ജോര്‍ജിനോ വിനാല്ദമും (33), വെസ്ലി സ്നെഡറും നേടിയ ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്സ് ജയം കണ്ടത്. ഇഞ്ചുറി ടൈമില്‍ കുവാറ്റ് കസാഖിസ്ഥാനായി ഒരു ഗോള്‍ മടക്കി. ഗ്രൂപ്പില്‍നിന്ന് ഐസ്ലന്ഡും, ചെക്ക് റിപ്പബ്ലിക്കും യോഗ്യത ഉറപ്പിച്ചു. ഒരു മത്സരം ശേഷിക്കെ ഐസ്ലന്ഡിന് 20, ചെക്കിന് 19 പോയിന്റ്. 15 പോയിന്റുള്ള തുര്‍ക്കിയാണ് മൂന്നാമത്. നെതര്‍ലന്‍ഡ്സിന് 13 പോയിന്റ്. അവസാന കളിയില്‍ ജയിച്ചാലും തുര്‍ക്കിയുടെ തോല്‍വി മാത്രമെ ഓറഞ്ച് പടയ്ക്ക് പ്ലേ ഓഫെങ്കിലും കളിക്കാനാകു. ഗ്രൂപ്പുകളിലെ മികച്ച മൂന്നാം സ്ഥാനക്കാര്‍ക്കാണ് പ്ലേ ഓഫിന് അവസരം. എതിരില്ലാത്ത രണ്ടു ഗോളിന് ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ച് തുര്‍ക്കി പ്രതീക്ഷ കാത്തത്. സെല്‍കുക് ഇനാനും ഹകന്‍ കാല്ഹാങൊഗ്ലുവും തുര്‍ക്കിയുടെ സ്കോറര്‍മാര്‍.
ഗ്രൂപ്പ് ബിയില്‍ ബോസ്നിയയോട് മടക്കമില്ലാത്ത രണ്ടു ഗോളിന് തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായി വെയ്ല്‍സ് യോഗ്യത നേടി. ജയം ബോസ്നിയയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ നല്കുന്നു. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം മിലാന് ദ്യുറിക്കും (71), വെദാദ് ഇബ്സെവിച്ചുമാണ് (90) ബോസ്നിയയ്ക്കായി ലക്ഷ്യം കണ്ടത്. 1958നു ശേഷമാണ് വെയ്ല്‍സ് വലിയൊരു ടൂര്‍ണമെന്റിന് യോഗ്യത നേടുന്നത്. ഗ്രൂപ്പില്‍ ഒന്നാമതുള്ള ബെല്‍ജിയം 4-1ന് അന്‍ഡോറയെ തകര്‍ത്തു. ബെല്‍ജിയത്തിനായി രാദ്ജ നെയ്ന്ഗ്ഗൊലന് (19), കെവിന് ഡി ബ്ര്യൂണ്‍ (42), ഏദന്‍ ഹസാര്‍ഡ് (56), ലോറന്റ് ഡിപൊയ്റ്റര് എന്നിവര്‍ സ്കോര്‍ ചെയ്തു.
ഇദെഫോന്സ് ലിമ അന്‍ഡോറയുടെ ആശ്വാസം. ഗ്രൂപ്പില്‍ ഒരു കളി അവശേഷിക്കെ ബെല്‍ജിയത്തിന് 20 പോയിന്റ്, വെയ്ല്‍സിന് 18 പോയിന്റ്, ബോസ്നിയയ്ക്ക് 14 പോയിന്റ്. അവസാന കളിയില്‍ ജയം നേടാനായാല്‍ ബോസ്നിയയ്ക്ക് പ്ലേ ഓഫ് കളിക്കാം. 13 പോയിന്റുള്ള ഇസ്രയേലും പ്രതീക്ഷകളുമായി രംഗത്തുണ്ട്. സൈപ്രസിനോട് തോറ്റതാണ് ഇസ്രയേലിനു വിനയായത് (2-1).
പ്രതികരിക്കാൻ ഇവിടെ എഴുതുക: