കൊച്ചി: ഗ്രൂപ്പും ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പും സ്ഥാനാര്‍ത്ഥി മോഹികളുടെ പടയും സമവാക്യം തെറ്റിച്ചതോടെ കൊച്ചി നഗരസഭയില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുന്നു. ഇന്നലെ അന്തിമ പട്ടിക തയ്യാറാകുമെന്നായിരുന്നു നേതാക്കള്‍ അറിയിച്ചത്. എന്നാല്‍ മാരത്തണ്‍ ചര്‍ച്ചകളും പരാജയപ്പെട്ടതോടെ പ്രഖ്യാപനം നീട്ടി. ഇന്ന് തീരുമാനമായേക്കുമെന്നാണ് നേതാക്കള്‍ നല്കുന്ന സൂചന.
സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കുന്നതില്‍ തുടക്കം മുതല്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരുന്നു. മേയറാകാന്‍ അവകാശവാദവുമായി മുതിര്‍ന്ന നേതാക്കളായ പത്മജ വേണുഗോപാലും ലാലി വിന്‍സെന്റും ആദ്യം തന്നെ രംഗത്തെത്തി. ഇത് ഐ ഗ്രൂപ്പിനുള്ളില്‍ വിള്ളലുണ്ടാക്കുകയും ചെയ്തു. ഒടുവില്‍ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് കെപിസിസി വൈസ് പ്രസിഡണ്ടായ ലാലി വിന്‍സെന്റിനെ പിന്തിരിപ്പിച്ചത്. നിയമസഭാ സീറ്റ് ചൂണ്ടിക്കാട്ടി പത്മജ വേണുഗോപാലിനെയും പിന്തിരിപ്പിച്ചിട്ടുണ്ട്. കോര്‍പ്പറേഷനിലേക്ക് മത്സരിക്കേണ്ടെന്ന് പത്മജയും തീരുമാനിച്ചതാണറിയുന്നത്.
ഡപ്യൂട്ടി മേയര്‍ ഭദ്ര, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പെഴ്സണ്‍ സൗമിനി ജയിന് എന്നിവരും മേയര്‍ കസേര മോഹിച്ച് രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഭദ്രക്ക് ഇത്തവണ സീറ്റ് നല്‍കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. മേയര്‍ ടോണി ചമ്മിണിയുമായി കൗണ്‍സിലില്‍ ഏറ്റുമുട്ടിയതാണ് ഭദ്രയുടെ പേര് വെട്ടാന്‍ കാരണം. സൗമിനി ജയിന് സീറ്റ് നല്‍കിയിട്ടുണ്ടെങ്കിലും മേയര്‍ മോഹം വേണ്ടെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഇതിനിടെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പരസ്യമായി രംഗത്തെത്തിയതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം വീണ്ടും കുഴഞ്ഞ് മറിഞ്ഞു. സീറ്റ് മോഹികളുടെ എണ്ണമാണ് മറ്റൊരു തലവേദന. ഒരു സീറ്റിന് അഞ്ചും ആറും പേര് വരെ നോട്ടമിട്ടിട്ടുണ്ട്. ഇതിന് പുറമെ സ്വന്തക്കാര്‍ക്ക് സീറ്റ് ഉറപ്പിക്കാന്‍ നേതാക്കളും സമ്മര്‍ദ്ദമായി രംഗത്തുണ്ട്. കെ.വി. തോമസ് എംപി, ഹൈബി ഈഡന് എംഎല്‍എ, ഡിസിസി പ്രസിഡണ്ട് വി.ജെ. പൗലോസ് ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ, എന്‍. വേണുഗോപാല്‍ എന്നിവര്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് സീറ്റുറപ്പിക്കാന്‍ ആദ്യം മുതല്‍ രംഗത്തുണ്ട്.
കോണ്‍ഗ്രസ് 58, മുസ്ലീം ലീഗ് 7, കേരള കോണ്‍ഗ്രസ് (എം) 4, ജെഡിയു 3, കേരള കോണ്‍ഗ്രസ് ജേക്കബ്, ആര്‍എസ്പി ഒന്നു വീതം എന്നിങ്ങനെയാണു യുഡിഎഫ് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: