ആലപ്പുഴ: സിപിഎമ്മില്‍ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റി വിഎസ് അനുകൂലികളെ വെട്ടിനിരത്തുകയും മറുവശത്ത് അനുനയിപ്പിക്കാനും ഔദ്യോഗികപക്ഷം നടത്തുന്ന കളികള്‍ കാരണം പാര്‍ട്ടിയിലെ വിഭാഗീയത തെരഞ്ഞെടുപ്പ് കാലത്തും മൂര്‍ച്ഛിക്കുന്നു.
നഗരസഭയിലേയ്ക്കും ജില്ലാ പഞ്ചായത്തിലേയ്ക്കും മത്സരിക്കുന്നതിനായി അവസാനവട്ട സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിഎസ്- ഐസക്ക് പക്ഷത്തെ പ്രമുഖനായ ജില്ലാ കമ്മറ്റിയംഗം പി. പി. ചിത്തരഞ്ജന് ഉള്‍പ്പടെയുളളവരെ വെട്ടിയൊതുക്കി.
ഇന്നലെ നടന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് റെയില്‍വേ സ്റ്റേഷന് വാര്‍ഡില്‍ നിന്നും മത്സരിക്കുന്നതിന് തയ്യാറെടുത്ത ചിത്തരഞ്ജന് സ്ഥാനാര്‍ത്ഥിത്വം നല്‍കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതായി അറിയുന്നത്.
സുധാകരന്റെ വിശ്വസ്തനായിരുന്ന എച്ച്. സലാമിനെ പുന്നപ്ര ഡിവിഷനില്‍ നിന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മത്സരിക്കുമെന്ന് പ്രചരണം ശക്തമായിരുന്നു. ആ നീക്കവും വെട്ടിയ ജി. സുധാകരന് മറ്റൊരു കളിയാണ് ഇവിടെ നടത്തിയത്.
വിഎസ്-ഐസക് പക്ഷക്കാരിയെന്ന് അറിയപ്പെടുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരിയുടെ പേരും ഉയര്‍ന്നെങ്കിലും അതും ഒഴിവാക്കി ഔദ്യാഗിക പക്ഷക്കാരനായ ജി. വേണുഗോപാലിനെയാണ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. സുധാകരന് അമ്പലപ്പുഴയിലെ വിഎസ് പക്ഷക്കാരെ പാട്ടിലാക്കാനാണ് സലാമിനെ തളളിയതെന്നാണ് പ്രചരണം. മുന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ചിലര്‍ മത്സരിക്കാന്‍ തയ്യാറെടുത്തുവെങ്കിലും സെക്രട്ടറിയേറ്റ് യോഗം ഇതും തളളിക്കളഞ്ഞു. ആലപ്പുഴ നഗരസഭയിലെ ചെയര്മാന് സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപിച്ചാണ് ചിത്തരഞ്ജന് കരുക്കള്‍ നീക്കിയത്.
ഐസക് പക്ഷക്കാരനായ ചിത്തരഞ്ജന് മത്സരരംഗത്തുണ്ടാകുമെന്ന് അവസാന നിമിഷം വരെയും കരുതിയിരുന്നു. മുന്‍പ് കടുത്ത വിഎസ് പക്ഷക്കാരനും നിലവില്‍ ഔദ്യോഗിക പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്ത ഡി. ലക്ഷ്മണന് മത്സരരംഗത്തുളളത് ചൂണ്ടിക്കാട്ടിയാണ് ചിത്തരഞ്ജനെ ഒഴിവാക്കിയതത്രെ. സെക്രട്ടറിയേറ്റ് യോഗത്തിലെ തീരുമാനങ്ങള്‍ സിപിഎമ്മിനുളളില്‍ വന്‍പൊട്ടിത്തെറിയ്ക്ക് ഇടനല്കിയിരിക്കുകയാണ്. വിഎസുമായി ഇടഞ്ഞു നില്ക്കുന്ന സുധാകരന്റെ നീക്കങ്ങളെ വിഎസ്-ഐസക് പക്ഷം എങ്ങനെ പ്രതിരോധിക്കുമെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: