മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്‌ടോബര്‍ രണ്ടിന് ആലുവയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്മാരക ടൗണ്‍ ഹാളിലെ ജയപ്രകാശ് നാരായണ്‍ നഗറില്‍ ഐതിഹാസികമായ ഒരു സമാഗമം നടക്കുകയുണ്ടായി. നമ്മുടെ സ്വാതന്ത്ര്യ സമ്പാദനത്തിനും ജനായത്ത സമ്പ്രദായ സ്ഥാപനത്തിനും അതിന്റെ അഭംഗുരമായ നിലനില്‍പ്പിനും കാരണക്കാരായ മൂന്നു മഹാത്മാക്കളെ അനുസ്മരിപ്പിക്കുന്നതായിരുന്നു സമ്മേളന സ്ഥലവും സമയവും എല്ലാം.
നാലുപതിറ്റാണ്ടുകള്‍ക്കുമുമ്പ് സ്വാതന്ത്ര്യത്തിനും ജനായത്തത്തിനും നീതിവ്യവസ്ഥയ്‌ക്കും കൂച്ചുവിലങ്ങിട്ടുകൊണ്ട് 1975 ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രാജ്യത്തിന്മേല്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥക്കെതിരെ നടന്ന ചരിത്രപ്രധാനവും ഗാന്ധിയന്‍ മാതൃകയെ കണിശമായി പിന്തുടര്‍ന്നതുമായ സഹന സമരത്തിലെ ധീരരായ പടയാളികളുടെ സംസ്ഥാന കണ്‍വെന്‍ഷനാണ് ആലുവയില്‍ നടന്നത്. അക്കാലത്ത് ജയില്‍വാസമനുഭവിച്ചവരും, മര്‍ദ്ദനമേറ്റവശരായി ഇന്നും നരകയാതനയനുഭവിക്കുന്നവരും ഒളിവില്‍ പ്രവര്‍ത്തിച്ച് സംഘര്‍ഷം നയിച്ചവരുമായ 800 ലേറെ പ്രതിനിധികള്‍ ആ സമാഗമത്തില്‍ പങ്കെടുത്തു.
മരണത്തെ വെല്ലുവിളിച്ച്, ജീവിക്കുന്ന രക്തസാക്ഷികളാണവരില്‍ പലരും. ആലപ്പുഴയില്‍ പ്രചാരകനായിരിക്കെ ആഴ്ചകളോളം പൈശാചികമായ മര്‍ദ്ദനമുറകളേറ്റ് മരണത്തിന്റെ പടിവാതില്‍ക്കലെത്തിയ വൈക്കം ഗോപകുമാറും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരിക്കെ ‘കുരുക്ഷേത്ര’യുടെ വിതരണ ചുമതല നിര്‍വഹിച്ചതിന്റെ പേരില്‍ മര്‍ദ്ദന വിധേയനായി ചാവക്കാട് ലോക്കപ്പില്‍ ആസന്നമരണനായിക്കഴിഞ്ഞിരുന്ന ഭരത് കുമാറും ആലുവയിലെ സമാഗമത്തില്‍ പങ്കെടുത്തിരുന്നു. അങ്ങനത്തെ നൂറുകണക്കിനാളുകളെ അവിടെ കാണാന്‍ സാധിച്ചത് അത്യധികം വികാരനിര്‍ഭരമായി.
ആ സമരത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ തടവുകാരിയെന്ന് പറയാവുന്ന, ഇന്ന് അഭിഭാഷകയായ ഗുരുവായൂരിലെ നിവേദിതയും (പരേതയായ രാധാബാലകൃഷ്ണന്റെ മകള്‍) തൊണ്ണൂറിനോടടുക്കുന്ന തൃശൂരിലെ ജി.മഹാദേവനും സമാഗമത്തിനെത്തിയത് ശ്രദ്ധേയമായി. സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കുന്നതിനും ചുവരെഴുത്തു നടത്തിയതിനും മറ്റുമായി ഒന്നിലേറെത്തവണ കാരാഗൃഹവാസമനുഭവിച്ച പലരേയും കാണാന്‍ കഴിഞ്ഞു. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍നിന്നെത്തിയവരായിരുന്നു അവര്‍.
സംഘത്തിന്റെ പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്‍ ഉദ്ഘാടനം ചെയ്ത കണ്‍വെന്‍ഷനില്‍ അടിയന്തരാവസ്ഥക്കാലത്ത് ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാനാധ്യക്ഷനായിരുന്ന, ഇന്നത്തെ സമുന്നത ബിജെപി നേതാവ് ഒ.രാജഗോപാലും അന്നത്തെ ധാര്‍മിക സംഘര്‍ഷത്തിനായി രൂപീകൃതമായ ലോക സംഘര്‍ഷ സമിതിയുടെ സംസ്ഥാന കണ്‍വീനറായിരുന്ന കെ.രാമന്‍ പിള്ളയും തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും അവതരിപ്പിച്ചു.
നാലുപതിറ്റാണ്ടുകളായിട്ടും അന്നത്തെ മര്‍ദ്ദനത്തിനും മറ്റുതരം പീഡനത്തിനും ഇരകളായി നരകതുല്യജീവിതം നയിക്കുന്നവര്‍ അര്‍ഹമായി പരിഗണിക്കപ്പെടുന്നില്ല എന്ന യാഥാര്‍ത്ഥ്യം അവശേഷിക്കുന്നു. രാജ്യത്ത് ഇന്നുവന്നിട്ടുള്ള രാഷ്‌ട്രീയ പരിവര്‍ത്തനത്തിന്റെ കുളിര്‍കാറ്റിന് കാരണക്കാരായവര്‍ ഇവരാണെന്ന വസ്തുത അംഗീകരിക്കപ്പെടേണ്ടതുണ്ട്. കേരളം, ഭാരതമൊട്ടാകെ നടന്ന പരിവര്‍ത്തനത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയാണല്ലൊ എന്നുമാത്രമല്ല ഇവിടത്തെ ന്യൂനപക്ഷവര്‍ഗീയതയെയും കപടവിപ്ലവപരതയെയും പ്രീണിപ്പിക്കാനായി ചെയ്ത നടപടികള്‍ വിസ്മയകരമാണ്.
മലബാര്‍ ലഹള എന്ന ഓമനപ്പേരിട്ട, ഭാരതം കണ്ട ഏറ്റവും രക്തരൂഷിതവും പൈശാചികത നിറഞ്ഞതും മതഭ്രാന്തിന്റെ താണ്ഡവവുമായിരുന്ന 1921 ലെ കലാപത്തെ സ്വാതന്ത്ര്യസമരമായി കണക്കാക്കി, അതില്‍ പങ്കെടുത്ത് കൂട്ടക്കൊലയ്‌ക്കു നേതൃത്വം നല്‍കിയവരുടെ പിന്മുറക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുണ്ടായിട്ടും ഉത്സാഹമായിരുന്നു.
ഭാരതസ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാകുന്നതിന്റെ പ്രാരംഭമായി അധികാരക്കൈമാറ്റ നടപടികള്‍ക്കുവേണ്ടി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റശേഷം അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ നടന്ന മുറിവിപ്ലവക്കാര്‍ക്കും മറ്റനേകം കലാപകാരികള്‍ക്കും പിന്മുറക്കാര്‍ക്കും ഇടതുഭരണക്കാരും പെന്‍ഷന്‍ നല്‍കുന്നുണ്ട്. മാപ്പിള ലഹളക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചപ്പോള്‍, 1972 ല്‍ സ്വാതന്ത്ര്യസമര ഭടന്‍ എന്നനിലയ്‌ക്കു താമ്രപത്രത്താല്‍ പുരസ്‌കൃതനായ തിരൂരിലെ അഡ്വക്കേറ്റ് കുട്ടിശങ്കരന്‍ നായര്‍, ആലി മുസലിയാര്‍ക്കും വാരിയന്‍കുന്നത്തു കുഞ്ഞഹമ്മദിനും ഒപ്പം തന്നെയും കണക്കാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് താമ്രപത്രവും പെന്‍ഷനും ഉപേക്ഷിക്കാന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു കത്തെഴുതുകയുണ്ടായി. തുടര്‍ന്നു കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ച ആനുകൂല്യങ്ങള്‍ ലീഗ് ‘നേതൃത്വം’ നല്‍കുന്ന കേരള സര്‍ക്കാര്‍ നല്‍കുകയാണ്.
വാസ്തവത്തില്‍ അടിയന്തരാവസ്ഥക്കെതിരെ നടന്ന ജനകീയപ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യസമരം തന്നെയായിരുന്നു. അതില്‍ പങ്കെടുത്ത് മര്‍ദ്ദനവും ജയില്‍വാസവും മറ്റു കഷ്ടപ്പാടുകളും അനുഭവിച്ചവര്‍ക്ക് ജനാധിപത്യവും സ്വാതന്ത്ര്യവും വീണ്ടെടുക്കണമെന്നും മൗലികാവകാശങ്ങള്‍ പുനഃസ്ഥാപിക്കപ്പെടണമെന്നുമല്ലാതെ സ്വാര്‍ത്ഥതയുടെ കണികപോലുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് അടിയന്തരാവസ്ഥക്കുശേഷം 1977 ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാ കോണ്‍ഗ്രസ് നിലംപരിശായശേഷം ഉണ്ടായ രാഷ്‌ട്രീയ സാഹചര്യത്തില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാതെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്വന്തം പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്.
കോണ്‍ഗ്രസ് ഭരണമവസാനിച്ച ചില സംസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥാവിരുദ്ധസമരത്തെ രണ്ടാം സ്വാതന്ത്ര്യസമരമായി അംഗീകരിക്കുകയും അതില്‍ പങ്കെടുത്തവര്‍ക്ക് ചികിത്സാസൗകര്യങ്ങളടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
ആലുവ സമ്മേളനം അടിയന്തരാവസ്ഥക്കെതിരായ സംഘര്‍ഷത്തെ രണ്ടാം സ്വാതന്ത്ര്യസമരമായി അംഗീകരിക്കണമെന്നാവശ്യപ്പെടുന്ന നിവേദനം സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയോടു സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. അനുകൂലമായ സമീപനം കേന്ദ്രഭരണകൂടത്തില്‍ നിന്നും ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സമ്മേളനത്തിന് രണ്ടുദിവസം കഴിഞ്ഞ്, മുന്‍പ് പ്രചാരകനായി പ്രവര്‍ത്തിക്കുകയും അടിയന്തരാവസ്ഥക്കെതിരായ സംഘര്‍ഷത്തില്‍ സജീവപങ്കാളിത്തം വഹിക്കുകയും ചെയ്ത പ്രസാദ് അപ്രതീക്ഷിതമായി വന്നു കാണുകയുണ്ടായി. നൂറുകണക്കിന് പേര്‍ കുറെക്കാലത്തേക്കാണെങ്കിലും പ്രചാരകന്മാരായി പ്രവര്‍ത്തിക്കുകയും പിന്നീട് തിരിച്ചുപോയി സ്വന്തം പ്രവൃത്തികളിലേര്‍പ്പെട്ട് കഴിയുകയും ചെയ്യുന്നവരായുണ്ടെന്നും അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നറിയാന്‍ എന്തെങ്കിലും നടപടി വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലബാറിലെ ആദ്യകാല പ്രചാരകനും പല കാര്യങ്ങളില്‍ അന്യാദൃശമായ സവിശേഷമാതൃകയുമായ ശ്രീ ശങ്കര ശാസ്ത്രി വര്‍ഷങ്ങള്‍ക്കുമുമ്പ് അയച്ച ഒരു കത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നത് അപ്പോള്‍ ഓര്‍മിച്ചു. താന്‍ പരിചയപ്പെട്ടവരെല്ലാവരുമായി ഹൃദയംഗമമായ മമതാബന്ധം നിലനിര്‍ത്തിയ ആളായിരുന്നല്ലൊ ശാസ്ത്രിജി. എത്ര മുന്‍ പ്രചാരകന്മാര്‍ കേരളത്തിലുണ്ട്? അവരിപ്പോള്‍ എന്തു ചെയ്യുന്നു? എങ്ങനെ ജീവിക്കുന്നു എന്നും മറ്റും അന്വേഷിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ ഭാസ്‌കര്‍ റാവുജി അനുസ്മരണദിനത്തില്‍ അതിന് ഒരു അവസരം എല്ലാ വര്‍ഷവുമുണ്ട് എന്നദ്ദേഹത്തെ അറിയിച്ചിരുന്നു.
ആലുവ സമാഗമത്തില്‍ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതെങ്കിലും അതില്‍ പങ്കെടുത്തവരുടെ ചിന്ത മറ്റു വശങ്ങളിലേക്കു കൂടി വ്യാപരിച്ചുവെന്ന സത്യവും ശ്രദ്ധേയമാണ്.
















