നിറങ്ങളെ നിന്‍ നിനവിന്‍
കാന്തികശക്തിയ്‌ക്കു
വിലങ്ങുതീര്‍പ്പാന്‍
കെല്‍പ്പുളളതത്വശാസ്ത്രം
ഈ അവനിയിലില്ലെന്നു
ഞാനറിവൂ…
പച്ചയും മഞ്ഞയും
കാവിയും ചോപ്പും
നീലയും ധവളാദി
വര്‍ണ്ണങ്ങളൊക്കെയും
പ്രപഞ്ചമായിക
ശക്തിയിലല്ലൊ
വന്നുയിര്‍പ്പൂ
ഇക്കാണും
വര്‍ണ്ണക്കൊടികളൊക്കെയും
കരത്തിലേന്തിയിതുതന്‍
നിറമെന്നഹന്തപേറും
മൂഢത്വമേയറിയുക നീ
നിറങ്ങള്‍തന്‍ മരീചിക
തീര്‍ത്തതടവറയില്‍,
അതിവിദൂരമല്ലനേര്‍,
തെളികണ്ണാല്‍ നോക്കു,
പ്രപഞ്ചതലത്തിലുയരു,
കാണാം നിറഭേദമില്ല
ശാന്തിമന്ത്രമുഖരിത
ധവളവര്‍ണ്ണരാജി
ചമയ്‌ക്കുമൊരുലോകം,
ഒരേ താളം ഭാവം
ഒരേരൂപമാമേകലോകം,
ഗാന്ധിയും മാര്‍ക്‌സും
ദയാലുംകണ്ട സ്വപ്നലോകം
അവഗണന വിരഹാശ്രു
അണിയാത്ത ഏകലോകം
ഹരിയും ക്രിസ്തുവും
നബിയും നിര്‍മല
മന്ദസ്മിതംതൂകും
ചാര്‍വാകബുദ്ധ
ജൈനരൊക്കവേ
വിരാടരുപിയായി
നിലകൊളളും ആ
ഏകവര്‍ണ്ണലോകം
കണ്‍കുളിര്‍ക്കെക്കാണാം
മാനവികത
തപസ്സാലുയിര്‍കൊള്ളും
മനസ്സാല്‍ ആ മഹാലോക
കവാടംതുറക്കാം
സത്യം, നിത്യാനന്ദ
സ്വരൂപത്തെപുല്‍കാം.
















