വിളപ്പില്‍ശാല: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാട്ടാക്കട താലൂക്കിലെ ഡിവിഷനുകളില്‍ കണ്ണുവച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഇതോടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ മെനഞ്ഞ് പുതുമുഖങ്ങളും തെരഞ്ഞെടുപ്പ് ഗോദയിലെത്തി തുടങ്ങി. കാട്ടാക്കട താലൂക്കിലെ പള്ളിച്ചല്‍, മലയിന്‍കീഴ്, പൂവച്ചല്‍ ഡിവിഷനുകളിലാണ് നേതാക്കളും പുതുമുഖങ്ങളും തമ്മില്‍ പോരുമുറുകിയത്. ഇതില്‍ പള്ളിച്ചല്‍, മലയിന്‍കീഴ് ഡിവിഷനുകള്‍ വനിതാ സംവരണമാണ്. പൂവച്ചല്‍ മാത്രമാണ് ജനറല്‍ ഡിവിഷനായത്. ഈ മൂന്ന് ഡിവിഷനുകളും നിലവില്‍ കോണ്‍ഗ്രസുകാരുടെ കൈകളിലാണ്.
ഗ്രൂപ്പ് യുദ്ധത്തിലൂടെ രണ്ടര വര്‍ഷം മുന്‍പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി തട്ടിയെടുത്ത അന്‍സജിതാ റസലിന്റെ ഡിവിഷനാണ് പൂവച്ചല്‍. ഇക്കുറി പൂവച്ചല്‍ ജനറല്‍ ഡിവിഷനായതോടെ അന്‍സജിത ജന്മദേശമായ വെള്ളറട ഡിവിഷനില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നറുക്കെടുപ്പില്‍ വെള്ളറട പട്ടികജാതി സംവരണ ഡിവിഷന് ആയതോടെ അന്‍സജിത പള്ളിച്ചലിനായി പിടിമുറുക്കി. പള്ളിച്ചലിലേക്ക് മുന്‍ വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റിന്റെ സഹോദരിയുമായ ശോഭനകുമാരിയെ മത്സരിപ്പിക്കാന്‍ പ്രാദേശിക നേതൃത്വം ചരടുവലി തുടങ്ങി. ഇതേ സീറ്റിനായി വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ലാലിയും രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും ജില്ലാ ഡിവിഷനില്‍ പുതുമുഖങ്ങളാണ്.
മലയിന്‍കീഴ് വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഐ ഗ്രൂപ്പിന്റെ കുത്തക സീറ്റാണ്. ഗ്രൂപ്പ് ധാരണ ഉണ്ടയിട്ടും മലയിന്‍കീഴ് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ വിവാദങ്ങള്‍ക്ക് വഴിവച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഐ ഗ്രൂപ്പിന്റെ ശക്തയായ വക്താവുമായ രമകുമാരിയെയാണ് ഐ വിഭാഗം ഇവിടെ പരിഗണിക്കുന്നത്. മലയിന്‍കീഴില്‍ രമകുമാരിയെക്കാള് ജനസമ്മതി തനിക്കാണെന്നും അതുകൊണ്ട് സീറ്റ് തനിക്ക് വേണമെന്നുമാണ് നിലവിലെ മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റും എ ഗ്രൂപ്പുകാരിയുമായ അനിതകുമാരിയുടെ വാദം. മൂന്നു ഡിവിഷനുകളില്‍ രണ്ടും കൈയടക്കി വച്ചിരിക്കുന്ന എ ഗ്രൂപ്പിന് ആകെയുള്ള ഒരു സീറ്റ് വിട്ടു നല്‍കില്ലെന്ന നിലപാടിലാണ് ഐ വിഭാഗം.
പള്ളിച്ചല്‍ വനിതകള്‍ക്കായി നീക്കിവച്ചതോടെ സീറ്റ് നഷ്ടമായ നിലവിലെ ജില്ലാ പഞ്ചായത്തംഗം എം.ആര് ബൈജുവിന് പൂവച്ചല്‍ ഡിവിഷന് നല്‍കണമെന്നതാണ് പ്രാദേശിക ഘടകത്തിന്റെ ആവശ്യം. സ്പീക്കര്‍ എന്‍.ശക്തന്റെ വിശ്വസ്തനായ ബൈജുവിന് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുമുണ്ട്. സിഎസ്ഐ ഉള്‍പ്പെടെയുള്ള ചില സാമുദായിക സംഘടനകളും ബൈജുവിനായി അണിയറ നീക്കം നടത്തുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.മണികണ്ഠനും പൂവച്ചല്‍ ഡിവിഷനുവേണ്ടി കരുനീക്കം നടത്തുന്നു എന്നതും ശ്രദ്ധേയമാണ്. നിലവില്‍ മണികണ്ഠന് ബ്ലോക്ക് പഞ്ചായത്തിലേക്ക് അനുയോജ്യമായ സീറ്റ് ഇല്ല. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും ഇപ്പോഴത്തെ മലയിന്‍കീഴ് ഡിവിഷന് അംഗവുമായ മലയിന്‍കീഴ് വേണുഗോപാലും പൂവച്ചലിനു വേണ്ടി ശ്രമിക്കുന്നുണ്ട്.
പുതുമുഖങ്ങള്‍ക്ക് അവസരം നിക്ഷേധിച്ച് സ്ഥിരമായി നേതൃത്വ നിരയിലുള്ളവര്‍ക്ക് അവസരം നല്‍കുന്നതിനോട് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുണ്ട്. സീറ്റ് നിഷേധിച്ചാല്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ കളത്തിലിറങ്ങുമെന്ന സൂചനകളാണ് വിമത വിഭാഗങ്ങളില്‍ നിന്നുയരുന്നത്.
്
പ്രതികരിക്കാൻ ഇവിടെ എഴുതുക: