കെ.കെ.പത്മനാഭന്
കാസര്‍കോട്: അണികളുടെ കൊഴിഞ്ഞ് പോക്കും, ആരംഭിച്ച പല സമരങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയാതെയും ത്രിശങ്കു സ്വര്‍ഗ്ഗത്തിലകപ്പെട്ട അവസ്ഥയിലാണ് ജില്ലയിലെ ഇടത് വലത് മുന്നണികള്‍. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴികള്‍ തേടി നേട്ടോട്ടം പായുന്ന സാഹര്യത്തിലാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതെന്നത് ഇരുമുന്നണികളെയും പ്രതിസന്ധിയിലാക്കുന്നു. ജില്ലയുടെ അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ ഇടത്വലത് മുന്നണികള്‍ പരാജയപ്പെട്ട് കിടക്കുന്ന അന്തരീക്ഷത്തില്‍ വീണ്ടും എങ്ങനെ വോട്ടര്‍മാരെ നേരിടുമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് അവര്‍.
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതും, നിരവധി കേന്ദ്ര പദ്ധതികള്‍ ജില്ലയ്ക്കായി പ്രഖ്യപിക്കപ്പെട്ടതിന്റെയും ഉത്സവാന്തരീക്ഷത്തില്‍ ആത്മ വീര്യത്തോടെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ബിജെപി. മണ്ഡലം തല രാഷ്ട്രീയ പരിവര്‍ത്തന യാത്രകള്‍ക്ക് ലഭിച്ച ജനപിന്തുണ അവരുടെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ഇടത് ചെങ്കോട്ടകളെന്ന് അറിപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് വന്‍ തോതില്‍ ബിജെപിയിലേക്കുള്ള ഒഴുക്ക് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ലഭിക്കാന്‍ പോകുന്ന തിരിച്ചടികളുടെ സൂചനകളാണ്. അത് മണത്തറിഞ്ഞ് സിപിഎം ജില്ലയുടെ പലഭാഗങ്ങളിലും വ്യാപകമായ അക്രമണങ്ങള്‍ അഴിച്ച് വിട്ട് അത് ബിജെപിയുടെ മേല്‍ ആരോപിച്ച് അണികളെ പിടിച്ച് നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടിരിക്കുകയാണ്.
റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് വരെ ജില്ലയുടെ ഭരണം കൈയ്യാളിയ ഇടത് വലത് മുന്നണികള്‍ക്ക് കഴിഞ്ഞിട്ടില്ല. തീരപ്രദേശത്താണെങ്കില്‍ ഉപ്പ് വെള്ളം കടലാക്രമണം തുടങ്ങിയ കാര്യങ്ങളിലും, മലയോരത്ത് വ്യാപകമായ രീതിയില്‍ വന്യമൃഗങ്ങളുടെ അക്രമണത്താലുണ്ടായ കൃഷിനാശങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലും, ടൂറിസം, വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലും ആശാവഹമായ പുരോഗതി കൈവരിക്കാന്‍ ഇടത് വലത് മുന്നണികളുടെ ഭരണത്തിന് സാധിച്ചിട്ടില്ല.
ടൂറിസം വികസനത്തിനായി രൂപീകരിക്കപ്പെട്ട ബിആര്ഡിസിയാകട്ടെ അവര്‍ക്ക് ലഭിക്കുന്ന ഫണ്ടുകള്‍ ധൂര്‍ത്തടിച്ച് കളയുകയാണെന്ന ആരോപണമുണ്ട്. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ ജില്ലയിലെ വിനോദ സഞ്ചാര മേഖലകള്‍ ഇന്ന് അടച്ച് പൂട്ടല്‍ ഭീഷണിയിലാണ്. കാരണം നല്ല റോഡുകള്‍ ഇല്ലാത്തതിനാല്‍ ജില്ലയിലേക്ക് വരാന്‍ ടൂറിസ്റ്റുകള്‍ മടിച്ച് നില്ക്കുന്നു. ജില്ലാ താലൂക്ക് ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന കാര്യത്തിലും കാസര്‍കോടിനായി പ്രഖ്യാപിക്കപ്പെട്ട മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിലും ഇരുമുന്നണികളും അലംഭാവം കാണിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ആസ്വാസമാകുമെന്ന് പറഞ്ഞ് പ്രഖ്യാപിക്കപ്പെട്ട ജില്ലയുടെ ചിരകാലാഭിലാഷമായ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതില്‍ ഇടത്വലത് മുന്നണികള്‍ രാഷ്ട്രീയം കളിക്കുന്നതിലൂടെ ദുരിതമനുഭവിക്കുകയാണ് സാധാരണക്കാര്‍. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യപിച്ച സീറോ ലാന്റ്, സാമൂഹ്യ പെന്‍ഷനുകള്‍, ചികിത്സാ തുടങ്ങിയ പല പദ്ധതികളും നടപ്പാക്കുന്ന കര്യത്തില്‍ അവര്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പല കോഴ്സുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള സ്ഥാപനങ്ങളില്ലാത്തതിനാല്‍ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. കാരണം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആവശ്യമായ കോഴ്സുകളോ, ഉള്ള കോഴ്സുകളില്‍ തന്നെ സീറ്റുകളും കുറവാണ്. ജില്ലയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പോകുന്നത് മംഗലാപുരം സുള്ള്യ ഭാഗങ്ങളിലേക്കാണ്. കെ.എസ്.ആര്.ടി.സി. ബസ്സുകള്‍ക്ക് പാസ്സ് അനുവദിക്കാത്തതിനാല്‍ തന്നെ ട്രെയിനുകളില്‍ തൂങ്ങിപ്പിടിച്ച് അപകടകരമായ അവസ്ഥയിലാണ് കുട്ടികള്‍ ദിവസവും യാത്ര ചെയ്യുന്നത്.
മലയോരത്തെ കാര്‍ഷിക മേഖലയില്‍ പ്രകൃതി ദുരന്തങ്ങളും വന്യ മൃഗങ്ങളുടെ അക്രമണങ്ങളും കര്‍ഷകരെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് പ്രഖ്യപിക്കപ്പെട്ട ലക്ഷക്കണക്കിന് രൂപയുടെ നഷ്ടപരിഹാര തുകകള്‍ ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. മത്സ്യത്തൊളിലാളികള്‍ക്കായി അനുവദിക്കപ്പെട്ട പല കടാശ്വാസങ്ങളും ഇന്നും പ്രഖ്യാപനങ്ങളില്‍ മാത്രമായി അവശേഷിക്കുകയാണ്. സുനാമി ഫ്ളാറ്റുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ കാസര്‍കോട് നഗരസഭ രാഷ്ട്രീയം കളിച്ചത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. കടലാക്രമണ പ്രദേശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മ്മാണത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഇടത് വലത് മുന്നണികള്‍ നടത്തിയത്. അതിന് ചുക്കാന്‍ പിടിക്കുന്നത് ലീഗിന്റെ പ്രമുഖരായ നേതാക്കന്മാരാണ്. കാസര്‍കോട് കോട്ട, മാങ്ങാട് ബാലകൃഷ്ണന് വധം, അഭിലാഷ് വധം, യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ബാലകൃഷ്ണന് വധം, തുടങ്ങിയ സാമൂഹ്യ വിഷയങ്ങളില്‍ ഇടത്വലത് മുന്നണികള്‍ ആരംഭിച്ച സമരങ്ങള്‍ ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി മുങ്ങി പോകുന്ന കാഴ്ചയാണ് സമീപ കാലത്ത് ജില്ല കണ്ടത്. യൂത്ത് കോണ്‍ഗ്രസ്സ് നേതാവായിരുന്ന കാസര്‍കോട് ബാലകൃഷ്ണന് വധക്കേസില്‍ അന്ന് ലീഗാണ് പ്രതിക്കൂട്ടിലായതെങ്കില്‍ ഇന്ന് യൂത്ത് കോണ്‍ഗ്രസ്സ് നേതാവായിരുന്ന ഷിബുവിന്റെ വെളിപ്പെടുത്തിന്റെ പശ്ചാത്തലത്തില്‍ മാങ്ങാട് ബാലകൃഷ്ണന് വധത്തില്‍ ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വം പ്രതികൂട്ടിലായിരിക്കുകയാണ്.
കാസര്‍കോട് കലാപത്തില്‍ ലീഗിനുള്ള പങ്ക് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യപിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിര്‍വ്വീര്യമാക്കുകയായിരുന്നു ലീഗ് നേതൃത്വം. അന്ന് എതിര്‍ത്ത് ഒരു വാക്ക് പോലും മിണ്ടാന്‍ പ്രതിപക്ഷത്തായിരുന്ന ഇടത് മുന്നണി നേതൃത്വം തയ്യാറായില്ല. എസ്ഡിപിഐ പോലുള്ള വിവാദ സംഘടനകളെ കൂട്ടുപിടിച്ച് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് സിപിഎമ്മും കോണ്‍ഗ്രസ്സും. ലീഗ് നേതൃത്വവും ഇതില്‍ ഒട്ടും പുറകിലല്ല. ജില്ലയുടെ വടക്കന്‍ ഭാഗങ്ങളില്‍ ഇത്തരത്തില്‍ കോമാളി സഖ്യങ്ങള്‍ രുപീകരിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തുമ്പോള്‍ സത്യത്തില്‍ ജില്ലയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന വികസന മുരടിപ്പ് തുടരുകയാണ്. വിവാദമായ കേസുകളില്‍ ലീഗിന്റെയും സിപിഎമ്മിന്റെയും പ്രാദേശിക നേതൃത്വങ്ങളിലുള്ളവര്‍ പിടിക്കപ്പെടുമെന്ന ഘട്ടം വരുമ്പോള്‍ തേച്ച് മായിച്ച് കളയുന്ന ചരിത്രമാണ് ഇടത് വലത് മുന്നണികളുടെ ഭരണം കൊണ്ട് സംഭവിച്ചിരിക്കുന്നത്. അടിമുടി അഴിമതികളിലും, വിവാദങ്ങളിലും പെട്ട ഇടത്വലത് മുന്നണികളുടെ നേര്‍ക്കുള്ള ചരിത്രപരമായ വിധിയെഴുത്തായിരിക്കും ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വികസനോന്മുഖമായ പാതയിലൂടെ ജില്ലയെ രാജ്യത്തനൊപ്പം കൈപിടിച്ച് നടത്തുവാന്‍ ബിജെപി അധികാരത്തില്‍ വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ബേഡഡുക്ക, പീലിക്കോട്, കയ്യൂര്‍ ചീമേനി, കോടോം ബേളൂര്‍ തുടങ്ങി ഇടത്വലത് മുന്നണികള്‍ ഭരിക്കുന്ന പഞ്ചായത്തുകളില്‍ നിര്‍ണ്ണായക ശക്തിയായി ബിജെപി മാറി കഴിഞ്ഞിരിക്കുന്നു. അതാണ് മണ്ഡലം തല രാഷ്ട്രീയ പരിവര്‍ത്തന യാത്രയ്ക്ക് ജനങ്ങള്‍ നല്കിയ സ്വീകാര്യത തെളിയിക്കുന്നതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: