അജി ബുധന്നൂര്‍
തിരുവനന്തപുരം: വിളപ്പില്‍ശാല ചവര്‍ സംസ്ക്കരണ ഫാക്ടറി, പൈപ്പ് കമ്പോസ്റ്റ്, കിച്ചണ്‍ ബിന്‍, ബയോഗ്യാസ് പ്ലാന്റ്, പ്രിയം എയറോ ബിന്നുകള്‍. മാലിന്യ സംസ്കരണത്തിന് നഗരസഭയുടെ എത്രയെത്ര സുന്ദര പദ്ധതികള്‍ ഒടുവില്‍ സിനിമാ ഡയലോഗുപോലെ പാവനാഴിയും ശവമായി….. കോടികള്‍ തുലച്ചതല്ലാതെ വെളുക്കാന്‍ തേച്ചത് പാണ്ടായതുപോലെയായി തിരുവനന്തപുരം നഗരസഭയുടെ മാലിന്യ സംസ്ക്കരണപദ്ധതികള്‍ .
1988- ല്‍ വി. ശിവന്‍കുട്ടി എംഎല്‍എ മേയറായിരുന്നപ്പോഴായിരുന്നു മാലിന്യ സംസ്ക്കരണത്തിന് പുതിയ പദ്ധതി തയ്യാറാക്കാനുള്ള ശ്രമം തുടങ്ങിയത്. അതുവരെ ചെങ്കല്‍ചൂള കോളനിയിലായിരുന്നു നഗര മാലിന്യം നിക്ഷേപിച്ചിരുന്നത്. കോളനി നിവാസികള്‍ പ്രതിഷേധവുമായി രംഗത്തു വന്നതോടെയാണ് പുതിയ പദ്ധതിയെ കുറിച്ച് നഗരസഭ ചിന്തിച്ചത്. തിരുവനന്തപുരം നഗരത്തിന് ഉതകുന്ന തരത്തിലുള്ള പദ്ധതി തയ്യാറാക്കുന്നതിനായി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങിളിലും സഞ്ചരിച്ചു. ഒടുവില്‍ വിജയവാഡയിലെ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലവും മുതല്‍മുടക്കിനുള്ള തുകയും നഗരസഭയുടെ കൈവശം ഉണ്ടായിരുന്നില്ല. പണത്തിനായി അന്നത്തെ സംസ്ഥാന ഭരണ നേതൃത്വത്തെ നഗരസഭ സമീപിച്ചു.
കെ.കരുണാകരനായിരുന്നു മുഖ്യമന്ത്രി. അന്നത്തെ ജില്ലാ കളക്ടര്‍ നിവേദിതാ പി.ഹരന് പ്ലാന്റ് നിര്‍മ്മാണത്തിനുള്ള സ്ഥലം കണ്ടെത്താന്‍ കെ. കരുണാകരന് നിര്‍ദ്ദേശം നല്കി. അങ്ങനെയാണ് വിളപ്പില്‍ശാലക്ക് നറുക്ക് വീണത്. നാല്‍പ്പത്തി ഏഴര സെന്റ് പൊന്നുംവിലയ്ക്ക് എടുത്ത് നഗരസഭയ്ക്കു നല്‍കുകയായിരുന്നു. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള തുക നഗരസഭക്ക് ഇല്ലാത്തതിനാല്‍ പോപ്സണ് കമ്പനിക്ക് നറുക്ക് വീണു. ദിനം പ്രതി 35 ടണ്‍ മാലിന്യം വിളപ്പില്‍ശാലയില്‍ നഗരസഭ എത്തിച്ചു കൊടുക്കണം എന്നായിരുന്നു കമ്പനിയുമായുള്ള കരാര്‍. നഗരസഭയുടെ കെടുകാര്യസ്ഥതകൊ മാലിന്യം യഥാ സമയം എത്തിക്കാനായില്ല. ഒടുവില്‍ നഗരസഭ കരാര്‍ ലംഘിച്ചു എന്നുകാണിച്ച് കമ്പനി ലക്ഷങ്ങളുടെ നഷ്ടം ആവശ്യപ്പെട്ട് നിയമനടപടികളിലേക്ക് നീങ്ങി. ഒടുവില്‍ ചവര്‍ സംസ്ക്കരണ കമ്പനി നഗരസഭ ഏറ്റെടുക്കുകയായിരുന്നു. കമ്പനി നടത്തിപ്പിലെ കെടുകാര്യസ്ഥത വിളപ്പില്‍ നിവാസികളെ സമരത്തിലേക്ക് നയിക്കുകയും തുടര്‍ന്ന് കമ്പനി അടച്ചുപൂട്ടുകയും ചെയ്തു. കമ്പനിക്കു വേണ്ടി ചിലവഴിച്ച കോടികളും കേസിനുവേണ്ടി ചിലവഴിച്ച ലക്ഷങ്ങളും വെള്ളത്തിലായി.
മാലിന്യപ്രശ്നം നഗരസഭ ഭരണസമിതിയുടെ ഉറക്കം കെടുത്തി തുടങ്ങിയതോടെ വീണ്ടും ലക്ഷങ്ങളുടെ പുതിയ പദ്ധതികള്‍ വന്നു. നഗരാസൂത്രണ വകുപ്പ് 19.21 കോടി ചെലവഴിച്ച് ഗുജറാത്തില്‍ നിന്നും മൊബൈല്‍ ഇന്‍സിലേറ്റര്‍ എത്തിച്ചു. ഇന്‍സിലേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ദിനം പ്രതി 5000 രൂപയുടെ ഇന്ധനം വേണം. നഷ്ട കച്ചവടമാണെന്ന് മനസ്സിലാക്കിയതോടെ മൊബൈല്‍ ഇന്‍സിലേറ്ററിനെ തിരൂര്‍ നഗരസഭയിലേക്ക് കടത്തുകയായിരുന്നു. നഗരസഭയുടെ അടുത്ത സാമ്പിള്‍ വെടിക്കെട്ട്. ശുചിത്വ മിഷന്റെ പൈപ്പ് കമ്പോസ്റ്റ് പദ്ധതി. 90 രൂപ ഉപഭോക്താവിന്റെ പക്കല്‍ നിന്നും ഈടാക്കി വീടു വീടാന്തിരം പൈപ്പുകള്‍ സ്ഥാപിച്ചു. ശരിയായ ബോധ വത്ക്കരണം നടത്താത്തിനാല്‍ പദ്ധതി പാളി. അന്ന് സ്ഥാപിച്ച പൈപ്പുകള്‍ ഇന്ന് എലിക്കും മറ്റും വാസസ്ഥലമായി മാറിയിരിക്കുകയാണ്. അവിടെയും ലക്ഷങ്ങള്‍ നഗരസഭക്ക് പാഴായതല്ലാതെ നേട്ടം ഉണ്ടാക്കിയത് പൈപ്പ് കമ്പനിയും.
വീണ്ടും ഗവേഷണം നടത്തിയപ്പോള്‍ കണ്ടെത്തിയതായിരുന്നു ബയോഗ്യാസ് പ്ലാന്റുകള്‍. 80 ശതമാനം സബ്സിഡിയോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയത്. നഗരസഭാപരിധിയില്‍ പതിനാറോളം സ്ഥലങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചു. പ്ലാന്റുകളില്‍ സംസ്ക്കരിച്ച മാലിന്യ അവശിഷ്ടം നീക്കം ചെയ്യാതെ പുഴുവരിച്ചതോടെ സമീപ വാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ബയോഗ്യാസ് പ്ലാന്റുകളും അടച്ചുപൂട്ടി. ലക്ഷങ്ങള്‍ ചെലവഴിച്ച് നടപ്പിലാക്കിയ യന്ത്ര സാമഗ്രഹികള്‍ ഇരുമ്പ് വിലക്ക് തൂക്കി വില്ക്കാന് പാകത്തില്‍ കിടക്കുകയാണിപ്പോള്‍. പദ്ധതികള്‍ തുടരെ തുടരെ പാളിയപ്പോള്‍ സിപിഎം ബുദ്ധിജീവികള്‍ ഇടപെട്ട് ഗവേഷണം ആരംഭിച്ചു. സംസ്ഥാന കേന്ദ്ര നേതാക്കളെയായിരുന്നു ഇതിനു ചുമതലപ്പെടുത്തിയത്. ഒടുവില്‍ ആലപ്പുഴയില്‍ നടപ്പിലാക്കിയ പദ്ധതി കൊള്ളാം. കൗണ്‍സില്‍ കാലാവധി തീരും മുമ്പ് നടപ്പിലാക്കണം. വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ചെല്ലുമ്പോള്‍ എടുത്ത് പറയാന്‍ പറ്റുന്ന പദ്ധതി. മാലിന്യ സംസ്ക്കരണത്തിന് തോമസ് ഐസക്കിന്റെ പ്രിയം പദ്ധതി. പ്രത്യേക കൂടാരം തയ്യാറാക്കി മാലിങ്ങള്‍ അവിടെ നിക്ഷേപിക്കണം. ഉണക്ക ഇലകള്‍ ഇതുനു മീതെ ഇട്ട ശേഷം പ്രത്യേക ലായിനി ഉപയോഗിച്ച് വളമാക്കും. മാലിന്യം നിക്ഷേപിച്ചു പക്ഷെ വളമായില്ല ബുദ്ധിജീവികള്‍ കണ്ടുപിടിച്ച പദ്ധതിയും പാളി. ആകെ ആശ്വാസം ഒരു കൂട്ടര്‍ക്ക് .തെരുവുനായ്ക്കള്‍ക്ക്.സൂഖമായി ഉറങ്ങാം. തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിനാല്‍ മാലിന്യ പ്രശ്നത്തിന് പുതിയ ഗവേഷണം നടത്താന്‍ മേയര്‍ക്കും സംഘത്തിനുമായില്ല. അല്ലായിരുന്നെങ്കില്‍ കുറച്ച് കോടികള്‍ കൂടി ചെലവഴിച്ച് മാലിന്യ സംസ്ക്കരണ പദ്ധതിക്ക് തുക ചെലവഴിക്കുന്ന ഗിന്നസ് റിക്കാര്‍ഡ് ആക്കിയേനേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: