തളിപ്പറമ്പ: പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസുകാരെ പ്രതിയും ഭാര്യയും വീട്ടുകാരും ചേര്‍ന്ന് ആക്രമിച്ചു. അഡീ. എസ്.ഐ ഉള്‍പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 5.30 ഓടെ തളിപ്പറമ്പ് ഉണ്ടപ്പറമ്പിലായിരുന്നു സംഭവം.
കഴിഞ്ഞ ഫെബ്രവരിയില്‍ കോരന്‍പീടികയില്‍ പോലീസിനെ അക്രമിച്ച കേസിലെ പ്രതിയാണ് കോരന്‍പീടിക സ്വദേശിയായ റിവാജ്. എടക്കാട്ടെ ഒരു വാഹനം വാടകക്കെടുത്ത് മറിച്ച് വിറ്റതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ എത്തിയ പോലീസുകാരാണ് അന്ന് അക്രമിക്കപ്പെട്ടത്. എസ്.പിയുടെ ഷാഡോ പോലീസിലെ ജാബിന് ഉള്‍പെടെയുള്ള പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഈ കേസില്‍ വാറണ്ട് പ്രതിയാണ് റിവാജ്. തളിപ്പറമ്പ് പോലീസിന്റെ സഹായത്തോടെ ഇന്നലെ പുലര്‍ച്ചെ ഉണ്ടപ്പറമ്പിലെ ഭാര്യവീട്ടില്‍ പിടികൂടാന്‍ എത്തിയതായിരുന്നു പരിയാരം പോലസ്. പരിയാരം പ്രിന്‍സിപ്പല്‍ എസ്.ഐ ബിജു പ്രകാശിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘത്തിന് നേരെയായിരുന്നു അക്രമം. പരിയാരം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സഹദേവന്(35),ഡ്രൈവര്‍ ടി.പി രഞ്ചിത്ത് (36), തളിപ്പറമ്പ് അഡീഷണല്‍ എസ്ഐ പ്രദീപന് എന്നിവര്‍ക്കാര്‍ണ് അക്രമത്തില്‍ പരുക്കേറ്റത്. പരുക്കേറ്റ സഹദേവനെയും രഞ്ചിത്തിനെയും ആദ്യം തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രയിലേക്ക് മാറ്റിയിരുന്നെങ്കിലും കൈക്ക് പരിക്കേറ്റ സഹദേവനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കാന്‍ പിന്നീട് കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലേക്ക് മാറ്റി.
റിവാജിനെ കൂടാതെ ഇയാളുടെ ഭാര്യയുടെ മാതാപിതാക്കളും സഹോദരനും, അക്രമത്തില്‍ പങ്കാളികളാണെന്ന് പോലീസ് പറയുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച റിവാജിനെ ബലം പ്രയോഗിച്ച് പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു. ഇന്നലെ ഉച്ചയോടെ റിവാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ തളിപ്പറമ്പിലെ അംബിക ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണ്ണം തട്ടിയ കേസിലെ പ്രതിയാണ് റിവാജ്. ഇതിന് പുറമെ റിവാജിന് മേല്‍ കാപ്പയും ചുമത്തിയിരുന്നു. കാപ്പ നിയമം ലംഘിച്ച കേസിലും ഇപ്പോള്‍ പ്രതിയാണ് റിവാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: